SignIn
Kerala Kaumudi Online
Thursday, 10 September 2026 8.24 PM IST

കോന്നി മെഡിക്കൽ കോളേജ് റോഡ് വികസനം: സ്ഥലം നൽകിയില്ലെങ്കിൽ നിയമനടപടി

medical-college

കോന്നി : മെഡിക്കൽ കോളേജ് റോഡ് വികസനം വേഗത്തിലാക്കുവാൻ കെ.യു.ജനീഷ് കുമാർ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം തീരുമാനിച്ചു. ഇതിനായി വസ്തു ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കും. നിരവധി തവണ ഇടപെട്ട് അഭ്യർത്ഥിച്ചിട്ടും റോഡ് വികസനത്തിനായി വിട്ടു നൽകാൻ തയ്യാറാകാത്തവരുടെ ഭൂമി ഏറ്റെടുക്കുവാൻ ജില്ലാ കളക്ടർ നിയമ നടപടികൾ സ്വീകരിക്കും. വൈദ്യുത പോസ്റ്റുകളും, കുടിവെള്ള പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കുകയും ചെയ്യും. മുരിങ്ങമംഗലം ജംഗ്ഷൻ മുതൽ വട്ടമൺ വരെയും പയ്യനാമൺ മുതൽ വട്ടമൺ വരെയുമുള്ള 4.5 കിലോമീറ്റർ റോഡ് 12 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. 14 കോടി രൂപയാണ് റോഡ് വികസനത്തിനായി സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇരുവശങ്ങളിലും ഓടയും 9 മീറ്റർ ടാറിങ്ങുമാണ് വിഭാവനം ചെയ്യുന്നത്. 225 പേരുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നത്. ഇതിൽ 125 പേരുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ളവയിൽ 40 പേരുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ ആധാരം എഴുത്ത് ഓഫീസിലും ജില്ലാ ഗവൺമെന്റ് പ്ലീഡറുടെ ഓഫീസിലും പുരോഗമിക്കുകയാണ്. തുക അനുവദിച്ചിട്ടും സ്ഥലത്ത് താമസം ഇല്ലാത്ത പത്തുപേരുടെ ഭൂമിയുടെ രേഖകൾ അടിയന്തരമായി സംഘടിപ്പിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിയമപരമായ അഭിപ്രായം ലഭിക്കുന്നതിനുവേണ്ടി ജില്ലാ ഗവൺമെന്റ് പ്ളീഡറുടെ ഓഫീസിലുള്ള ഫയലുകൾ തീർപ്പാക്കുവാൻ ഗവൺമെന്റ് പ്ലീഡറുടെയും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുടെയും സംയുക്ത യോഗം വിളിച്ചുചേർക്കും. യോഗത്തിൽ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ, സ്പെഷ്യൽ തഹസീദാർ എം എസ് വിജു കുമാർ, പൊതുമരാമത്ത് നിരത്ത് ഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ബി. വിനു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബി. ബിനു, അസിസ്റ്റന്റ് എൻജിനീയർ രൂപക്ക് ജോൺ, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ അശ്വിനി കുമാർ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ സ്‌കറിയാ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL