SignIn
Kerala Kaumudi Online
Thursday, 19 September 2024 1.11 AM IST

ശുചിത്വ കേരളത്തിനായി ഇരട്ടി കരുത്തോടെ

Increase Font Size Decrease Font Size Print Page

photo

കേരളത്തെ മാതൃകയാക്കണമെന്ന് അഭിപ്രായപ്പെട്ട കേന്ദ്ര ഹരിത ട്രൈബ്യൂണലിന്റെ നടപടി ശുചിത്വ കേരളത്തിനായി കൂടുതൽ കരുത്തോടെ മുന്നേറാൻ സംസ്ഥാന സർക്കാരിനും തദ്ദേശവകുപ്പിനും പ്രചോദനമാകും എന്നതിൽ സംശയമില്ല.

മാലിന്യസംസ്‌കരണ രംഗത്ത് കേരളം ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിയതെന്ന് ഹരിത ട്രൈബ്യൂണൽ ഉത്തരവിൽ ചൂണ്ടിക്കാട്ടിയത് കേരളത്തിന് ഏറ്റവും വലിയ ബഹുമതിയാകുന്നത് മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതി പരിശോധിക്കുമ്പോഴാണ്. മഹാരാഷ്ട്രയ്ക്ക് 12000 കോടിയും പഞ്ചാബിന് 2080 കോടിയും ഡൽഹിക്ക് 900 കോടിയും കർണാടകയ്ക്ക് 2900 കോടിയും രാജസ്ഥാന് 3000 കോടിയും പിഴ ചുമത്തിയിരുന്നു. പശ്ചിമബംഗാളിന് 3500 കോടിയും തെലങ്കാനയ്ക്ക് 3800 കോടിയുമായിരുന്നു പിഴ ചുമത്തിയത്. ശുചിത്വരംഗത്ത് സംസ്ഥാനത്തിന്റെ സജീവമായ ഇടപെടലിനുള്ള അംഗീകാരമാണ് കേരളത്തിന് ലഭിച്ച അംഗീകാരം. ശുചിത്വമുള്ളതും സുന്ദരവുമായ കേരളം സൃഷ്ടിക്കാൻ ഈ അംഗീകാരം പ്രോത്സാഹനമേകും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് സംസ്ഥാനമെങ്ങും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യസംസ്‌കരണ സംവിധാനങ്ങളൊരുക്കും.

2026ഓടെ സമ്പൂർണ ശുചിത്വ കേരളം സാദ്ധ്യമാക്കാനുള്ള സജീവ ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് ഇതിനോടകം മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കിയിട്ടുണ്ട്. ഖരദ്രവ മാലിന്യപ്രശ്നം പരിഹരിക്കാൻ കേരളം നടത്തുന്ന ഇടപെടലുകൾ ഹരിത ട്രിബ്യൂണൽ വിധി പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇതിനായി കേരളം ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാനുള്ള ഇടപെടലിനെക്കുറിച്ചും പരാമർശമുണ്ട്. സമയബന്ധിതമായി മാലിന്യ സംസ്‌കരണപദ്ധതികൾ പൂർത്തിയാക്കണമെന്ന് ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചു. ഇക്കാര്യം കേരളം അംഗീകരിച്ചു. ദ്രവമാലിന്യം കൈകാര്യം ചെയ്യാൻ കേരളം 2343.18 കോടിയുടെ പദ്ധതികൾ ഇതിനകം രൂപകല്‌പന ചെയ്തിട്ടുണ്ട്. ഗ്യാപ് ഫണ്ടായി 84.628 കോടിയും നീക്കിവെച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഹരിത ട്രൈബ്യൂണലിന്റെ നിർണായക വിധി വന്നത്. ഹരിത ട്രൈബ്യൂണൽ വർഷം തോറും സംസ്ഥാനങ്ങളിലെ

മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന് അംഗീകാരം നൽകിയത്.

2018ൽ കൊച്ചി നഗരസഭയ്ക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ ഒരുകോടി രൂപ പിഴ ചുമത്തിയത് ഏറെ ചർച്ചയായിരുന്നു. ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റ് നിർമാണം അനിശ്ചിതമായി വൈകുന്നതിനെ തുടർന്നായിരുന്നു നടപടി. ആറുമാസത്തിനുള്ളിൽ പ്ലാന്റ് നിർമാണം പൂർത്തിയാക്കണമെന്നും ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു. മാലിന്യനിർമാർജനത്തിൽ കൊച്ചി നഗരസഭയുടെ അലംഭാവം ചൂണ്ടിക്കാട്ടിയാണ് വിധി. ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ച് ഒരുകോടി രൂപ പിഴയാണ് കോർപ്പറേഷനെതിരെ ചുമത്തിയത്. ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിന് ശിലാസ്ഥാപനം നിർവഹിച്ചതല്ലാതെ, നിർമാണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു.

ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ചട്ടങ്ങളും ഹൈക്കോടതി നിയോഗിച്ച മേൽനോട്ടസമിതിയുടെ നിർദേശങ്ങളും കൊച്ചി നഗരസഭ പാലിച്ചില്ലെന്ന് ട്രൈബ്യൂണൽ വിലയിരുത്തി. ഒരുകോടി രൂപ പിഴത്തുകയിൽ 50 ലക്ഷം രൂപവീതം തുക കേന്ദ്ര, സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡുകൾക്ക് നൽകണം. ആറുമാസത്തിനുള്ളിൽ പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കണം. ഗ്യാരണ്ടി തുകയായി മൂന്നുകോടി രൂപ പതിനഞ്ചു ദിവസത്തിനുള്ളിൽ സംസ്ഥാന മലിനീകരണനിയന്ത്രണ ബോർഡിൽ കെട്ടിവയ്ക്കണം. നിർമാണം പൂർത്തിയാക്കുന്നത് വൈകിയാൽ ഗ്യാരണ്ടി തുക നഷ്ടമാകും. വൈകുന്ന ഓരോ ദിവസത്തിനും രണ്ടുലക്ഷം രൂപ വീതം പിഴയും ഈടാക്കും.

ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിസംരക്ഷണവും കണക്കിലെടുത്ത് മാലിന്യനിർമാർജനത്തിനാണ് കൊച്ചി നഗരസഭ ഏറ്റവും മുൻഗണന നൽകേണ്ടതെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. ബ്രഹ്മപുരത്ത് തള്ളിയിരിക്കുന്ന മാലിന്യങ്ങൾ സംസ്‌കരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും മാലിന്യനിർമാർജന പ്ലാന്റ് സ്ഥാപിച്ച് ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും കൊച്ചി നഗരസഭയ്ക്ക് ട്രൈബ്യൂണൽ നിർദേശം നൽകി. എന്നാൽ ഇതിനെതിരെ നഗരസഭയും നിയമപോരാട്ടം തുടങ്ങിയിരുന്നു.


വരുന്നു

പ്രൊഫഷണലുകൾ

ശുചിത്വനഗരങ്ങൾക്കായുള്ള പ്രവർത്തനങ്ങളിൽ കേരളം ഒരുപടി കൂടി മുന്നേറുകയാണ്. നഗരങ്ങളിലെ ശുചിത്വമാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കോർപറേഷനുകളിൽ രണ്ടുവീതവും, മുൻസിപ്പാലിറ്റികളിൽ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. ഇങ്ങനെ ആകെ 99 യുവ പ്രൊഫഷണലുകളെയാണ് നിയമിക്കാൻ ലക്ഷ്യമിടുന്നത്. ബി ടെക്/എം.ബി.എ/ എം.എസ്.ഡബ്ല്യു ആണ് യോഗ്യത. ഇതോടൊപ്പം ശുചിത്വമിഷൻ സംസ്ഥാന ഓഫീസിൽ ഒരു ഡോക്യുമെന്റേഷൻ സ്‌പെഷ്യലിസ്റ്റിനെയും നിയമിക്കും. മാസ് കമ്മ്യൂണിക്കേഷൻ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. എല്ലാ നിയമനങ്ങളും മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വഴിയാണ് നൂറുപേരുടെയും തിരഞ്ഞെടുപ്പ്.

നഗരങ്ങളിലെ ശുചിത്വ പ്രവർത്തനങ്ങൾക്ക് ഇത് ശക്തി പകരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

2026 ഓടെ ശുചിത്വ കേരളം സാദ്ധ്യമാക്കാനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. ഖരദ്രവകെട്ടിട മാലിന്യങ്ങളുൾപ്പെടെ കൈകാര്യം ചെയ്യുന്ന പുത്തൻ മാതൃകകൾ സംസ്ഥാനത്ത് സൃഷ്ടിക്കും. ജനങ്ങളെ ബോധവത്കരിച്ച്, ജനകീയമായിത്തന്നെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഈ ലക്ഷ്യം മുൻനിറുത്തിയുള്ള പ്രവർത്തനങ്ങളിൽ യുവ പ്രൊഫഷണലുകൾക്കളെ സജീവമാക്കുകയാണ് പ്രധാന ഉദ്ദേശം. മാലിന്യ സംസ്‌കരണ പദ്ധതികൾ എല്ലാ നഗരസഭകളിലും യാഥാർഥ്യമാക്കാനുള്ള വിപുലമായ പ്രവർത്തനങ്ങളും മുന്നേറ്റത്തിന്റെ പാതയിലാണ്. നഗരസഭകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരാണ് മാലിന്യശുചിത്വ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണവകുപ്പ് ഏകോപനം യാഥാർത്ഥ്യമായതോടെ എല്ലാ നഗരസഭകളിലും ക്ലീൻ സിറ്റി മാനേജർമാരും നിയമിക്കപ്പെടും. പുറമേ കോർപറേഷനുകളിൽ എൻവയോൺമെന്റൽ എൻജിനിയർമാരും ഉണ്ടാകും. ഇവർക്കൊപ്പം യുവ പ്രൊഫഷണലുകൾ കൂടി എത്തുന്നതോടെ , ശുചിത്വമാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ വൻകുതിപ്പാണ് ലക്ഷ്യമിടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NATIONAL GREEN TRIBUNAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.