കണ്ണൂർ: മാരകമാകുംമുമ്പേ സ്തനാർബുദം തിരിച്ചറിയാൻ സാധിക്കുന്നതും ഏറ്റവും ചെലവുകുറഞ്ഞതും ലളിതവുമായ മെഡിക്കൽ ഉപകരണം അടുത്ത വർഷം വിപണിയിലെത്തും. സ്തനാർബുദം നേരത്തെ കണ്ടെത്താനായി തലശേരിയിലെ മലബാർ കാൻസർ സെന്റർ സി-മാറ്റിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത യു.എസ്. പേറ്റന്റ് നേടിയ 'സ്പോർട്സ് ബ്രാ"യാണ് വിപണിയിലെത്തുന്നത്. ഇന്ത്യ- ജാപ്പാൻ സംയുക്ത സംരംഭമായ മുറാട്ട മെഷീനറി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് ബ്രാ നിർമ്മിക്കുന്നത്. ഉത്പാദനത്തിനും വിപണനത്തിനുമായി രാജ്യത്തിനകത്തും പുറത്തും നിന്നുമായി മലബാർ കാൻസർ സെന്ററിനെ സമീപിച്ച കമ്പനികളുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് മുറാട്ട ഇന്ത്യയെ തിരഞ്ഞെടുത്തത്.
കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർക്ക് വീട്ടിൽ സ്ക്രീൻ ചെയ്യാൻ കഴിയുന്ന തരത്തിൽ ലളിതമാണ് സ്പോർട്സ് ബ്രാ. മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് വികസിപ്പിച്ചെടുത്തത്. ഇന്ത്യയിലെ നഗരങ്ങളിൽ ഏറ്റവും സാധാരണമായതും ഗ്രാമീണ ഇന്ത്യയിൽ ഏറ്റവും സാധാരണമായവയിൽ രണ്ടാമത്തേതുമാണ് സ്തനങ്ങളെ ബാധിക്കുന്ന അർബുദം. സ്തനാർബുദം നേരത്തെ കണ്ടെത്തുന്നത് അതിജീവനത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും ചികിത്സയുടെ ചെലവും ദൈർഘ്യവും കുറയ്ക്കുകയും ചെയ്യും.
പരിശോധന ലളിതം, സ്വകാര്യം
ആശാവർക്കർമാർക്കും മറ്റു സന്നദ്ധ പ്രവർത്തകർക്കുമായിരിക്കും ആദ്യ ഘട്ടത്തിൽ ഈ ജാക്കറ്റ് വിതരണം ചെയ്യുക. സെൻസറാണ് ഇതിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. യന്ത്രത്തിന് നിശ്ചിത കാലാവധിയില്ല. ബാറ്ററി മാത്രമാണ് മാറ്റേണ്ടി വരുന്നത്.
1. റേഡിയേഷൻ ഭയം വേണ്ട. വേദനയില്ല
2.പരിശോധനയ്ക്ക് 15 മുതൽ 30 മിനിട്ട് വരെ
3. കൃത്യതയും സ്വകാര്യതയും ഉറപ്പ്
നേട്ടം വന്ന വഴി
സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിന് കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർക്കോ ആശാ പ്രവർത്തകർക്കോ മറ്റു സ്ത്രീകൾക്കോ കൈകാര്യം ചെയ്യാനാവുന്ന ഒരു ഉപകരണം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രയത്നത്തിന്റെ ഫലമാണ് സ്പോർട്സ് ബ്രാ. കാൻസർ കോശങ്ങൾ വളരെ സജീവമായതിനാൽ അവ ഊർജ്ജം പുറത്തുവിടുന്നു. അത് ലളിതവും കൈയിൽ കൊണ്ടുപോകാവുന്നതുമായ ഒരു ഉപകരണത്തിന് റീഡ് ചെയ്യാൻ കഴിയും. അതിനാൽ, കാൻസർ കോശങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുക എന്ന തത്വം ഉപയോഗിച്ച് ഒരു ഉപകരണം രൂപപ്പെടുത്തുന്നതിന് മലബാർ കാൻസർ സെന്റർ സി. മെറ്റിനെ സമീപിക്കുകയായിരുന്നു.
''വിപണന സാദ്ധ്യത ശക്തിപ്പെടുന്നതോടെ കൂടുതൽ പേർക്ക് ഈ ഉപകരണം ആശ്വാസമാകും. പലരെയും പൂർണമായി രോഗമുക്തരാക്കാനും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും സഹായിക്കും.
-ഡോ. സതീശൻ ബാലസുബ്രഹ്മണ്യം
റിസർച്ച് ഡയറക്ടർ, എം.സി.സി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |