കോട്ടയം . 2022 മായുന്നത് ഒരുപിടി നേട്ടങ്ങൾ കോട്ടയത്തിന് സമ്മാനിച്ചാണ്. ചെറുതും വലുതുമായ നേട്ടങ്ങൾക്കൊപ്പം പ്രതീക്ഷയായി ബാക്കിയായവയുമുണ്ട്. 2023 ൽ വികസന പ്രതീക്ഷ വാനോളമാണ്.
പ്രതീക്ഷകൾ.
ശബരിമല വിമാനത്താവളം.
നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാൻ റവന്യൂവകുപ്പ് പുതുക്കിയ ഉത്തരവിറക്കിയെന്നതാണ് പുതുവർഷത്തെ ശുഭവാർത്ത. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 3500 മീറ്റർ നീളമുള്ള റൺവെ ഉൾപ്പെടെയുള്ള മാസ്റ്റർ പ്ലാൻ അംഗീകരിച്ചു. എരുമേലിയിൽ വിമാനത്താവളം യാഥാർത്ഥ്യമായാൽ ജില്ലയുടെ തലവര മാറും.
ശബരി റെയിൽവേ.
അങ്കമാലി – എരുമേലി ശബരി റെയിൽ പദ്ധതി ഈ വർഷത്തെ സ്വപ്ന പദ്ധതിയാണ്. 18 വർഷമായി മുടങ്ങിക്കിടന്ന പദ്ധതിക്ക് ഇപ്പോഴാണ് ജീവൻ വച്ചത്. ഗതിശക്തി പദ്ധതിയിൽ ശബരി റെയിൽവേയെയും ഉൾപ്പെടുത്തി പുതുക്കിയ 3744 കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് പദ്ധതി നടപ്പാക്കണമെന്നാണ് എം.പിമാരുടെ ആവശ്യം.
കേരള റബർ ലിമിറ്റഡ്.
കേരളാ റബർ ലിമിറ്റഡിന്റെ വെള്ളൂരിലെ വ്യവസായ എസ്റ്റേറ്റ് നിർമ്മാണം ഈ വർഷം ആരംഭിച്ചേക്കും. ആയിരം കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് തറക്കല്ലിട്ടു. മൂന്നുവർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. 8000 പേർക്ക് തൊഴിൽ നൽകാനും റബർ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും കഴിയും.
സയൻസ് സിറ്റി.
കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനു കീഴിൽ കുറുവിലങ്ങാട് കോഴയിൽ 30 ഏക്കറിൽ സ്ഥാപിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റി 2023ലെ കോട്ടയത്തിന്റെ അഭിമാന പദ്ധതിയാണ്. സയൻസ് സെന്റർ, പ്ലാനറ്റേറിയം, വാനനിരീക്ഷണ സംവിധാനം, മോഷൻ സിമുലേറ്ററുകൾ തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ.
ചിങ്ങവനം സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ട്.
രാജ്യത്ത് ആദ്യത്തെ സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിനായി ചിങ്ങവനത്ത് വാങ്ങിയ സ്ഥലം കാടുമൂടി കിടക്കുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള കായിക താരങ്ങളെ സൃഷ്ടിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമ്മാണാരംഭം ഈ വർഷം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു.
ഈരാറ്റുപേട്ട, വാഗമൺ റോഡ്.
ഈരാറ്റുപേട്ട - വാഗമൺ റോഡ് നിർമാണത്തിലെ മെല്ലെപ്പോക്ക് ടൂറിസം സാദ്ധ്യതകൾക്കടക്കം വിലങ്ങുതടിയാണ്. അന്താരാഷ്ട്ര നിലവാരത്തിൽ റോഡ് നവീകരിക്കാൻ അനുമതി ലഭിച്ച് ഏഴു വർഷമായിട്ടും നിർമ്മാണം പൂർത്തിയായില്ല. വിഷയത്തിൽ ഹൈക്കോടതി അടിയന്തര റിപ്പോർട്ട് തേടി.
അക്ഷര മ്യൂസിയം.
ജില്ലയുടെ തിലകക്കുറിയായി മാറുന്ന അക്ഷര മ്യൂസിയം നാട്ടകത്താണ് നിർമ്മിക്കുക. ബഡ്ജറ്റിൽ പണം അനുവദിച്ചിട്ടുണ്ട്. മന്ത്രി വി എൻ വാസവനാണ് പദ്ധതിക്ക് മുൻകൈയെടുക്കുന്നത്.
നേട്ടങ്ങളുടെ 2022.
കെ പി പി എൽ.
വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട് ലിമിറ്റഡ് പ്രവർത്തനമാരംഭിച്ചത് ജില്ലയുടെ നേട്ടമാണ്. വില്പനയ്ക്ക് വച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനം ലേലത്തിൽ വാങ്ങി കെപിപിഎൽ ആയി പുനരുദ്ധരിക്കുകയായിരുന്നു സർക്കാർ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പേപ്പർ ഉത്പന്ന ഫാക്ടറി ആയി മാറ്റുകയാണ് ലക്ഷ്യം.
ഇരട്ടപ്പാത, പിൽഗ്രിം സെന്റർ.
ഏറ്റുമാനൂർ - ചിങ്ങവനം 16.7 കിലോമീറ്ററുള്ള ഇരട്ടപ്പാത കമ്മിഷൻ ചെയ്തതോടെ സമ്പൂർണ ഇരട്ടപ്പാതയുള്ള സംസ്ഥാനം എന്ന പദവിയിലേക്ക് കേരളമെത്തി. കേരളത്തിലെ സ്റ്റേഷനുകളിൽ ശബരിമല തീർത്ഥാടകർക്കുള്ള ഏറ്റവും വലിയ സൗകര്യമാണ് കോട്ടയത്ത് പിൽഗ്രിം സെന്ററായി ഒരുക്കിയത്.
കെ എസ് ആർ ടി സി സ്റ്റാൻഡ്.
പുതിയ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് എന്ന സ്വപ്നം ജില്ലയ്ക്ക് സാദ്ധ്യമായി. 1.81കോടി രൂപ മുടക്കിയാണ് കോട്ടയം ഡിപ്പോയിൽ ആധുനിക രീതിയിൽ 6000 ചതുരശ്രയടി ബസ് ടെർമിനലും കംഫർട്ട് സ്റ്റേഷനും ഉൾപ്പെടുന്ന സമുച്ചയം നിർമ്മിച്ചത്.
മണർകാട് - പട്ടിത്താനം ബെപ്പാസ്, ജില്ലാ പി.എസ്.സി ഓഫീസ് പുതിയ കെട്ടിടം, ഫാർമസി കോളേജ് തുടങ്ങിയവയും ജില്ലയുടെ നേട്ടങ്ങളുടെ പട്ടികയിൽപ്പെടുത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |