SignIn
Kerala Kaumudi Online
Thursday, 19 September 2024 4.23 AM IST

രണ്ടര മണിക്കൂറുള‌ള സിനിമ വെറും ആറ് സെക്കന്റ് കൊണ്ട് ഡൗൺലോഡ് ചെയ്യാം, ഗെയിം കളിക്കുന്നവർക്ക് തടസമേയില്ല, മഴയും വരൾച്ചയുമെല്ലാം നേരത്തെ അറിയാം, 5ജിയുടെ ഗുണങ്ങൾ ആരെയും അമ്പരപ്പിക്കും

Increase Font Size Decrease Font Size Print Page
5g

രാജ്യത്തെ 5ജി സേവനങ്ങൾക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചിരിക്കുകയാണ്. 4ജി സേവനം തന്നെ വളരെ ബുദ്ധിമുട്ടി ലഭിക്കുന്ന നമ്മുടെ നാട്ടിൽ മൊബൈൽ നെറ്റ്‌വർക്ക് 5ജി ആയ വാർത്തയറിഞ്ഞിട്ട് എന്തുചെയ്യാനാണ് എന്ന് പലരും നെറ്റി ചുളിച്ചേക്കാം. ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബയ്, ചെന്നൈ, കൊൽക്കത്ത എന്നീ മഹാനഗരങ്ങളടക്കം എട്ട് നഗരങ്ങളിൽ 5ജി സേവനങ്ങൾ ലഭിക്കുകയെങ്കിലും വൈകാതെ ഇന്ത്യയൊട്ടാകെ ഇത് ലഭ്യമാകും.

വേഗവും ശേഷിയും കൂടിയ റേഡിയോ തരംഗമാണ് 5ജി. ശേഷി കൂടുതലായതിനാൽ കൂടുതൽ ഡാറ്റ വഹിക്കാൻ 5ജിയ്‌ക്കാകും. ഇതോടെ ഡാറ്റ വേഗം വർദ്ധിക്കും. ഇതിന്റെ ഗുണം കേവലം മൊബൈലോ, കംപ്യൂട്ടറോ ഉപയോഗിക്കുന്നവർക്കല്ല ആകെമൊത്തം ജനജീവിതത്തിനും ഇത് പ്രതിഫലിക്കും.

വീട്ടിലെ ഫാനുകൾ മുതൽ ട്രാഫിക് വരെ നിയന്ത്രിക്കും

അതെ നമ്മുടെ വീട്ടിലെ ഫാൻ, ലൈറ്റുകൾ, ടിവി, ഓവൻ, കംപ്യൂട്ടറുകൾ എന്നുവേണ്ട റോഡിലെ ട്രാഫിക് ലൈറ്റുകളെ വരെ 5ജി നെറ്റ്‌വർക്ക് ഉപയോഗിച്ചുള‌ള സാങ്കേതിക വിദ്യയാൽ നിയന്ത്രിക്കാം. പൊതുവിൽ പറഞ്ഞാൽ നിത്യജീവിതവുമായി നേരിട്ട് ബാധിക്കുന്ന കാര്യങ്ങൾ വരെ ഇനി 5ജി നിയന്ത്രണത്തിലാകുമെന്ന് ചുരുക്കം.

ലാറ്റൻസിയിലെ വ്യത്യാസം

ഡാറ്റ ഉപയോഗിച്ച് ഒരു സേവനം കംപ്യൂട്ടറിലോ അത്തരം ഉപകരണങ്ങളിലോ ലഭിക്കുന്നതിന് വേണ്ട സമയമാണ് ലാറ്റൻസി. 3ജി,4ജി ഫോണുകളിലും ഡെ‌സ്‌ക് ടോപ്പ് കംപ്യൂട്ടറുകളിലുമുള‌ള ഇഴച്ചിൽ പലപ്പോഴും നമ്മുടെ ക്ഷമ കെടുത്തും. എന്നാൽ 5ജി വരുമ്പോൾ വെറും സെക്കന്റുകൾ കൊണ്ട് മാത്രം നാം തേടുന്ന കാര്യം സാധിക്കാനാകും. ഒരു കാര്യം സെർച്ച് ചെയ്‌താൽ 4ജിയിൽ 60 മില്ലിസെക്കന്റ് മുതൽ 98മില്ലിസെക്കന്റ് വരെയെടുത്തേ ഫലം ലഭിക്കൂ.5ജിയിൽ ഇത് 5 മില്ലിസെക്കന്റിൽ താഴെയാണ്. ചിലപ്പോൾ ഒരു മില്ലിസെക്കന്റ് മാത്രമേ ഉണ്ടാകൂ. തൊട്ടാലുടൻ ഫലമെന്ന് ചുരുക്കം.

രണ്ട് മണിക്കൂർ 20 സെക്കന്റ് നീളുന്ന ഒരു സിനിമ ഡൗൺലോഡ് ചെയ്യാൻ 4ജിയിൽ അത് 7 മിനുട്ട് മുതൽ 23 മണിക്കൂർ വരെയെടുക്കാം. എന്നാൽ 5ജിയിൽ ഇത് ആറ് സെക്കന്റ് മതി. മിന്നൽ വേഗത്തിൽ.

വ്യവസായങ്ങൾ അതിവേഗം

വ്യവസായ പുരോഗതിയിൽ 5ജി സേവനം വളരെ സഹായകമാകും.നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരെ ലളിതമായി ലഭിക്കുന്ന തരം വ്യവസായങ്ങൾ വളരാനും ഇത് കാരണമാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്‌മെന്റഡ് റിയാലിറ്റി, ഓട്ടോണമേഷൻ എന്നിവയുടെ സഹായത്തിൽ റോബോട്ടുകളെ ഉപയോഗിച്ച് ഭാരമേറിയതും അപകടകരവുമായ ജോലികൾ മനുഷ്യൻ ചെയ്യാതെതന്നെ തീർക്കുവാനും ഭാവിയിൽ കഴിയും.

മെഡിക്കൽ രംഗത്തും

മരുന്നുകളുടെ നിർമ്മാണത്തിന് സഹായിക്കാനും, എന്തിനേറെ പറയുന്നു രക്തനഷ്‌ടം കുറച്ച് ഓപ്പറേഷൻ വരെ നടത്താനും റോബോട്ടുകളെ ഉപയോഗിച്ച് അവ സുരക്ഷിതമായും സൂക്ഷ്‌മമായും ചെയ്യാനും 5ജി സാങ്കേതികവിദ്യ സഹായിക്കും.

കർഷകർക്ക് സഹായം

കാലാവസ്ഥാ വ്യതിയാനങ്ങൾ അറിയാനും പ്രത്യേകിച്ച് മഴ, വേനൽ, പ്രകൃതി ദുരന്ത സാദ്ധ്യത പഠിക്കാനും മുന്നറിയിപ്പ് നൽകാനും 5ജി സംവിധാനം സഹായിക്കും. മണ്ണിൽ സോയിൽ സെൻസറുകൾ സ്ഥാപിച്ചാൽ വിളകൾക്ക് ആവശ്യമായ വളവും വെള‌ളവും അവയുടെ വളർച്ചയിലെ പ്രശ്‌നങ്ങളും ഗുണങ്ങളും സാങ്കേതിക വിദ്യയുപയോഗിച്ച് കർഷകന് അറിയാനാകും. രാജ്യത്തെ ഭക്ഷ്യോൽപാദനം മെച്ചപ്പെടുത്തി പട്ടിണി കുറയ്‌ക്കാനും ഇത്തരം സാങ്കേതികവിദ്യാ ഉപയോഗം സഹായിക്കും.

ഗതാഗത സംവിധാനം

കര, ജല, വ്യോമ ഗതാഗതത്തിൽ ഓരോ പ്രധാന പാതയിലൂടെയും പോകുന്ന വാഹനങ്ങൾ അവ വഴിയിലെ ട്രാഫിക് ലൈറ്റുകൾ, മറ്റുവാഹനങ്ങൾ എന്നിവയുമായി തത്സമയം ബന്ധപ്പെടുന്നതിനാൽ ഗതാഗതം സുഗമമാകാനും ബുദ്ധിമുട്ടുകൾ അറിയിച്ച് അവ പരിഹരിക്കാനും സാധിക്കും.

ഗെയിം മേഖലയിലെ വികസനം

മൊബൈൽ, ലാപ്‌ടോപ്പ്, ഡെക്‌സ്‌ടോപ്പ് മുതലായവ ഉപയോഗിച്ച് ഗെയിമിംഗ് വർദ്ധിച്ചുവരുന്ന ഇക്കാലത്ത് കൂടുതൽ വ്യക്തവും വേഗവുമേറിയ ഗെയിമിംഗ് ലഭിക്കുന്നതോടെ ഗെയിം വ്യവസായത്തിനും ഉണർവുണ്ടാകും. 2021ൽ ഗെയിം വ്യവസായത്തിലെ വരുമാനം 198 ബില്യൺ ഡോളറാണെങ്കിൽ വരുന്ന അഞ്ച് വർഷത്തിൽ ഇത് 340 ബില്യൺ ഡോളറായി ഉയരുമെന്നാണ് കരുതുന്നത്. സാങ്കേതിക വിദ്യ ജീവിതവുമായി അതിവേഗം ബന്ധിപ്പിക്കാനാവുന്നതിന്റെ ഗുണം സർവമേഖലയിലും ഉണ്ടാകുമെന്ന് ചുരുക്കം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 5G NETWORK, NETWORK ISSUES, SMART WORK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.