SignIn
Kerala Kaumudi Online
Friday, 26 April 2024 6.58 AM IST

പഴയ വാഹനം മാറ്റുന്നത് അറ്റകുറ്റപ്പണി കാരണം, വാങ്ങുന്ന കാർ കടന്ന് ഒരു ബുള്ളറ്റ് വരുമോ എന്ന് ഭയന്ന് ജീവിക്കേണ്ട അവസ്ഥയില്ലെന്ന് പി ജയരാജൻ

p-jayarajan

തിരുവനന്തപുരം : പുതിയ കാർ വാങ്ങാൻ 35 ലക്ഷം അനുവദിച്ചെന്ന വാർത്തയോട് പ്രതികരിച്ച് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ. കഴിഞ്ഞ പത്ത് വർഷങ്ങളായി വൈസ് ചെയർമാൻ ഉപയോഗിക്കുന്നത് ഇന്നോവയാണ്. കാലപ്പഴക്കം കൊണ്ടും ഉപയോഗം കൊണ്ടും ആ വാഹനം മാറ്റേണ്ട നിലയിൽ എന്നേ ആയിട്ടുണ്ട്. നിരന്തരമായി അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വരുന്ന ആ കാറിൽ പലയിടത്തും ഉഗ്ഗേശിക്കുന്ന സമയത്ത് എത്താനാവാത്ത സ്ഥിതിയായിരുന്നു. ഈ അവസ്ഥയിലാണ് പുതിയ വാഹനം വാങ്ങാനുള്ള അനുമതി ലഭിക്കുന്നതെന്ന് ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിച്ചു. 35 ലക്ഷം രൂപയുടേതല്ല,​ പരമാവധി 35 ലക്ഷം രൂപയുടെ വാഹനത്തിനാണ് അനുമതി ലഭിച്ചതെന്നും ജയരാജൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

പരമാവധി 35 ലക്ഷം രൂപ വിലവരുന്ന ( ശ്രദ്ധിക്കുക, 35 ലക്ഷം തന്നെ വേണം എന്നല്ല, പരമാവധി വില 35 ലക്ഷം) വാഹനം വാങ്ങാനുള്ള അനുമതിയാണ് ലഭിച്ചത്. സ്ഥിരമായി കേടുവന്ന് യാത്രാപ്രശ്‌നങ്ങളിൽ പെടുന്ന പഴയ കാറിനു പകരം പുതിയതൊന്നു വേണം. അത്രയേ ഇക്കാര്യത്തിൽ കണ്ടിട്ടുള്ളൂ- ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ആർ.എസ്,എസുകാർ വീട്ടിലേക്ക് ഇരച്ചുകയറി വന്ന് തലങ്ങും വിലങ്ങും വെട്ടിയപ്പോൾ പ്രൂഫ് കവചമായി ആകെ ഉണ്ടായിരുന്നത് ഒരു ചൂരൽക്കസേരയാണ്. അതുപയോഗിച്ച് പ്രതിരോധിച്ചതിന്റെ ബാക്കിയാണ് ഇന്നും നിങ്ങൾക്കിടയിൽ ജീവിച്ചിരിക്കുന്ന പി ജയരാജൻ'. വാങ്ങുന്ന കാർ കടന്ന് ഒരു ബുള്ളറ്റ് വരുമോ എന്ന് ഭയന്നു ജീവിക്കേണ്ട അവസ്ഥയില്ലെന്നും പി. ജയരാജൻ കുറിച്ചു.

പി. ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മാധ്യമങ്ങൾക്ക് സിപിഎം നു എതിരെയുള്ള എന്തും വാർത്തയാണ്. ഇപ്പോൾ മാധ്യമകുന്തമുന ഒരിക്കൽക്കൂടി എനിക്കു നേരെ തിരിഞ്ഞിരിക്കുന്നു. സർക്കാർ ചിലവിൽ 'ബുള്ളറ്റ് പ്രൂഫ് ആഡംബര കാർ' വാങ്ങുന്നു എന്നാണ് ആരോപണം. കഴിയാവുന്നത്ര ഭാവനകളുപയോഗിച്ച് വാർത്ത പൊലിപ്പിക്കുന്നവരോട് നിങ്ങൾ മറുപടി അർഹിക്കുന്നില്ല എന്നേ പറയാനുള്ളൂ. വസ്തുതകൾ അറിയാനാഗ്രഹിക്കുന്നവർക്ക് വേണ്ടി ഇത്രയും പറയട്ടെ.

പാർട്ടി ഏൽപ്പിച്ച ചുമതലകളായാണ് ഖാദി ബോർഡ് അടക്കം ഏതു സ്ഥാനത്തേയും ഞാനെന്നും കാണുന്നത്. അവ നിർവ്വഹിക്കുന്നതിൻ്റെ ഭാഗമായി നിരന്തരം ദീർഘയാത്രകൾ വേണ്ടിവരാറുണ്ട്. കഴിഞ്ഞ പത്ത് വർഷങ്ങളായി വൈസ് ചെയർമാൻ ഉപയോഗിക്കുന്നത് ഇന്നോവയാണ്. കാലപ്പഴക്കം കൊണ്ടും ഉപയോഗം കൊണ്ടും ആ വാഹനം മാറ്റേണ്ട നിലയിൽ എന്നേ ആയിട്ടുണ്ട്. നിരന്തരമായി അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വരുന്ന ആ കാറിൽ പലയിടത്തും ഉദ്ദേശിക്കുന്ന സമയത്ത് എത്താനാവാത്ത സ്ഥിതിയായിരുന്നു. ഈ അവസ്ഥയിലാണ് പുതിയ വാഹനം വാങ്ങാനുള്ള അനുമതി ലഭിക്കുന്നത്. പരമാവധി 35 ലക്ഷം രൂപ വിലവരുന്ന ( ശ്രദ്ധിക്കുക, 35 ലക്ഷം തന്നെ വേണം എന്നല്ല, പരമാവധി വില 35 ലക്ഷം) വാഹനം വാങ്ങാനുള്ള അനുമതിയാണ് ലഭിച്ചത്.

സ്ഥിരമായി കേടുവന്ന് യാത്രാപ്രശ്നങ്ങളിൽ പെടുന്ന പഴയ കാറിനു പകരം പുതിയതൊന്നു വേണം. അത്രയേ ഇക്കാര്യത്തിൽ കണ്ടിട്ടുള്ളൂ.

പിന്നെ, ബുള്ളറ്റ് പ്രൂഫ്. എൻ്റെ വീട്ടിലേക്ക് ഒരു തിരുവോണ ദിവസം ആർ എസ് എസുകാർ ഇരച്ചു കയറി എന്നെ തലങ്ങും വിലങ്ങും വെട്ടിയപ്പോൾ എൻ്റെ പ്രൂഫ് കവചമായി ആകെ ഉണ്ടായിരുന്നത് ഒരു ചൂരൽക്കസേരയാണ്. അതുപയോഗിച്ച് പ്രതിരോധിച്ചതിൻ്റെ ബാക്കിയാണ് ഇന്നും നിങ്ങൾക്കിടയിൽ ജീവിച്ചിരിക്കുന്ന പി ജയരാജൻ. അതുകൊണ്ട് വാങ്ങുന്ന കാർ കടന്ന് ഒരു ബുള്ളറ്റ് വരുമോ എന്ന് ഭയന്നു ജീവിക്കേണ്ട അവസ്ഥ എനിക്കില്ല. ബുള്ളറ്റിനു പ്രൂഫ് ഉണ്ടായാലും കൊള്ളാം, ഇല്ലെങ്കിലും കൊള്ളാം .എന്നെ അറിയുന്ന ഏതു മലയാളിക്കും ഇക്കാര്യം മനസ്സിലാവുകയും ചെയ്യും.

ഖാദി എന്ന പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴിലാളികൾ ഇന്ന് നിലനിൽക്കുന്നത് എൽഡിഎഫ് സർക്കാരിൻ്റെ പിന്തുണയോടെയാണ്. കോവിഡ് മഹമാരിയുടെ കാലത്ത് ജോലിയും കൂലിയും ഇല്ലാതിരുന്ന ഖാദി തൊഴിലാളികൾക്ക് ഇന്ന് അത് ലഭിക്കുന്നുണ്ട്. അത് സർക്കാരിൻ്റെ പിന്തുണയോടെ ബോർഡ് നടത്തിയ പ്രവർത്തന ഫലമായാണ്. ഈ കഴിഞ്ഞ ഓണക്കാലത്ത് ഖാദി തൊഴിലാളികൾക്ക് ഒരു കോടി മുപ്പതി രണ്ടു ലക്ഷം രൂപയാണ് പ്രത്യേക സഹായ ധനം അനുവദിച്ചത് സർവീസ് സംഘടനകളും സാമൂഹ്യ സംഘടനകളും നൽകിയ പിന്തുണയുടെ ഫലമായിയാണ് ഖാദി വസ്ത്ര വിപണനം ശക്തി പെട്ടത്. ഈ വിപണനം ക്രിസ്തുമസ് പുതു വർഷ വേളയിലും നടക്കും. വൈസ് ചെയർമാന് ബുള്ളറ്റ് പ്രൂഫ് കാർ എന്ന വ്യാജ വാർത്ത സൃഷ്ടിച്ച് പാവപെട്ട ഖാദി തൊഴിലാളികളുടെ കഞ്ഞി കുടി മുട്ടിക്കരുത് എന്നാണ് ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളോട് അഭ്യർത്ഥി ക്കുന്നത്.

വലതുപക്ഷ- വർഗീയമാദ്ധ്യമങ്ങൾ ഈ ചെയ്തുകൊണ്ടിരിക്കുന്ന ഭാവനാവിലാസങ്ങൾ മലയാളിയുടെ കണ്ണിൽ പൊടിയിടാനുള്ള വിഫലശ്രമങ്ങളാണ്. നിങ്ങൾക്കുള്ളതിലും സുപ്രധാനമായ ജാഗ്രത കേരളത്തിൻ്റെ സാമ്പത്തികനിലയെക്കുറിച്ചും ഇന്നത്തെ ആവശ്യങ്ങളെക്കുറിച്ചും ഇടതുപക്ഷത്തിനുണ്ട്. അതിനാലാണ് ഇത്തരം ഏതു കള്ളപ്രചരണത്തെയും മറികടന്ന് ഇടതുപക്ഷം കേരളം ഭരിക്കുന്നത്. അത്രയെങ്കിലും ഓർക്കുന്നത് നല്ലതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: P JAYARAJAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.