ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്കുശേഷം മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാമിന്റെ ശേഷിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണത്തിനായി മോഹൻലാലും ജീത്തു ജോസഫും അടങ്ങുന്ന സംഘം ആഫ്രിക്കയിലെ മൊറോക്കയിലേയ്ക്ക് തിരിച്ചു. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തെ സംബന്ധിച്ച പുതിയ വിവരം പങ്കുവച്ചിരിക്കുന്നത്.
നാൽപ്പതു ദിവസത്തെ ചിത്രീകരണമാണ് ആഫ്രിക്കയിലെ മൊറോക്കയിൽ പ്ളാൻ ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഇതിനു ശേഷം ടുണീഷ്യയിലും ചിത്രീകരണമുണ്ടാവും. ജനുവരി15ന് റാമിന്റെ ചിത്രീകരണം പൂർത്തായാകുമെന്ന് മുൻപ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒരു മാസം നീണ്ട ലണ്ടൻ ഷെഡ്യൂളിനുശേഷം നാലു ദിവസം കൊച്ചിയിലും ചിത്രീകരണമുണ്ടായിരുന്നു. മോഹൻലാൽ, ഇന്ദ്രജിത്ത്, പ്രിയങ്ക നായർ, സംയുക്ത മേനോൻ എന്നിവരായിരുന്നു കൊച്ചി ഷെഡ്യൂളിൽ ഉണ്ടായിരുന്നത്. ലണ്ടൻ ഷെഡ്യൂളിലും ഇതേ താരങ്ങൾ തന്നെയായിരുന്നു.
ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന റാമിൽ തെന്നിന്ത്യൻ താരം തൃഷ ആണ് നായിക. മൂന്നുവർഷത്തിന് ശേഷമാണ് റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന് മുൻപാണ് ചിത്രീകരണം ആരംഭിച്ചത്. കൊവിഡിനെ തുടർന്ന് ചിത്രീകരണം നിറുത്തിവയ്ക്കുകയായിരുന്നു. വിദേശ രാജ്യങ്ങളാണ് റാമിന്റെ പ്രധാന ലൊക്കേഷൻ. രമേഷ് പി പിള്ളയും സുധൻ എസ് പിള്ളയും ചേർന്നാണ് നിർമ്മാണം. സതീഷ് കുറുപ്പ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |