SignIn
Kerala Kaumudi Online
Saturday, 04 February 2023 7.55 PM IST

ഓരോ പ്രാവശ്യവും കേസിന് പോകുമ്പോൾ കുറേ പണം ചെലവാകുന്നു, പ്രിയാ വർഗീസിനെതിരായ വിധിക്കെതിരെ അപ്പീൽ പോകില്ലെന്ന് കണ്ണൂർ വിസി

priya-gopinath

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് അസോസിയേറ്റ് പ്രൊഫസറാകാനുള്ള യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. യു.ജി.സിയുടെ ചട്ടങ്ങൾ അനുസരിച്ചാണ് നിയമന നടപടികളുമായി മുന്നോട്ടുപോയതെന്നും വിധിപകർപ്പ് കിട്ടിയാലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി.

സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ പരാതി ചൂണ്ടിക്കാട്ടി ഗവർണർ വിശദീകരണം ചോദിച്ചപ്പോൾ, പ്രിയാ വർഗീസിനെ നിയമിച്ചിട്ടില്ലെന്നും റാങ്ക് ലിസ്റ്റ് നിയമ പരിശോധനയ്‌ക്ക് അയച്ചെന്നും മറുപടി നൽകിയിരുന്നു. ഡെപ്യൂട്ടേഷൻ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാമോയെന്ന് ചോദിച്ച് യു.ജി.സി ചെയർമാന് താൻ കത്തെഴുതിയിരുന്നു. എന്നാൽ മറുപടി ലഭിച്ചില്ല. വീണ്ടും കത്ത് നൽകിയിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ടുപോയതെന്ന് വിസി വിശദീകരിച്ചു.

എന്തായാലും ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ല. കോടതി വിധി നടപ്പിലാക്കേണ്ട ചുമതല യൂണിവേഴ്‌സിറ്റിക്കുണ്ടെന്ന് ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. ഓരോ പ്രാവശ്യവും കേസിന് പോകുമ്പോൾ കുറേ പണം യൂണിവേഴ്‌സിറ്റിക്ക് ചെലവാകുന്നുണ്ട്. ഇത് കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റിക്കും ബാധകമാകുന്ന വിധിയാണ്. ഇന്നലെ കോടതിയിൽ നടന്ന വാദത്തിൽ ഡെപ്യൂട്ടേഷൻ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാമോയെന്ന ചോദ്യത്തിന്, കഴിയില്ല എന്നാണ് യു.ജി.സിയുടെ അഭിഭാഷകൻ പറഞ്ഞത്. ഇത് നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ ഇപ്പോഴുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി.


ഓരോ അപേക്ഷകന്റെയും വിവരങ്ങൾ വൈസ് ചാൻസലർ എന്ന നിലയിൽ തനിക്കറിയില്ല. അപേക്ഷയിൽ പറയുന്ന വിവരങ്ങൾ വച്ചാണ് യൂണിവേഴ്‌സിറ്റി മുന്നോട്ടു പോകുന്നത്. എന്നാൽ 01-08-22ൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ പ്രിയാ വർഗീസിനോട് യൂണിവേഴ്‌സിറ്റി ആവശ്യപ്പെട്ടെങ്കിലും അവർ നൽകിയില്ല. കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഇനി അതൊക്ക പരിശോധിക്കേണ്ടതാണെന്നും കണ്ണൂർ വിസി പ്രതികരിച്ചു.

യു.ജി.സി നിയമങ്ങളും കേരളത്തിലെ ആക്‌ടും തമ്മിൽ ചില അന്തരങ്ങളുണ്ട്. ഇന്നലത്തെ കോടതി വിധിയിലെ പരാമർശങ്ങൾ ഭാവിയിൽ ചില അദ്ധ്യാപകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കോടതി ഉത്തരവനുസരിച്ച് അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് പ്രിയാ വർഗീസ് ഉൾപ്പെടെയുള്ള ആദ്യ മൂന്ന് റാങ്കുകാരുടെ പട്ടിക വീണ്ടും പരിശോധനയ‌്ക്ക് വിധേയമാക്കും. തുടർന്നാകും നടപടി ഉണ്ടാവുകയെന്നും കണ്ണൂർ വിസി വ്യക്തമാക്കി.

പ്രിയാ വർഗീസിനെ ചട്ട വിരുദ്ധമായി അസോസിയേറ്റ് പ്രൊഫസറാക്കാൻ നാല് ഘട്ടങ്ങളായി നടത്തിയ മിന്നൽ നീക്കങ്ങളാണ് ഹൈക്കോടതി ഇന്നലെ പൊളിച്ചത്. അഞ്ച് വർഷത്തെ അദ്ധ്യാപന പരിചയവും, നൂറിൽപ്പരം ഗവേഷണ പ്രബന്ധങ്ങളുമുള്ള, സി.പി.എം അദ്ധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയുടെ സജീവ പ്രവർത്തകനായ ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ അദ്ധ്യാപകനെയും, മലയാളം സർവകലാശാലയിലെ രണ്ട് അദ്ധ്യാപകരെയും പിന്തള്ളിയാണ് പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകിയത്.

ഡോ.ഗോപിനാഥ് രവീന്ദ്രൻ ആദ്യ വട്ടം വി.സിയായിരുന്നപ്പോഴാണ് അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് ശരവേഗത്തിൽ നടപടികളുണ്ടായത്. വി.സിയുടെ കാലാവധി തീരുന്നതിന് തൊട്ടുമുൻപായിരുന്നു അഭിമുഖം. ഇന്റർവ്യൂ നേരിട്ടല്ലാതെ ഓൺലൈനായി നടത്തി. എം.ബി.രാജേഷിന്റെ ഭാര്യയുടെ സംസ്‌കൃത സർവകലാശാലയിലെ നിയമനത്തിന് ഇന്റർവ്യൂവിൽ മാർക്ക് കൂട്ടി നൽകിയ പ്രൊഫസറെ ഇവിടെയും ഇന്റർവ്യൂ ബോർഡംഗമാക്കി. പ്രിയ ഒന്നാമതെത്തിയ റാങ്ക് പട്ടിക രഹസ്യമാക്കി വച്ചു. ഇതിനുള്ള പരിതോഷികമെന്നോണം, സർക്കാർ ഗവർണറിൽ സമ്മർദ്ദം ചെലുത്തി ഗോപിനാഥ് രവീന്ദ്രന് വി.സിയായി പുനർനിയമനം നൽകി.

നിയമനത്തിനുള്ള പ്രധാന മാനദണ്ഡമായ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള സ്‌കോർ ഏറ്റവും കുറവ് പ്രിയ വർഗീസിനായിരുന്നു. അദ്ധ്യാപന പരിചയവും തീരെ കുറവ്. എന്നിട്ടും അഭിമുഖത്തിന് 32 മാർക്ക് നൽകി ഒന്നാം റാങ്കിലെത്തിച്ചു. ഗവേഷണത്തിനുള്ള 156 സ്‌കോർ പോയിന്റാണ് പ്രിയയ്ക്കുള്ളത്. ഏറ്റവും കൂടുതൽ പോയിന്റുള്ള (651)ചങ്ങനാശേരി എസ്.ബി കോളേജിലെ അദ്ധ്യാപകൻ ജോസഫ് സ്‌കറിയയ്ക്ക് രണ്ടാം റാങ്കും, 645 പോയിന്റുള്ള മലയാളം സർവകലാശാലയിലെ സി.ഗണേഷിന് മൂന്നാം റാങ്കുമാണ് നൽകിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PRIYA VARGHESE, KANNUR VC, GOPINATH RAVEENDRAN, KK RAGESH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.