SignIn
Kerala Kaumudi Online
Monday, 14 September 2026 9.21 PM IST

കയറ്റിറക്കുമായി ബന്ധപ്പെട്ട തർക്കം; ടി.പി ടൈൽസ് ജീവനക്കാർക്ക് ചുമട്ടുതൊഴിലാളികളുടെ മർദ്ദനം

1

കൽപ്പറ്റ: കയറ്റിറക്കുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിച്ചു. ടി.പി ടൈൽസ് ജീവനക്കാർക്ക് ചുമട്ടുതൊഴിലാളികളുടെ മർദ്ദനമേറ്റു. യാതൊരു പ്രകോപനവുമില്ലാതെ സ്ഥാപനത്തിലെത്തി ജീവനക്കാരെ മർദ്ദിക്കുകയായിരുന്നുവെന്ന് ടി.പി ടൈൽസ് മാനേജിംഗ് ഡയറക്ടർ ഗഫൂർ പറഞ്ഞു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. എച്ച്.ആർ മാനേജർ അനീഷ് (35), സ്ഥാപനത്തിലെ മറ്റ് ജീവനക്കാരായ സിദ്ദിഖ് (40), ഷഫീഖ് (40) എന്നിവർക്കാണ് ചുമട്ടു തൊഴിലാളികളുടെ മർദ്ദനമേറ്റത്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ നിന്നും ചികിത്സതേടി.

ചുമട്ട് തൊഴിലാളികളുമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കാൻ മധ്യസ്ഥ ചർച്ച നടക്കുന്നതിനിടയിലുള്ള അക്രമങ്ങൾ പ്രതിഷേധാർഹമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് പ്രസിഡന്റ് ഇ ഹൈദ്രു കുറ്റപ്പെടുത്തി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ടി.പി ടൈൽസിലെ 25 തൊഴിലാളികൾക്ക് ലേബർ കാർഡ് ലഭിച്ചത്. നിയമപരമായി ചുമട് ഇറക്കാനും വ്യാപാരം നടത്താനും കച്ചവടക്കാർക്ക് അവസരം ഉണ്ടാകണം. ഇത്തരത്തിലുള്ള അക്രമങ്ങളിലൂടെ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകാൻ മാത്രമേ വഴിയൊരുക്കു എന്നും ഹൈദ്രു പറഞ്ഞു.

ടി.പി ടൈൽസിന്‌ നേരെയുള്ള അക്രമങ്ങളിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ വ്യാപാരികൾ കടകളടച്ച് ഹർത്താൽ ആചരിച്ചു. വ്യാപാരികൾ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പുതിയ ബസ്റ്റാൻഡ് പരിസരത്തിൽ നിന്നും ആരംഭിച്ച പ്രകടനം ചുറ്റി ചുങ്കം ജംഗ്ഷനിൽ സമാപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. ഓൾകേരള ടൈൽസ് ആൻഡ് സാനിറ്ററി ഡീലേഴ്സ് അസോസിയേഷൻ സംഘടനയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ മുഴുവൻ കടകളും വൈകിട്ട് 4 മണി മുതൽ അടച്ചിട്ട് പ്രതിഷേധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY