കോഴിക്കോട് : ലോക മാതൃകകൾ കണ്ടുപഠിക്കാൻ വിദേശ യാത്രകൾ അത്യാവശ്യമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര പോകുന്നത് നല്ല കാര്യത്തിനാണെന്നും ധനകാര്യ മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഏതെങ്കിലും തരത്തിൽ യാത്രയ്ക്ക് തടസമല്ല. ലോകത്തുള്ള കാര്യങ്ങൾ കാണാൻ നമ്മൾ പോകണം. യൂറോപ്പിലേക്ക് ആരും പോകരുത് എന്നാണോ പറയുന്നത്. കേരളം ദരിദ്രമായ സംസ്ഥാനമല്ല.
ഓണാഘോഷത്തിന് ശേഷവും ഖജനാവ് സുരക്ഷിതമാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി കേന്ദ്ര സർക്കാരിന്റെ നിലപാട് മൂലമാണ്. ഓണത്തിന് അൽപം ചെലവ് കൂടി. എന്നാൽ ഖജനാവിന് അപകടമില്ല. ഓവർ ഡ്രാഫ്റ്റിലേക്ക് പോകില്ല. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കുകയാണ്. സംസ്ഥാന വിഹിതം നൽകുന്നതിനു പകരം വെട്ടിക്കുറയ്ക്കുകയാണ്. കൃഷിക്കാരെ വിദേശത്ത് കൊണ്ടുപോകാൻ പണം നീക്കിവെച്ച സർക്കാരാണ് കേരളത്തിലേത്. ഒമാനിനേക്കാൾ കൂടുതൽ ബെൻസ് കാറുകൾ വാങ്ങിയ സ്ഥലമാണ് കേരളമെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളിലെ ആസൂത്രണ ബോർഡുകൾക്ക് പകരം നിതി ആയോഗ് കൊണ്ടുവരാനുള്ള തീരുമാനം പ്രായോഗികമല്ല. ആസൂത്രണ സംവിധാനങ്ങൾ ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റേതെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |