SignIn
Kerala Kaumudi Online
Thursday, 19 February 2026 4.56 AM IST

ജി-20 നായകത്വം: ലോകനന്മ ലക്ഷ്യമെന്ന് പ്രധാനമന്ത്രി

Increase Font Size Decrease Font Size Print Page
modi

ന്യൂഡൽഹി: ജി -20 അന്താരാഷ്‌ട്ര കൂട്ടായ്‌മയുടെ അദ്ധ്യക്ഷ സ്ഥാനത്ത് ഇന്ത്യയെത്തുന്നത് മനുഷ്യരാശിയുടെ മുഴുവൻ നൻമ ലക്ഷ്യമിട്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ പരിഹരിക്കാൻ ഒന്നിച്ച് പ്രവർത്തിക്കണമെന്ന സന്ദേശവും ഇന്ത്യ മുന്നോട്ടു വയ്‌ക്കുമെന്ന് തന്റെ ബ്ളോഗിൽ പ്രധാനമന്ത്രി പറഞ്ഞു.

2023 നവംബർ 30വരെയാണ് ഇന്ത്യയുടെ അദ്ധ്യക്ഷ പദവി. സെപ്‌തംബറിൽ നടക്കുന്ന ജി-20 ഉച്ചകോടിയാണ് ഇക്കാലയളവിൽ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ പരിപാടി. ഇതുകൂടാതെ 56 സ്ഥലങ്ങളിൽ ഇരുന്നൂറിലേറെ ലോക സമ്മേളനങ്ങളും യോഗങ്ങളും സംഘടിപ്പിക്കും. ജി-20 ഉച്ചകോടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചിന് തിങ്കളാഴ്‌ച സർവകക്ഷി യോഗം വിളിക്കും.

അദ്ധ്യക്ഷ സ്ഥാനത്ത് ഇന്ത്യയുടെ അജൻഡ എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രവർത്തനോൻമുഖവുമായിരിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകരാജ്യങ്ങൾക്കിടയിൽ സാർവത്രികമായ ഐക്യബോധം കെട്ടിപ്പടുക്കാൻ ഇന്ത്യ പ്രോത്സാഹനം നൽകും. അതിനുള്ള നടപടികളിൽ ജി-20 അംഗങ്ങളല്ലാത്ത രാജ്യങ്ങളെയും ഉൾപ്പെടുത്തും.


കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം, മഹാമാരി തുടങ്ങിയ ഇന്നത്തെ വലിയ വെല്ലുവിളികൾ ഒന്നിച്ച് നേരിടേണ്ടതുണ്ട്. അതിനാൽ മനുഷ്യ കേന്ദ്രീകൃത ആഗോളവത്ക്കരണത്തിന്റെ പുതിയ മാതൃക രൂപപ്പെടുത്തണം.സാമ്പത്തികസ്ഥിരത ഉറപ്പുവരുത്തുന്നതിനും അന്താരാഷ്ട്ര നികുതികൾ യുക്തിസഹമാക്കുന്നതിനും രാജ്യങ്ങളുടെ കടബാദ്ധ്യത ഒഴിവാക്കുന്നതിനും ജി-20 എടുത്ത നിലപാടുകൾ പ്രയോജനം ചെയ്‌തതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൂടുതൽ നേട്ടങ്ങൾ ആർജ്ജിക്കണമെന്നതാണ് ഇന്ത്യയുടെ ആഗ്രഹം. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി" എന്ന പ്രമേയത്തിലൂന്നിയാകും ഇന്ത്യയുടെ പ്രവർത്തനം. ലോകത്തെ സമീപകാല സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ മുദ്രാവാക്യത്തിന് പ്രസക്തിയുണ്ട്.

വികസ്വര രാജ്യങ്ങൾക്ക് ഇന്ത്യയുടെ അനുഭവങ്ങളും മാതൃകകളും അവതരിപ്പിക്കാനുള്ള അവസരം കൂടിയാണിതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വൈഭവവും പ്രഭാവവും ലോകത്തിന് ദൃശ്യമാക്കാനുള്ള അവസരമാണിതെന്ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര പറഞ്ഞു. ചരിത്രപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന വർഷമായി 2023 മാറുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY