തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ശുപാർശ കത്ത് വിവാദത്തിൽ സിപിഎം അന്വേഷണ കമ്മീഷനെ നിയമിച്ചു. സി ജയൻ ബാബു, ഡി കെ മുരളി, ആർ രാമു എന്നീ നേതാക്കളടങ്ങുന്ന കമ്മീഷൻ വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് സിപിഎം നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്.
ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് അന്വേഷണ കമ്മീഷനെ സംബന്ധിച്ച തീരുമാനം എടുത്തത്. അതേ സമയം കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് കൊണ്ട് യുവ മോർച്ച കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു. നഗരസഭയിലേയ്ക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.കത്ത് വിവാദത്തിലെപ്രതിപക്ഷ പ്രതിഷേധത്തിന്റെ ഭാഗമായി ജനുവരി എഴിന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഹർത്താൽ സംഘടിപ്പിക്കുമെന്ന് മാർച്ചിനെ തുടർന്ന് ബിജെപി നേതാവ് വി വി രാജേഷ് പറഞ്ഞു. ജനുവരി രണ്ട് മുതൽ അഞ്ച് വരെ പ്രതിഷേധ മാർച്ചും ജനുവരി ആറിന് നഗരസഭ വളയുമെന്നും അദ്ദേഹം വ്യക്തമാക്കി.
മേയറുടെ രാജി ആവശ്യപ്പെട്ട് കൊണ്ട് നിയമസഭയിലേയ്ക്കടക്കം ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. കൂടാതെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിന് മുന്നിലും നഗരസഭാ ഭരണസമിതിയുടെ പിരിച്ചുവിടലും മേയറുടെ രാജിയും ആവശ്യപ്പെട്ട് കൊണ്ട് ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |