ന്യൂയോർക്ക് : ഏതാണ്ട് 36 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്നവയാണ് മെഗലഡോൺ ( ഒറ്റോഡസ് മെഗലഡോൺ ) സ്രാവുകൾ. അറുപതടിയോളം നീളവും മൂർച്ചയേറിയ പല്ലുകളോടും കൂടിയ ഈ രാക്ഷസൻ സ്രാവുകൾ തിമിംഗലങ്ങളെ പോലും വിറപ്പിച്ചിരുന്നു.
ഇപ്പോഴിതാ മെഗലഡോണുകളെ സംബന്ധിച്ച മറ്റൊരു ഞെട്ടിക്കുന്ന വിവരവും ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. ഇന്നത്തെ ഓർക്കകൾ അഥവാ കൊലയാളിത്തിമിംഗലങ്ങളെയൊക്കെ വെറും അഞ്ച് കടിയ്ക്ക് മെഗലഡോണുകൾക്ക് അകത്താക്കാൻ കഴിയുമായിരുന്നത്രെ.! ശാസ്ത്ര ജേർണലായ സയൻസ് അഡ്വാൻസസിലെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്നുള്ള എല്ലാ സ്രാവുകളെക്കാളും വേഗത്തിൽ സഞ്ചരിക്കാൻ മെഗലഡോണുകൾക്ക് കഴിഞ്ഞിരുന്നുവെന്നും ഗവേഷകർ പറയുന്നു.
ഇന്ന് സമുദ്രത്തിലെ ഏറ്റവും അപകടകാരിയായ വേട്ടക്കാരാണ് ഗ്രേറ്റ് വൈറ്റ് ഷാർകുകളെ പോലും തങ്ങളുടെ മൂർച്ചയേറിയ പല്ലുകൊണ്ട് കൊല്ലുന്ന ഓർക്കകൾ. ശരിക്കും ഡോൾഫിന്റെ കുടുംബത്തിൽപ്പെട്ടവയാണ് ഇക്കൂട്ടർ.
സാങ്കേതികവിദ്യയുടെ സഹായത്തോടെ മെഗലഡോണിന്റെ ശരീരം മുഴുവനായി റീകൺസ്ട്രക്ഷന് വിധേയമാക്കി നടത്തിയ പഠനത്തിൽ നിന്നാണ് ഗവേഷകർ ഇക്കാര്യം കണ്ടെത്തിയത്. ഫോസിലുകളുടെ സഹായത്താൽ മെഗലഡോണിന്റെ 3D മോഡൽ നിർമ്മിച്ചു. മാക്കറെൽ ഷാർക്കുകളുടെ കുടുംബത്തിൽപ്പെട്ട മെഗലഡോണുകളുടെ കുഞ്ഞുങ്ങൾക്ക് തന്നെ ജനിക്കുമ്പോൾ ഏതാണ്ട് ആറടിയോളം നീളം വരുമെന്നാണ് ഗവേഷകരുടെ നിഗമനം.
സമുദ്രത്തിൽ മെഗലഡോണുകൾക്ക് എതിരാളികളില്ലായിരുന്നു. ചെറിയ തിമിംഗലങ്ങളെ വരെ മെഗലഡോണുകൾ സ്ഥിരമായി ഭക്ഷിച്ചിരുന്നു എന്ന് മുമ്പ് കണ്ടെത്തിയിട്ടുണ്ട്. ഒമ്പതടിയിലേറെ വ്യാസമുണ്ടായിരുന്ന ഇവയുടെ വായ്ക്കുള്ളിൽ 276 പല്ലുകളുണ്ടായിരുന്നു. 17.8 സെ.മീ വരെ ഒരു പല്ലിന് നീളമുണ്ടായിരുന്നു.
ഇന്നത്തെ സ്പേം തിമിംഗലങ്ങളുടെ പൂർവികരായിരുന്ന ലെവിയേത്തൻ മെൽവില്ലെയ് എന്ന ഭീമൻ തിമിംഗലങ്ങളെ വരെ മെഗലഡോണുകൾ അകത്താക്കിയിരുന്നിരുന്നതായും കരുതുന്നു. മയോസീൻ - പ്ലൈയോസീൻ കാലഘട്ടത്തിലാണ് മെഗലഡോണുകൾക്ക് വംശനാശം സംഭവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |