തിരുവനന്തപുരം: അറുപത്തിനാലാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തുടക്കമായി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സങ്ങൾ നടക്കുന്നത്. കായികമാമാങ്കത്തിലെ ആദ്യം സ്വർണം സ്വന്തമാക്കിയത് പാലക്കാടാണ്.
3000 മീറ്ററിലാണ് പാലക്കാട് സ്വർണം നേടിയത്. സീനിയർ മത്സരത്തിൽ മുഹമ്മദ് മഷൂദ്, ജൂനിയർ മത്സരത്തിൽ ബിജോയ് ജെ, ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ ആർ രുദ്ര എന്നിവരാണ് പാലക്കാടിന് വേണ്ടി സ്വർണം നേടിയത്. സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ പൂഞ്ഞാർ എസ് എം വി എച്ച് എസ് എസിലെ ദേബിക ബെന്നും സ്വർണം നേടി. 2019ൽ കണ്ണൂരിൽ നടന്ന മീറ്റിൽ പാലക്കാടായിരുന്നു ജേതാക്കൾ.
രാവിലെ ഏഴുമണിയ്ക്ക് സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററോടെയാണ് മേള തുടങ്ങിയത്. ആദ്യദിനമായ ഇന്ന് 23 ഇനങ്ങളിൽ ഫൈനൽ നടക്കും. രാത്രിയിലും മത്സരമുണ്ടെന്നതാണ് ഈ വർഷത്തെ പ്രത്യേകത. ഡിസംബർ ആറുവരെ നീളുന്ന മേളയിൽ 98 ഇനങ്ങളിലായി 2737 താരങ്ങളാണ് മാറ്റുരയ്ക്കുന്നത്.