ശ്രീകൃഷ്ണപുരം: ഗ്രാമഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന നൂതന പദ്ധതിയായ വയൽ വിദ്യാലയം ജില്ലാ പഞ്ചായത്തംഗം കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിലേക്ക് വിദ്യാർത്ഥികളുടെ ശ്രദ്ധ പതിയുന്നതിനും കൃഷിയറിവുകളിലൂടെയും അനുഭവങ്ങളിലൂടെയും ആധുനിക കാർഷികവിള പരിപാലന രീതികൾ പരിചയപ്പെടുന്നതിലൂടെയും കാർഷിക രംഗത്തെ സാദ്ധ്യതകൾ കുട്ടികൾക്ക് പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വയൽവിദ്യാലയം പദ്ധതി നടപ്പിലാക്കുന്നത്.
രണ്ട് ലക്ഷം രൂപ ഉപയോഗപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയിൽ നെല്ല്, പച്ചക്കറി, കിഴങ്ങ് വർഗങ്ങൾ എന്നിവ കുട്ടികളുടെ നേതൃത്വത്തിൽ വിളവിറക്കും. വലമ്പി മംഗലം പൊണ്ണം കല്ല് പാടശേഖരത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സി.രാജിക അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.സുകുമാരൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.ഗിരിജ, കെ.എസ്.മധു, പി.മണികണ്ഠൻ, കൃഷിഓഫീസർ എസ്.ആമിന എന്നിവരോടൊപ്പം വിദ്യാർത്ഥികളും കർഷകരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |