ലണ്ടൻ : പലർക്കും ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ചായ. ചായയിൽ പുതു രുചികളുടെ പരീക്ഷണം നടത്താൻ ഇഷ്ടപ്പെടുന്നവരേറെയാണ്. തേയിലയുടെയും ടീ ബാഗുകളുടെയും ബ്രാൻഡുകൾക്കനുസരിച്ച് വിലയിലും വ്യത്യാസം കാണാം. ടീ ബാഗുകളുടെ കൂട്ടത്തിൽ ലോകത്തെ ഏറ്റവും വിലകൂടിയതെന്ന നേട്ടം സ്വന്തമാക്കിയത് പി.ജി ടിപ്സ് എന്ന തേയില ബ്രാൻഡിന്റേതിനാണ്. 10,000 ഡോളർ (ഏകദേശം 8,24,000 രൂപ ) ആണ് ഇതിന്റെ വില.
ഡയമണ്ടുകളാൽ അലങ്കരിച്ച ഈ ടീ ബാഗുകൾ 2005ൽ തങ്ങളുടെ 75ാം വാർഷികത്തോടനുബന്ധിച്ചാണ് പി.ജി ടിപ്സ് പുറത്തിറക്കിയത്. 280 ഡയമണ്ടുകളാണ് ടീ ബാഗിന്റെ പ്രത്യേകത. ബാഗിന്റെ രണ്ടു വശത്തും ഉൾഭാഗത്തും 2.56 കാരറ്റ് വീതമുള്ള ഇരുന്നൂറ് ഡയമണ്ടുകളും ബാഗിന്റെ വൈറ്റ് ഗോൾഡ് സ്ട്രിംഗിൽ 80 ഡയമണ്ടുകളും പതിപ്പിച്ചിരുന്നു. പിരമിഡ് ആകൃതിയിലുള്ള ടീ ബാഗിനുള്ളിലായിരുന്നു തേയില അടങ്ങിയിരുന്നത്. ഇംഗ്ലണ്ടിലെ ലിവർപൂൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകപ്രശസ്ത ആഭരണ നിർമാതാക്കളായ ബൂഡിൽസ് ആണ് പി.ജി ടിപ്സിനു വേണ്ടി ഡയമണ്ടുകളാൽ അലങ്കരിച്ച ടീ ബാഗ് ഡിസൈൻ ചെയ്തത്.
ഇംഗ്ലണ്ടിലെ റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റലിന് വേണ്ടി പണം സമാഹരിക്കാനാണ് പി.ജി ടിപ്സ് ഡയമണ്ട് ടീ ബാഗ് അന്ന് വിപണിയിലെത്തിച്ചത്. 1930ൽ ലോകപ്രശസ്ത തേയില നിർമാതാക്കളായ ബ്രൂക്ക് ബോണ്ട് ആണ് പി.ജി ടിപ്സ് ബ്രാൻഡ് ആരംഭിക്കുന്നത്. നിലവിൽ നെതർലൻഡ്സ് ആസ്ഥാനമായുള്ള എകർടെറയാണ് പി.ജി ടിപ്സ് ബ്രാൻഡിന്റെ ഉടമകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |