കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിൽ വിവാദ പരാമർശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാർ ഉൾപ്പെടെ നാല് ജില്ലാ ജഡ്ജിമാർക്ക് സ്ഥലംമാറ്റം. ഇതു സംബന്ധിച്ച ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി
എസ്. കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസറായാണ് നിയമിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലാ ജഡ്ജിയായി മഞ്ചേരി ജില്ലാ ജഡ്ജി എസ് . മുരളീകൃഷ്ണനെ നിയമിച്ചു. എറണാകുളം അഡി. ജില്ലാ ജഡ്ജിയായിരുന്ന സി. പ്രദീപ് കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും കൊല്ലം ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസറായിരുന്ന ഡോ. സി. എസ്. മോഹിത്തിനെ എറണാകുളം ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസറായും മാറ്റി നിയമിച്ചു.
സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിൽ കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന പരാമർശം ഏറെ വിവാദമായിരുന്നു. സിവിക് ചന്ദ്രനെതിരായ രണ്ട് ലൈംഗികാതിക്രമ കേസുകളിലും മുൻകൂർജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജികൾ ഇന്ന് പരിഗണിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |