SignIn
Kerala Kaumudi Online
Thursday, 19 September 2024 6.49 PM IST

നല്ല തീരുമാനം

Increase Font Size Decrease Font Size Print Page

gender-neutral-uniform

ആൺ - പെൺ സമത്വത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ ഇരുവിഭാഗത്തിനും ഒരേ യൂണിഫോം ഏർപ്പെടുത്താനുള്ള നിർദ്ദേശം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന സർക്കാർ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയതോടെ കുറച്ചുദിവസങ്ങളായി ഈ വിഷയത്തിൽ നടന്നുവന്ന വാദകോലാഹലങ്ങൾക്ക് വിരാമമാകുമെന്നു പ്രതീക്ഷിക്കാം. അനവസരത്തിലുള്ളതും അത്യന്താപേക്ഷിതമല്ലാത്തതുമായ ഒരു നിർദ്ദേശമാണ് വിദഗ്ദ്ധ സമിതിയിൽ നിന്നുണ്ടായത്. അതിനെച്ചൊല്ലി ഏറെ ചർച്ചകൾ നടക്കുകയും ചെയ്തു. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നു പറഞ്ഞതുപോലെ അനുകൂലിച്ചും പ്രതികൂലിച്ചും പണ്ഡിതർ ഉൾപ്പെടെ അനേകർ രംഗത്തുവന്നു. ആൺകുട്ടിക്കും പെൺകുട്ടിക്കും ഒരേ യൂണിഫോം മാത്രമല്ല ക്ളാസിൽ അവരെ ഇടകലർത്തിവേണം ഇരുത്താനെന്ന നിർദ്ദേശവുമുണ്ടായിരുന്നു. സമൂഹത്തിലെ വിവിധ തട്ടുകളിൽ ഈ നിർദ്ദേശം വിവാദം സൃഷ്ടിച്ചത് സ്വാഭാവികമാണ്. അല്ലെങ്കിൽത്തന്നെ മനുഷ്യരെ തമ്മിലടിപ്പിക്കാൻ പോന്ന ഏറെ വിവാദ വിഷയങ്ങളുള്ളപ്പോൾ ജെൻഡർ ന്യൂട്രാലിറ്റി സ്കൂൾ ക്ളാസുകളിലേക്കും ഇപ്പോൾ കൊണ്ടുവരേണ്ട ആവശ്യമൊന്നുമില്ല. ഇപ്പോൾ പിന്തുടർന്നുകൊണ്ടിരിക്കുന്ന രീതികൊണ്ട് ആർക്കും ബുദ്ധിമുട്ടുള്ളതായി തോന്നുന്നുമില്ല. മറിച്ച് വിദഗ്ദ്ധ സമിതി മുന്നോട്ടുവച്ച ലിംഗസമത്വ ആശയത്തോട് സമൂഹം പൊതുവേ മുഖം തിരിക്കുകയാണുണ്ടായത്. സ്‌കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ കരടുസമീപന രേഖയിലാണ് കുട്ടികളെ ഇടകലർത്തി ഇരുത്തിയും ഒരേ യൂണിഫോം ഇടുവിച്ചും ലിംഗസമത്വബോധം സൃഷ്ടിക്കാൻ ശ്രമമുണ്ടായത്. സമീപന രേഖയിൽ നിന്ന് ഈ ഭാഗം ഇപ്പോൾ നീക്കിയിട്ടുണ്ട്.

കുട്ടികളുടെ യൂണിഫോമിന്റെ കാര്യത്തിൽ ഇപ്പോൾത്തന്നെ പിന്തുടരുന്ന ഒരു സമീപനമുണ്ട്. സ്‌കൂളുകളിലെ അദ്ധ്യാപകരും പി.ടി.എയും വിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയാണു ചെയ്യാറുള്ളത്. യൂണിഫോം പ്രശ്നം അതതു സ്കൂളുകൾ തന്നെ തീരുമാനിക്കട്ടെ എന്നാണ് സർക്കാർ നിലപാടെന്ന മുഖ്യമന്ത്രിയുടെ സമീപനം സ്വാഗതാർഹമാണ്. ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ അഹിതമായതൊന്നും അടിച്ചേല്പിക്കാതിരിക്കുകയാണു വേണ്ടത്. സമൂഹത്തിന്റെയും പൊതുവേ കുട്ടികളുടെയും മനസുകൂടി അറിഞ്ഞുവേണം സ്കൂളുകളിൽ ഏതു പരിഷ്കാരവും നടപ്പിലാക്കാൻ.

ലിംഗനീതിയിൽ നമ്മുടെ സംസ്ഥാനം രാജ്യത്ത് മുൻനിരയിൽത്തന്നെയാണെന്ന യാഥാർത്ഥ്യം മുന്നിലുള്ളപ്പോൾ സ്‌കൂൾ കുട്ടികളെ ഒരേ യൂണിഫോം ധരിപ്പിച്ച് അണിനിരത്തേണ്ട കാര്യമൊന്നുമില്ല. യൂണിഫോമിലോ ഒരേബെഞ്ചിൽ ഇടകലർന്ന് ഇരുന്നോ അല്ല സ്‌ത്രീ - പുരുഷ സമത്വം സാദ്ധ്യമാക്കേണ്ടത്. സമൂഹത്തിൽ പുരുഷനൊപ്പം സ്‌ത്രീയുടെ സ്ഥാനവും പദവിയും ഇനിയും ഉയേരണ്ടതുണ്ട് എന്നത് ശരിതന്നെയാണ്. അതിനാകട്ടെ കുറുക്കുവഴികളൊന്നുമില്ലതാനും.

സ്‌ത്രീയെ പൂർണ അർത്ഥത്തിൽ മാനിക്കാൻ പഠിക്കുക എന്നതാകണം കുട്ടികൾക്ക് നൽകേണ്ട ഉപദേശം. സ്‌കൂൾതലം മുതലേ ആ വിചാരം മനസിൽ കുത്തിവയ്ക്കാൻ കഴിഞ്ഞാൽ വലുതാകുമ്പോഴും ഏതൊരു പുരുഷനും സ്‌ത്രീകളെ ആദരവോടും സ്നേഹത്തോടും കൂടിയേ കാണാനാവൂ. തൊഴിലിടങ്ങളിൽ സ്‌ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുണ്ട്. പൊതുഇടങ്ങളിൽ, യാത്രകളിൽ, തെരുവിൽ എല്ലായിടത്തും അവർക്കു നേരെ വെല്ലുവിളികൾ ഉയരാറുണ്ട്. ഇത്തരം അവസ്ഥകളിൽ നിന്നുള്ള മോചനമാണ് ഏതൊരു സ്‌ത്രീയും അകമഴിഞ്ഞ് ആഗ്രഹിക്കുന്നത്. പുരുഷ മേധാവിത്വമുള്ള സമൂഹത്തിൽ സ്‌ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുനരാലോചനയ്ക്കു കളമൊരുക്കുക എന്നതാകണം ഓരോരുത്തരുടെയും ക‌ടമ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GENDER NEUTRAL UNIFORM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.