SignIn
Kerala Kaumudi Online
Friday, 26 April 2024 10.44 PM IST

രാഹുൽ അനിഷേധ്യ നേതാവാകും

rahul-gandhi

ഭാരതത്തിന്റെ ഉൾക്കാമ്പ് തൊട്ടറിയാനുള്ള മഹാപ്രയാണമാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര. സെപ്തംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാരംഭിച്ച് പന്ത്രണ്ട് സംസ്ഥാനങ്ങളിലൂടെ 3570 കിലോമീറ്റർ പിന്നിട്ട് 150 ദിവസം കൊണ്ട് കാശ്മീരിലെത്തുന്ന ഈ യാത്രയിലൂടെ രാഹുൽ ഗാന്ധി എന്ന ഊർജ്വസ്വലനായ നേതാവ് 21ാം നൂറ്റാണ്ടിലെ ഇന്ത്യയെ കണ്ടെത്തുക മാത്രമല്ല അതിനെ സ്വാംശീകരിക്കുക കൂടിയാണ്.

കേരളത്തിലൂടെ ജാഥ കടന്നുപോയ പത്തൊമ്പത് ദിവസവും ഞാൻ രാഹുൽജിയെ അനുഗമിച്ചിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ എന്റെ പൊതുപ്രവർത്തന ജീവിതത്തിൽ എനിക്ക് ദർശിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ജനപങ്കാളിത്തവും ആവേശവുമാണ് യാത്രയിലുടനീളം അനുഭവിക്കാൻ കഴിഞ്ഞത്. മഹാനദികൾ സമുദ്രത്തിലേക്കൊഴുകിയെത്തും പോലെ ലക്ഷണക്കണക്കിന് ജനങ്ങൾ ഒരു മനുഷ്യനിലേക്ക് ഒഴുകിയെത്തുന്ന അത്ഭുതകരമായ കാഴ്ച ഞാൻ ആദ്യമായാണ് കാണുന്നത്.

രാവിലെ ആറ് മണിമുതൽ പത്ത് വരെയും വൈകിട്ട് അഞ്ച് മുതൽ ഒമ്പത് വരെയുമാണ് രാഹുൽഗാന്ധി ജനങ്ങൾക്കൊപ്പം നടക്കുന്നത്. അദ്ദേഹം ജനങ്ങളോട് സംസാരിക്കുകയല്ല സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ട മനുഷ്യരെ കേൾക്കുകയാണ്. സദസുകളിൽ വളരെക്കുറച്ച് മാത്രമേ അദ്ദേഹം സംസാരിക്കൂ. പിന്നീട് പൂർണസമയവും ജനങ്ങളെ കേൾക്കുകയാണ് ചെയ്യുന്നത്. ജനങ്ങളെ കേൾക്കുക, ജനങ്ങളിൽ നിന്ന് പഠിക്കുക എന്ന പ്രക്രിയയിലൂടെയാണ് ഒരു ജനകീയ നേതാവ് രൂപപ്പെടുന്നത്. ഈ യാത്ര കഴിയുമ്പോൾ രാഹുൽഗാന്ധി ഇന്ത്യ ഇന്നുവരെ കാണാത്ത അതുല്യ പ്രഭാവനായ നേതാവായി ഉദിച്ചുയരുമെന്ന് ഉറപ്പുണ്ട്. അദ്ദേഹം കാതുകൊടുത്ത ജനങ്ങളിൽ ഐ.ടി വിദഗ്ദ്ധരും ദിവസവേതനക്കാരായ തൊഴിലാളികളും വിദ്യാർത്ഥികളും ചെറുകിട കച്ചവടക്കാരും വീട്ടമ്മമാരും കർഷകരും കർഷകത്തൊഴിലാളികളുമുണ്ട് . തീരദേശത്തെ ജനങ്ങളുണ്ട്. തങ്ങൾ എങ്ങനെയാണ് പ്രതിസന്ധികളോട് പടവെട്ടി ജീവിതം നയിക്കുന്നതെന്ന് അവർ രാഹുലിനോട് പറഞ്ഞു. ആ വാക്കുകളിലൂടെ രാഹുൽ അവരുടെ ജീവിതത്തെ കാണുകയായിരുന്നു. നല്ലൊരു പ്രഭാഷകനാകാൻ നമ്മളിൽ പലർക്കും കഴിയുമായിരിക്കും. എന്നാൽ നല്ലൊരു ശ്രോതാവാകാൻ എല്ലാവർക്കും കഴിയില്ല. ഒരാളെ മുൻവിധിയില്ലാതെ കേൾക്കുക എന്നത് ആ വ്യക്തിക്ക് നൽകാവുന്ന ഏറ്റവും വലിയ ബഹുമതികളിലൊന്നാണ്. ഈ മാനവികതാ ബോധമാണ് യാത്രയിലുടനീളം രാഹുൽഗാന്ധിയിൽ തെളിഞ്ഞുകണ്ടത്. കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക നവോത്ഥാനമൂല്യങ്ങളെ തൊട്ടറിയാനും രാഹുൽ ഈ യാത്രയിലൂടെ ശ്രമിച്ചു. ക്രൈസ്തവ മിഷണറിമാരും ശ്രീനാരായണ ഗുരുദേവൻ, അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ എന്നീ നവോത്ഥാനനായകരും കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക് നൽകിയ സംഭാവനകളെക്കുറിച്ച് ആഴത്തിൽ പഠിക്കാനും അദ്ദേഹം ഈ യാത്ര ഉപയോഗപ്പെടുത്തി.

കേവലം കക്ഷിരാഷ്ട്രീയത്തിന്റെ നാല് അതിരുകൾക്കുള്ളിൽ നിന്ന് കാര്യങ്ങളെ വീക്ഷിക്കാനല്ല, ഒരു ജനപക്ഷ രാഷ്ട്രീയം രൂപപ്പെടുത്തിയെടുക്കാനാണ് അദ്ദേഹം പരിശ്രമിക്കുന്നത്. കേരളത്തിലെ യാത്രയിൽ അദ്ദേഹം കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനപോലും നടത്തിയില്ല, മറിച്ച് ബി.ജെ.പി, ആർ.എസ്.എസ് സംഘപരിവാർ ഭരണകൂടത്തിന്റെ ജനവിരുദ്ധ വർഗീയനയങ്ങളെയും അത് ഇന്ത്യയിലെ ആബാലവൃദ്ധം ജനങ്ങളെയും വളരെ ദോഷകരമായി ബാധിക്കുന്നതിനെയും കുറിച്ചാണ് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നത്. അതേ സമയം കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പോലുള്ള വിഷയങ്ങളിൽ പ്രതികരിക്കുകയും ചെയ്തു. തന്റെ യാത്രയിലൂടനീളം ജനങ്ങളുമായി രാഹുൽ പുലർത്തിയ ഹൃദയബന്ധം അത്ഭുതപ്പെടുത്തുന്നതായിരുന്നു.

ഓരോ മനുഷ്യനെയും തന്നിലേക്ക് തിരിച്ചുവിടുന്ന ഒരു മാസ്മരിക ശക്തി അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ പിതാവ് രാജീവ് ഗാന്ധിയിലും ഞാൻ ഈ സവിശേഷത കണ്ടിട്ടുണ്ട്. മുന്നോട്ടു പോകുമ്പോൾ ഒരാൾ വീഴുന്നത് കണ്ടാൽ അപ്പോൾത്തന്നെ അദ്ദേഹം യാത്ര നിറുത്തും, ഓടിയെത്തി വീണയാളെ എഴുന്നേൽപ്പിക്കും, ചേർത്തു നിറുത്തും, വീഴുന്ന മനുഷ്യരെ എഴുന്നേൽപ്പിച്ച് ചേർത്ത് നിറുത്തുക എന്നതാണ് രാഹുലിന്റെ രാഷ്ട്രീയം, അതാണ് മാനവികതയുടെ രാഷ്ടീയം. ഇന്ത്യ ഭരിക്കുന്ന സംഘപരിവാർ ഭരണകൂടത്തിന് ഇല്ലാത്തതും മനുഷ്യപക്ഷത്ത് നിന്നുള്ള ഈ രാഷ്ട്രീയമാണ്. അതുകൊണ്ടാണ് ഈ യാത്രകളിൽ നിരന്തരം അദ്ദേഹം മോദി ഭരണകൂടത്തിനെതിരെ സംസാരിച്ചുകൊണ്ടിരിക്കുന്നത്.

തികച്ചും അപരിചിതനായ, സാധാരണക്കാരനായ ഒരു മനുഷ്യന്റെ ജീവിതത്തിലേക്ക് രാഹുലിനെപ്പൊലൊരു നേതാവ് ഞൊടിയിടയിൽ കടന്ന് ചെല്ലുകയും അയാളുടെ ജീവിതത്തെക്കുറിച്ച് അറിയാൻ ശ്രമിക്കുകയും ചെയ്യുന്നത് ശരിക്കുമൊരു വിസ്മയമാണ്. കേരളത്തിലെ കോൺഗ്രസിനും ഐക്യജനാധിപത്യ മുന്നണിക്കും വലിയൊരു ഉണർവ് നൽകാൻ രാഹുലിന്റെ യാത്ര വളരെയേറെ പ്രയോജനപ്പെട്ടെന്ന കാര്യത്തിൽ സംശയമില്ല. യു.ഡി.എഫിന്റെ ജനകീയ അടിത്തറയെ ശക്തിപ്പെടുത്താനും വിപുലപ്പെടുത്താനും ഈ യാത്രയിൽ നിന്നുണ്ടായ ഊർജ്ജവും കരുത്തും ഉപയോഗപ്പെടും.

കേരളം എന്നും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഇടമാണ്. കേരളം ലോകത്തിന് നൽകിയ മതമൈത്രിയുടേയും സൗഹാർദ്ദത്തിന്റെയും ഒത്തൊരുമയുടേയും സന്ദേശത്തെ ഏറ്റവും വിലമതിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. നൂറ്റിയമ്പത് ദിവസങ്ങൾക്ക് ശേഷം ഈ യാത്ര കാശ്മീരിൽ സമാപിക്കുമ്പോൾ ഇന്ത്യയിലെ ജനഹൃദയങ്ങളെ തൊട്ടറിഞ്ഞ, ഒരു പുതിയ രാഹുൽ ഗാന്ധിയെ ആയിരിക്കും നാം കാണുന്നത്. നവീന ഇന്ത്യയുടെ തുടക്കവും, പുതിയ ആശയങ്ങളുടെ പ്രസരണവുമായിരിക്കും അതിലൂടെ ഉണ്ടാവുക. സർവോപരി ഇന്ത്യൻ ജനതയുടെ മഹത്തായ ഭാവിക്കുള്ള അടിസ്ഥാന ശിലപാകുക എന്ന ദൗത്യത്തിന്റെ തുടക്കം കൂടിയായിരിക്കും അത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAHUL GANDHI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.