തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ഉത്സവനാളുകൾ ആരംഭിക്കുമ്പോൾ വർക്കല സ്വദേശി വിജയന് തിരക്കൊഴിഞ്ഞ് നേരമുണ്ടാകില്ല. 30വർഷത്തോളമായി ശാരീരിക അവശതകളെ മറന്ന് ഉത്സവങ്ങൾക്ക് ഉയരുന്ന കൊടിക്കൂറകൾ കൈകൊണ്ട് നിർമ്മിക്കുകയാണ് ആനയറ വിജയൻ എന്നറിയപ്പെടുന്ന ഈ അറുപത്തിരണ്ടുകാരൻ. വർക്കല ലംബോദര ക്ഷേത്രത്തിലെ ശാന്തിപ്പണിക്കിടെയാണ് കൊടി നിർമ്മാണത്തിന് സമയം കണ്ടെത്തുന്നത്. വ്രതമനുഷ്ഠിച്ച് നെയ്തെടുത്ത കൊടിക്കൂറകൾ രാജ്യത്തിന് അകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളിൽ ഉയർന്നിട്ടുണ്ട്. തലമുറകളായി ക്ഷേത്രവിഗ്രഹങ്ങളുണ്ടാക്കുന്ന കുടുംബത്തിലെ കണ്ണിയായ വിജയന് കൊടിക്കൂറകൾ നെയ്യുന്നതിന്റെ ആദ്യപാഠങ്ങൾ പകർന്നുകിട്ടിയത് മുത്തച്ഛനിൽ നിന്നാണ്. കൊടിമരത്തിന്റെ അളവ്, ക്ഷേത്രത്തിന്റെ ചുറ്റളവ്, വാതിലിന്റെ അളവ് മുതലായവയെ ആശ്രയിച്ചാണ് കൊടിനിർമ്മാണം. ദേവപ്രശ്നത്തിൽ കാണുന്ന ദോഷങ്ങളനുസരിച്ചും ശാസ്ത്രവശങ്ങൾ നോക്കിയുമാകും കൊടിയുടെ അലങ്കാരവും ഭാവവും. ഭാര്യ ശ്രീകലയാണ് സഹായി. ഒരു കൊടി നിർമ്മിക്കാൻ മൂന്ന് ദിവസമെടുക്കും. ഒരു ക്ഷേത്രത്തിന് ഉപയോഗിച്ച കൊടി മറ്റൊന്നിന് ഉപയോഗിക്കാനാവില്ല. പുതുമന തന്ത്ര വിദ്യാലയത്തിന്റെ ക്ഷേത്രശ്രീ പുരസ്കാരവും ധ്വജസേവാരത്ന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മക്കൾ: കലാമണ്ഡലം വൈഷ്ണവി, മാർഗി വിശിഷ്ട. മരുമകൻ: കലാമണ്ഡലം മുകുന്ദൻ.
കലാമേഖലയിലേക്കും
1985 കാലഘട്ടത്തിൽ പ്രൊഫഷണൽ നാടകങ്ങൾക്കും കച്ചേരിക്കും മദ്ദളം, തബല, മൃദംഗം, ഇടയ്ക്ക മുതലായവ വിജയൻ വായിക്കാറുണ്ടായിരുന്നു. ആകാശവാണിയിൽ തബല ബി ഗ്രേഡ് ആർട്ടിസ്റ്റായി. പി.കെ. വേണുക്കുട്ടൻ നായർ സംവിധാനം ചെയ്ത നാടകങ്ങൾക്ക് വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. കാവാലം നാരായണപ്പണിക്കർക്കൊപ്പം ഇടയ്ക്ക വായിച്ചു. സ്വന്തമായി വരികളെഴുതിയ ഓണപ്പാട്ട് മുൻ കളക്ടർ എൻ. അയ്യപ്പനാണ് പാടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |