ന്യൂഡൽഹി:ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഏറ്റവും ഗുരുതര ഭീഷണിയായ ഭീകര പ്രവർത്തനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കാൻ ഒന്നിക്കണമെന്ന് ലോകരാജ്യങ്ങളെ ആഹ്വാനം ചെയ്ത് യു. എൻ ഭീകരവിരുദ്ധ സമിതിയുടെ ഡൽഹി പ്രഖ്യാപനം.
ഐക്യരാഷ്ട്ര രക്ഷാസമിതി 2001ൽ രൂപം നൽകിയ ഭീകര വിരുദ്ധ കമ്മിറ്റി ആദ്യമായാണ് ഇന്ത്യയിൽ സമ്മേളിച്ചത്. ഇന്നലെ ഡൽഹിയിൽ സമാപിച്ച സമ്മേളനം ഡൽഹി പ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിച്ചു.
ഭീകരത ഏത് രൂപത്തിലായാലും ലോകത്തിന് ഏറ്റവും വലിയ ഭീഷണിയാണ്. ഇന്റർനെറ്റും സമൂഹമാദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ള ആധുനിക ആശയവിനിമയ സാങ്കേതികവിദ്യകളും ഭീകരപ്രവർത്തനത്തിനായി ദുരുപയോഗം ചെയ്യുന്നതിനെ പ്രതിരോധിക്കാനും ആഹ്വാനം ചെയ്തു.
മുംബയിൽ നടന്ന ആദ്യ ദിവസത്തെ സെഷനിൽ മുംബയ് ഭീകരാക്രമണത്തിൽ പാകിസ്ഥാനുള്ള പങ്ക് ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. പാക് ഭീകര സംഘടനകളെ തുറന്നു കാട്ടാനുള്ള ശ്രമങ്ങളെ എതിർക്കുന്ന ചൈനയും കമ്മിറ്റിയിൽ അംഗമാണ്.
ഐസിസ്, ദാഇഷ്, അൽ-ക്വ ഇദ തുടങ്ങിയ സംഘടനകളുടെ ഭീകര റിക്രൂട്ട്മെന്റും ആയുധങ്ങളും സൈനിക ഉപകരണങ്ങളും സമാഹരിക്കുന്നതും, ഡ്രോൺ, സ്ഫോടന വസ്തുക്കൾ എന്നിവയുടെ ഉപയോഗവും യോഗം അപലപിച്ചു. ബ്ലോക്ക്ചെയിൻ, ബിറ്റ്കോയിൻ, ക്രിപ്റ്റോ അസറ്റുകൾ, വെർച്വൽ കറൻസികൾ തുടങ്ങിയവ കള്ളപ്പണം വെളുപ്പിക്കാനും ഭീകര ഫണ്ടിംഗിനും ഉപയോഗിക്കുന്നത് തടയണം.
ഭീകരർക്ക് താവളം
നൽകരുത്
ഭീകരർക്ക് അംഗരാജ്യങ്ങളിൽ താവളം നൽകരുത്. വിട്ടുവീഴ്ചയും കാട്ടരുത്
ഭീകരതയെ മതം, ദേശീയത, വംശീയത എന്നിവയുമായി ബന്ധപ്പെടുത്തരുത്
ഭീകരർ ഇന്റർനെറ്റും സമൂഹമാദ്ധ്യമങ്ങളും ദുരുപയോഗം ചെയ്യുന്നത് തടയണം
ഭീകരതയ്ക്കായി പണം സ്വരൂപിക്കാനുള്ള ക്രൗഡ് ഫണ്ടിംഗ് അനുവദിക്കരുത്
ഡ്രോൺ ഉപയോഗിച്ചുള്ള ഭീകരാക്രമണങ്ങളിൽ ആശങ്ക
നൂതന സാങ്കേതിക വിദ്യകൾ ഭീകരർ ദുരുപയോഗം ചെയ്യുന്നത് ജി 20ൽ അടക്കം ഉന്നയിക്കണം
സാങ്കേതിക വിദ്യ ദുരുപയോഗം തടയാൻ സ്വകാര്യ മേഖലയുടെ സഹായം തേടണം
യു.എൻ രക്ഷാസമിതിയുടെ ഇടപെടലുണ്ടായിട്ടും ഏഷ്യയിലും ആഫ്രിക്കയിലും ഭീകര ഭീഷണി വളരുന്നു
എസ്. ജയശങ്കർ, വിദേശകാര്യ മന്ത്രി
അംഗരാജ്യങ്ങൾക്കിടയിൽ ഭീകര ഭീഷണി നേരിടാൻ ഡൽഹി പ്രഖ്യാപനം സഹായിക്കും
രുചിര കാംബോജ്, യു.എന്നിലെ ഇന്ത്യൻ പ്രതിനിധി
പുതിയ സാങ്കേതിക വിദ്യകൾ ദുരുപയോഗം ചെയ്യുന്ന ഭീകരരുടെ വെല്ലുവിളി നേരിടാൻ ആഗോളതലത്തിൽ സംയുക്ത പ്രവർത്തനം വേണം
അന്റോണിയോ ഗുട്ടെറസ്,
യുഎൻ സെക്രട്ടറി ജനറൽ
യു.എൻ. ഭീകര വിരുദ്ധ സമിതി
15 അംഗരാജ്യങ്ങൾ. നിലവിൽ ഇന്ത്യ അദ്ധ്യക്ഷൻ
അംഗ രാജ്യങ്ങൾ:
അൽബേനിയ, ബ്രസീൽ, ചൈന, ഫ്രാൻസ്, ഗാബോൺ, ഘാന, ഇന്ത്യ,
അയർലൻഡ്, കെനിയ, മെക്സിക്കോ, നോർവേ, റഷ്യ, യു.എ.ഇ, യു.കെ,
അമേരിക്ക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |