ഗാന്ധി കുടുംബത്തിന്റെ പിന്തുണയുണ്ടെന്ന് അവകാശ വാദം
പട്ടാമ്പി: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും, വെള്ളിയാഴ്ച നാമനിർദേശ
പത്രിക സമർപ്പിക്കുമെന്നും ശശി തരൂർ എം.പി വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പട്ടാമ്പിയിൽ രാഹുൽ ഗാന്ധിയെ കാണാനെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
രാഹുൽ ഗാന്ധിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഗാന്ധി കുടുംബത്തിലെ മൂന്ന് പേരും തനിക്ക് പിന്തുണ നൽകിയിട്ടുണ്ട്. രാജ്യത്ത് ഭൂരിഭാഗം പേരും തന്നെ പിന്തുണയ്ക്കും. കേരളത്തിലെ ചിലരുടെയും പിന്തുണ ലഭിക്കും. രാജസ്ഥാൻ വിഷയത്തിൽ പ്രതികരണത്തിനില്ലെന്നും തരൂർ വ്യക്തമാക്കി. പട്ടാമ്പിയിലെ വിശ്രമകേന്ദ്രത്തിലായിരുന്നു തരൂർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ, തരൂരിനെ പിന്തുണയ്ക്കുന്ന കാര്യം ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടില്ല.
സ്ഥാനാർത്ഥിയാവുമ്പോൾ എതിരാളിയായി ആര് വന്നാലും ആത്മവിശ്വാസത്തോടെ മത്സരിക്കണമെന്ന്, അശോക് ഗെലോട്ടിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി തരൂർ പറഞ്ഞു. അവർ തന്നെ തീരുമാനിക്കട്ടെ ആര് മത്സരിക്കണമെന്ന്. പല സ്ഥാനാർത്ഥികളും ഉണ്ടാവണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. മറ്റൊരു പാർട്ടിയിലും കാണാൻ സാധിക്കാത്തതാണ് കോൺഗ്രസിനകത്തെ ജനാധിപത്യം. അതിനാൽ ഈ മത്സരത്തിൽ പങ്കെടുക്കാൻ തനിക്ക് വലിയ താൽപര്യമുണ്ട്.
തന്നെ ആരൊക്കെ പിന്തുണയ്ക്കുമെന്ന് പത്രിക സമർപ്പിച്ചതിന് ശേഷം വ്യക്തമാകുമെന്നും ശശി തരൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |