തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ, പുതുവർഷത്തിൽ വീണ്ടും മന്ത്രിസഭയിലേക്ക്. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അനുമതി നൽകി. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കും. ഈ വർഷം ജൂലായ് ആറിനാണ് സജി ചെറിയാൻ രാജിവച്ചത്.
സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചുവെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകിയിരുന്നു. കേസിൽ സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും തിരുവല്ല കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാൻ സിപിഎമ്മിൽ ചർച്ചകൾ നേരത്തെ ആരംഭിച്ചിരുന്നു.
എന്നാൽ, പൊലീസ് റിപ്പോർട്ട് റദ്ദാക്കി സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ബിജു നോയൽ ഹൈക്കോടതിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഇതിൽ സർക്കാരിന് ഹൈക്കോടതി നോട്ടിസ് അയച്ചിരുന്നു. പൊലീസ് അന്വേഷണം പ്രതിയെ രക്ഷിക്കാൻ വേണ്ടി നടത്തിയതാണെന്നും സാക്ഷികളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മന്ത്രിയായിരിക്കെ പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിന് നിരവധി സാക്ഷികളുണ്ടായിട്ടും പൊലീസ് ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |