തിരുവല്ല : മുൻ വൈരാഗ്യത്തെ തുടർന്ന് വീട്ടമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച കൊലക്കേസ് പ്രതിയായ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴിയിൽ പുത്തൻവീട്ടിൽ സജി(54)യാണ് പ്രതി. കാരയ്ക്കൽ മാധവച്ചേരിൽ വടക്കേതിൽ വീട്ടിൽ തമ്പിയുടെ ഭാര്യ അമ്മിണി വർഗീസി (65)നാണ് കുത്തേറ്റത്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. അമ്മിണിയും കാഴ്ചയില്ലാത്ത ഭർത്താവ് തമ്പിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പാചകം ചെയ്യുകയായിരുന്ന അമ്മിണിയെ അടുക്കളയിൽ കടന്നുകയറിയ സജി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. നിലവിളി കേട്ട് ഭർത്താവും അയൽവാസികളും എത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു അമ്മിണി. വയറിന് ഗുരുതര പരിക്കേറ്റതിനെത്തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ അമ്മിണിയുടെ നില അതീവ ഗുരുതരമാണ്. രക്ഷപ്പെട്ട സജിയെ
വീടിന് സമീപത്തുനിന്നു തന്നെ പിടികൂടുകയായിരുന്നു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചയാളാണ് സജി.
പ്രതി പിതാവിനെ കൊന്നയാൾ
പതിനേഴ് വർഷം മുമ്പ് പിതാവ് പാപ്പച്ചനെ കല്ല് വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സജി. ജീവപര്യന്തം തടവു ശിക്ഷയ്ക്ക് ശേഷം ഏതാനും മാസം മുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്. ഈ കേസിൽ സജിക്കെതിരെ തമ്പിയും അമ്മിണിയും പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ബന്ധുക്കളുമായി അകന്ന് കഴിയുന്ന സജി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |