SignIn
Kerala Kaumudi Online
Saturday, 20 April 2024 8.12 AM IST

തെറ്റുതിരുത്തലിൽ പ്രഹരമേറ്റ് സി.പി.എം, മേൽത്തട്ടിൽ റിസോർട്ട് താഴെ പ്രായത്തട്ടിപ്പ്

resort

ഇ.പിക്ക് റിസോർട്ടെന്ന് പി. ജയരാജൻ

തിരുവനന്തപുരം: ഭരണത്തുടർച്ച പ്രവർത്തകരെ അഴിമതിക്കാരാക്കുന്നുവെന്ന് തുറന്നു പറഞ്ഞുകൊണ്ട് നേർവഴി നയിക്കാൻ പാർട്ടിഅംഗങ്ങളുടെ തെറ്റുതിരുത്തൽ രേഖ ചർച്ചയ്ക്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ, ഇ.പി.ജയരാജനെതിരെ പി.ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണം സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി.

അതിനിടെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂരിനെ വെട്ടിലാക്കി,​ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട നേമം ഏരിയാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ മുൻജില്ലാ സെക്രട്ടറിയുമായ അഭിജിത്തിന്റെ ശബ്ദരേഖയും ഇന്നലെ പുറത്തായി. പ്രായം കുറച്ചു കാണിച്ച് എസ്.എഫ്.ഐ നേതാവാകാൻ നിർദ്ദേശിച്ചെന്നാണ് ശബ്ദരേഖ

ഇ.പി.ജയരാജൻ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമാണ്. പി.ജയരാജൻ സംസ്ഥാന കമ്മിറ്റി അംഗമാണെങ്കിലും നേരത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നതിനാൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് അർത്ഥവ്യാപ്തി കൂടുതലാണെന്ന് പാർട്ടി നേതൃത്വത്തിന് ബോധ്യമുണ്ട്. അതുകൊണ്ടാണ് കേട്ടയുടൻ തള്ളിക്കളയാതെ ആരോപണം എഴുതി നൽകാൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർദ്ദേശിച്ചത്. എഴുതി നൽകാമെന്ന് ജയരാജൻ സമ്മതിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ആരോപണം.

ഇ.പി. ജയരാജൻ കണ്ണൂരിൽ വലിയ റിസോർട്ടും ആയുർവേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നും നേരത്തേ താൻ ഈ ആരോപണമുന്നയിച്ചപ്പോൾ കമ്പനിയുടെ ഡയറക്ടർബോർഡിലടക്കം മാറ്റം വരുത്തിയെന്നും ജയരാജൻ കമ്മിറ്റിയോഗത്തിൽ പറഞ്ഞു. 'സമകാലിക രാഷ്ട്രീയസംഭവങ്ങളും സംഘടനാരംഗത്തെ അടിയന്തരകടമയും' എന്ന തെറ്റ് തിരുത്തൽ രേഖയുടെ ചർച്ചയിൽ പങ്കെടുത്തുകൊണ്ടായിരുന്നു ആരോപണം. ഏറെ നാളായി പാർട്ടിയിൽ നിന്ന് അവധിയെടുത്ത് നിൽക്കുന്ന ഇ.പി യോഗത്തിലുണ്ടായിരുന്നില്ല.

പി. ജയരാജൻ വാർത്ത ശരിവച്ചില്ലെങ്കിലും ആരോപണം നിഷേധിക്കാൻ തയ്യാറായില്ല. സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും ആധികാരികമായും ഉത്തമബോദ്ധ്യത്തോടെയുമാണ് താനിത് ഉന്നയിക്കുന്നതെന്നും സംസ്ഥാനകമ്മിറ്റിയിൽ ജയരാജൻ പറഞ്ഞു. നേരത്തേ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലും പി. ജയരാജൻ ആരോപണമുന്നയിച്ചിരുന്നു.

വൈദേകം റിസോർട്ട്

30 കോടിയുടെ പ്രോജക്ട്

 2014ലാണ് അരോളിയിൽ ഇ.പി. ജയരാജന്റെ വീടിനോട് ചേർന്ന കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിക്കുന്നത്. മൂന്നു കോടി മൂലധനത്തിൽ രജിസ്റ്റർ ചെയ്തു

ഫിദ രമേശ്, ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര, മകൻ ജയ്സൺ, നജീബ്, സുഭാഷിണി, ചൈതന്യ ഗണേഷ്, സുജാതൻ, സുധാകരൻ, മുഹമ്മദ് അഷ്റഫ് എന്നിവരാണ് ഡയറക്ടർമാർ. ഇ.പിയുടെ മകനാണ് ഏറ്റവുമധികം ഓഹരിയുള്ള ഡയറക്ടർ.

 സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വീടിനടുത്ത് മൊറാഴയിലെ വെള്ളിക്കീലിലാണ് കമ്പനിയുടെ കീഴിലുള്ള വൈദേകം റിസോർട്ട്. 30കോടിയോളം ചെലവിട്ട് കുന്നിന്റെ മുകളിലാണ് നിർമ്മാണം.

റവന്യു, ജിയോളജി, പഞ്ചായത്ത് വകുപ്പുകളുടെ അനുമതിയില്ലാതെയാണ് കുന്ന് ഇടിച്ചു നിരപ്പാക്കിയത്. .

`വ്യക്തിപരമായ ആക്ഷേപമല്ല, തെറ്റായ പ്രവണതകളുണ്ടാകുമ്പോൾ അത് ചർച്ചചെയ്യുന്ന കാര്യമാണ് തിരുത്തൽ രേഖാ ചർച്ചയിൽ ഉണ്ടായത്.'

-പി.ജയരാജൻ

ബന്ധമില്ലെന്ന് ഇ.പി

തിരുവനന്തപുരം: റിസോർട്ടുമായി തനിക്ക് ബന്ധമില്ലെന്നറിയിച്ച് സി.പി.എം നേതൃത്വത്തിന് ഇ.പി. ജയരാജൻ കത്ത് നൽകിയതായി സൂചന.

തലശ്ശേരിയിലെ രമേശ് കുമാർ എന്നയാളുമായി ബന്ധപ്പെട്ടതാണ് സ്ഥാപനമെന്നാണ് വിശദീകരണമെന്ന് അറിയുന്നു.

ആനാവൂർ പറഞ്ഞു,​ പ്രായം

വെട്ടിച്ച് നേതാവാകാൻ

26 വരെയേ എസ്.എഫ്.ഐയിൽ നിൽക്കാനാവൂ. എനിക്ക് 30 ആയി. ഞാൻ ജനിച്ചത് 92ലാണ്. എന്റെ കൈയിൽ 92, 94, 95 വർഷങ്ങളിലെ ജനന സർട്ടിഫിക്കറ്റുകളുണ്ട്. എന്നോട് നാഗപ്പൻ സഖാവ് പറഞ്ഞത് ആര് ചോദിച്ചാലും 26എന്ന് പറഞ്ഞാൽ മതിയെന്നാണ്. പ്രദീപ് സാറും പറഞ്ഞു. ഡി.സിയുണ്ടെനിക്ക്. നിങ്ങളെന്നെ ഒഴിവാക്കിയാലും ഞാൻ തിരിച്ചെത്തിയിരിക്കും. പണ്ടത്തെ പോലെ വെട്ടാനൊന്നും ആരുമില്ലാത്തതുകൊണ്ട് ഭയങ്കര സുഖം.

(അഭിജിത്തിന്റെ ശബ്ദരേഖ)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.