തിരുവനന്തപുരം: കൗമുദി ടിവി മുൻ ന്യൂസ് എഡിറ്റർ ജി.എസ്. ഗോപീകൃഷ്ണൻ അന്തരിച്ചു. 48 വയസായിരുന്നു. രോഗബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 4.20നായിരുന്നു അന്ത്യം. എ.സി.വി ന്യൂസിൽ റിപ്പോർട്ടറായി മാദ്ധ്യമപ്രവർത്തനം ആരംഭിച്ച ഗോപീകൃഷ്ണൻ അമൃത ടിവി തിരുവനന്തപുരം റീജണൽ ബ്യൂറോ ചീഫായും പ്രവർത്തിച്ചിട്ടുണ്ട്. പത്രപ്രവർത്തക യൂണിയൻ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു.
കാലാരംഗത്തും ശ്രദ്ധേയ സാന്നിദ്ധ്യനായിരുന്നു ഗോപീകൃഷ്ണൻ. ഗായകസംഘമായ എം.ബി.എസ് യൂത്ത് ക്വയറിലെ സജീവ ഗായകനായിരുന്നു. പ്രശസ്ത കഥകളി നടൻ ചിറക്കര മാധവൻ കുട്ടി ആശാനെക്കുറിച്ച് മായാമുദ്രയെന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. ഗിരീഷ് കർണാട് രചിച്ച് അമിതാഭ് ബച്ചനും ജാക്കി ഷെറഫും മുഖ്യ വേഷങ്ങളിൽ എത്തിയ അഗ്നിവർഷ എന്ന ബോളിവുഡ് ചിത്രത്തിൽ എം.ബി.എസ് യൂത്ത് ക്വയറിലെ അംഗങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.
വസതിയായ ഏണിക്കര പ്ലാപ്പള്ളിലെയിൻ ഇ.ടി.ആർ.എ ബി 46 'വസന്തഗീത"ത്തിൽ നിന്ന് ഭൗതികദേഹം ഇന്ന് ഉച്ചയ്ക്ക് 12.45ന് തിരുവനന്തപുരം പ്രസ് ക്ലബിൽ പൊതുദർശനത്തിനായി കൊണ്ടുവരും. സംസ്കാരം 2ന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ നിഷ കെ. നായർ (പി.ആർ.ഒ കേരള വാട്ടർ അതോറിട്ടി). മക്കൾ ശിവനാരായണൻ, പത്മനാഭൻ. പരേതരായ എം.എൻ. ഗംഗാധരന്റെയും (എം.എൻ. മാരൂർ, റിട്ട. ജോയിന്റ് സെക്രട്ടറി സെക്രട്ടേറിയറ്റ്) ഉമയമ്മയുടെയും (റിട്ട. അദ്ധ്യാപിക) മകനാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി റോഷി അഗസ്റ്റിൻ, രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ബി.ജെ.പി സംസ്ഥാന പ്രസിന്റ് കെ. സുരേന്ദ്രൻ തുടങ്ങിയവർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |