ശിവഗിരി: ഈ വർഷത്തെ ശിവഗിരി തീർത്ഥാടനം ഡിസംബർ 15 ന് തുടങ്ങി 2023 ജനുവരി 5 ന് അവസാനിക്കും.
ശിവഗിരി തീർത്ഥാടന നവതി, ബ്രഹ്മവിദ്യാലയം കനകജൂബിലി, മഹാകവി രവീന്ദ്രനാഥ ടാഗോർ ശിവഗിരി സന്ദർശിച്ചതിന്റെ ശതാബ്ദി, മഹാകവി കുമാരനാശാന്റെ 150ാം ജയന്തി എന്നിവ പരിഗണിച്ച് വിശേഷാൽ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. നരബലി തുടങ്ങിയ അനാചാരങ്ങളിലേയ്ക്കും അന്ധവിശ്വാസങ്ങളിലേയ്ക്കും വഴുതി പോയ സമൂഹത്തിന് ശാസ്ത്രീയ മാർഗം ചൂണ്ടിക്കാട്ടുന്നതിന് പര്യാപ്തമായ പ്രഭാഷണങ്ങളും പഠന ക്ലാസ്സുകളും തീർത്ഥാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.
മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം കുട്ടികളിലേയ്ക്കും യുവാക്കളിലേയ്ക്കും വ്യപിച്ചിരിക്കുന്ന അവസ്ഥയിൽ ഇതിനെതിരെ ബോധവത്ക്കരണം നൽകുന്നതിനാവശ്യമായ പരിപാടികളും പ്രത്യേകമായി നടത്തും.
ഡിസംബർ 15 മുതൽ മഹാഗുരുപൂജ, പുഷ്പാഞ്ജലി, ശാരദാപുഷ്പാഞ്ജലി കുട്ടികളുടെ വിദ്യാഭ്യാസ വർദ്ധനവിന് വേണ്ടി പേന പ്രസാദമായി നൽകിക്കൊണ്ടുള്ള ശാരദാപൂജ, മഹാശാന്തി ഹവനം എന്നിവ നടത്തും. ഡിസംബർ 20 മുതൽ 25 വരെ രാവിലെ 10 മുതൽ ഗുരുദേവകൃതികളേയും വിവിധ വിഷയങ്ങളേയും ആസ്പദമാക്കി പ്രഭാഷണങ്ങളും പഠനക്ലാസ്സുകളും നടക്കും. ഗുരുദേവൻ ഉപദേശിച്ച തീർത്ഥാടന ലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൈത്തൊഴിൽ, കച്ചവടം, സംഘടന, ശാസ്ത്രസാങ്കേതിക പരിശീലനം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി അതാത് വിഷങ്ങളിൽ പ്രാഗത്ഭ്യം നേടിയവരുടെ പ്രഭാഷണങ്ങളും സമ്മേളനങ്ങളും നടക്കും.
ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരുധർമ്മപ്രചരണസഭയുടേയും എസ്.എൻ.ഡി.പി യോഗം അടക്കമുള്ള ഗുരുദേവ പ്രസ്ഥാനങ്ങളുടേയും നേതൃത്വത്തിൽ വിളംബര സമ്മേളനങ്ങൾ നടത്തേണ്ടതാണ്. ഗുരുധർമ്മപ്രചരണസഭയുടെ ആഭിമുഖ്യത്തിൽ ഔദ്യോഗികമായ തീർത്ഥാടന പദയാത്ര നാഗമ്പടം ക്ഷേത്രസന്നിധിയിൽ നിന്നും തുടങ്ങും. രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നുമായി സംഘടിപ്പിക്കുന്ന തീർത്ഥാടന പദയാത്രകൾ ഡിസംബർ 29 ന് ശിവഗിരിയിൽ എത്തിച്ചേരും.
ശിവഗിരി തീർത്ഥാടന സന്ദേശം ഇനിയും കടന്നു ചെല്ലാത്ത പ്രദേശങ്ങളിലൂടെ പദയാത്രകൾ സംഘടിപ്പിക്കേണ്ടതാണ്.
ശിവഗിരി തീർത്ഥാടനത്തിന്റെ നവതിയുടെ നിറവിൽ ഇക്കൊല്ലം വിശേഷറാലി സംഘടിപ്പിക്കുന്ന പരിപാടികൾ വിജയപ്രദമാക്കുന്നതിന് എല്ലാ ഗുരുഭക്തരും സുമനസുകളും മുന്നോട്ട് വരണമെന്ന് ശ്രീനാരായണ ധർമ്മസംഘംട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഖജാൻജി സ്വാമി ശാരദാനന്ദ, തീർത്ഥാടന സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവർ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |