കണ്ണൂർ: പ്രിയാ വർഗീസിന്റെ നിയമനം മരവിപ്പിച്ച ഗവർണറുടെ ഉത്തരവിനെതിരെ കണ്ണൂർ വൈസ് ചാൻസലറും പ്രിയ വർഗീസും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ചാൻസലറാണ് കേസിൽ എതിർകക്ഷി. പ്രിയ വർഗീസ് ഇന്ന് കോടതിയിൽ ഹർജി സമർപ്പിക്കുമെന്നാണ് സൂചന. നിയമനവുമായി ബന്ധപ്പെട്ടുള്ള ചാൻസലറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരിക്കും ഹർജി സമർപ്പിക്കുന്നത്.
സ്റ്റേ ചെയ്യുന്നതിന് മുൻപ് വിശദീകരണ നോട്ടീസ് നൽകിയില്ലെന്നും സർവകലാശാല ചട്ടങ്ങളിൽ ഗവർണറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിയെന്നുമാണ് സർവകലാശാല മുന്നോട്ടുവയ്ക്കുന്ന വാദം. ഗവർണറുടെ നടപടി ചട്ടലംഘനമാണെന്ന് സിൻഡിക്കേറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രിയാ വർഗീസിനെ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകാനുള്ള നടപടികൾ സ്റ്റേ ചെയ്ത ഗവർണറുടെ ഉത്തരവ് നിലനിൽക്കില്ലെന്ന് കണ്ണൂർ സർവകലാശാല വിസിക്ക് നിയമോപദേശം ലഭിച്ചിരുന്നു. വിസിക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകാതെയാണ് ഗവർണർ ഉത്തരവു പുറപ്പെടുവിച്ചത്. ഇതു നിയമവിധേയമല്ലെന്നാണു നിയമോപദേശം. ഗവർണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് തീരുമാനിച്ചിരുന്നു. ഗവർണർക്ക് വഴങ്ങേണ്ടതില്ലെന്ന് അടിയന്തര സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനമാവുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |