ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഭാരത് ജോഡോ യാത്ര ഇന്നലെ രാജസ്ഥാനിൽ പ്രവേശിച്ചതിനു മുന്നോടിയായി വീഡിയോ പുറത്തിറക്കി മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയും യുവ കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ്. എല്ലാവരും ഭാരത് ജോഡോ യാത്രയുടെ ഭാഗമാകണമെന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് സച്ചിൻ അഭ്യർത്ഥിച്ചു. കുട്ടികൾക്കൊപ്പം ദേശീയ പതാകയേന്തി യാത്രയ്ക്കൊരുങ്ങുന്ന സച്ചിൻ പൈലറ്റാണ് വീഡിയോയിലുള്ളത്. രാജസ്ഥാൻ മുഴുവൻ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുന്നു. നിങ്ങളോ എന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. പാർട്ടിയിൽ ഐക്യമുണ്ടെന്നും യാത്രയുടെ വിജയത്തിനായി തങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുന്നെന്നും സച്ചിൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
നാളുകളായി രാജസ്ഥാനിൽ നിലനിന്നിരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് അയവ് വന്നത് ഈയിടെയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിനുമായുള്ളഐക്യത്തിനു ശേഷമാണ് വീഡിയോയുമായുള്ള സച്ചിന്റെ വരവ്. സച്ചിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ രാഹുലിന്റെ ഭാരത് ജോഡോ തടയുമെന്ന് ഗുജ്ജാർ വിഭാഗം ഭീഷണി മുഴക്കിയിരുന്നു. എന്നാൽ സച്ചിൻ ഇതിന് പിന്തുണ നല്കിയിരുന്നില്ല. ഗെലോട്ട് സച്ചിനെ വഞ്ചകൻ എന്നു വിളിച്ചതോടെ ഗെലോട്ടും സച്ചിനും തമ്മിലുള്ള പോര് മുറുകിയിരുന്നു. ഭാരത് ജോഡോ രാജസ്ഥാനിൽ പ്രവേശിക്കും മുമ്പുള്ള ഈ പ്രതിസന്ധി കോൺഗ്രസ് നേതൃത്വത്തിന്റെ തലവേനയായിരിക്കെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഗാർഖെ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രശ്നം രമ്യതയിൽ എത്തിക്കുയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |