SignIn
Kerala Kaumudi Online
Friday, 26 April 2024 2.35 AM IST

ശ്രീനാരായണ ഗുരു ഭ്രാന്താലയത്തെ മനുഷ്യാലയമാക്കി : മുഖ്യമന്ത്രി

siva

അത് നിലനിറുത്താനും ഗുരുതന്നെ പ്രചോദനം

തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്റെ ഇടപെടലാണ് ഭ്രാന്താലയമായിരുന്ന കേരളത്തെ മനുഷ്യാലയമാക്കിയതെന്നും അത് നിലനിറുത്താനും ഗുരു തന്നെയാണ് നിത്യപ്രചോദനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരു അവസാനിപ്പിച്ച ദുരാചാരങ്ങളെല്ലാം അതിശക്തമായി മടങ്ങിവരികയാണിന്ന്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇലന്തൂരിൽ നടന്ന നരബലി. അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കും എതിരെ സംസ്ഥാന സർക്കാർ നിയമനിർമ്മാണവുമായി മുമ്പോട്ടു പോവുകയാണ്. സർവ്വശക്തനെന്നു പറഞ്ഞ് തുള്ളിവന്ന വെളിച്ചപ്പാടിനെ 'പക്ഷെ, വായിൽ പല്ലില്ലല്ലോ' എന്ന് പരിഹസിച്ച് തിരിച്ചയച്ച ശ്രീനാരായണ ഗുരുവിന്റെ നാടാണിത്. ആ നാട്ടിലാണ് ദുരാചാരത്തിന്റെ ദുർമൂർത്തികൾ ഉറഞ്ഞു തുള്ളുന്നത്. ഇതിന് അറുതിവരുത്താനുള്ള പ്രചോദനമാണ് ഗുരുചിന്തകൾ. അപസ്‌മാരം അടക്കമുള്ള രോഗങ്ങൾ മന്ത്രവാദം കൊണ്ട് മാറ്റാമെന്നും, മഷിനോട്ടം,ചാത്തൻസേവ, ആഭിചാര കർമങ്ങൾ തുടങ്ങിയവ നടത്തിക്കൊടുക്കാമെന്നും മറ്റുമുള്ള പരസ്യങ്ങൾ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കരുത്. ഗുരുവിന്റെ സന്ദേശങ്ങളുടെ സമകാലിക പ്രസക്തി സമൂഹത്തിനു മനസ്സിലാക്കിക്കൊടുക്കുന്ന ബോധവൽക്കരണ സമ്മേളനങ്ങളായി തീർത്ഥാടനം മാറണം. മനുഷ്യൻ മാറുക എന്നതിനപ്പുറം മതത്തിനും പുണ്യത്തിനും അതീതമായാണ് ഗുരു തീർത്ഥാടനത്തെ നിർവചിക്കുന്നത്. ഒരു ജാതിയേ ഉള്ളു എന്നും അതു മനുഷ്യ ജാതിയാണെന്നുമാണ് ഗുരു പറഞ്ഞത്. ആ ദർശനം ആഗോളതലത്തിലെത്തിയാൽ വംശീയ സംഘർഷങ്ങളും കടന്നാക്രമണങ്ങളും രക്തച്ചൊരിച്ചിലുകളും അവസാനിക്കും. ഗുരുസന്ദേശങ്ങൾക്ക് അത്രയേറെ സാർവലൗകിക പ്രസക്തിയുണ്ട്. ലോകമെമ്പാടും നിന്നുള്ള ചിന്തകരുടെ സംവാദവേദിയാവണം തീർത്ഥാടന സമ്മേളനങ്ങൾ.

'ജാതിഭേദവും മതദ്വേഷവുമില്ലാതെ ഏവരും സോദരത്വേന വാഴുന്ന ഇടം' എന്ന ഗുരുസങ്കല്പം മനുഷ്യവാസയോഗ്യമായ ഭൂമിയെ ആകെ ഉദ്ദേശിച്ചുള്ളതാണ്. ഇത്രമേൽ ഉദാത്തമായ സന്ദേശം ലോകത്തു പ്രചരിപ്പിച്ച മറ്റൊരു ഗുരുവില്ല. ഗാന്ധിജിയുമായുള്ള സംവാദത്തിൽ വർണാശ്രമധർമം, ജാതിവേർതിരിവ് എന്നിവ സംബന്ധിച്ച ഗുരുവിന്റെ ചിന്തകൾ മഹത്തായ മാനുഷിക മൂല്യങ്ങളിൽ അധിഷ്ഠിതമാണ്. ഈ വിഷയങ്ങളിൽ മറ്റൊരു രീതിയിൽ ചിന്തിച്ച ഗാന്ധിജിയിൽ പോലും അത് വലിയ മാറ്റമുണ്ടാക്കി.

ജനാധിപത്യ നിലപാടായിരുന്നു ഗുരുവിന്റേത്. നിങ്ങൾക്ക് അങ്ങനെ അഭിപ്രായമുണ്ടെങ്കിൽ ആകാം എന്ന ഗുരുവചനം ഓർമിക്കണം. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് ഗുരുദേവ വചനം ഭേദഗതി ചെയ്ത ശിഷ്യനായ സഹോദരൻ അയ്യപ്പനോട്, അയ്യപ്പന് അങ്ങനെയുമാകാം എന്ന ഗുരുവിന്റെ പരാമർശം ചരിത്രപരമാണ്. എല്ലാവിഭാഗം ജനങ്ങളെയും തുല്യതയോടെ പരിഗണിക്കുക എന്ന ഗുരുചിന്ത സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പ്രചോദനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

1924ൽ ശ്രീനാരായണഗുരു സ്ഥാപിച്ച ശിവഗിരി സ്‌കൂളിൽ പുതുതായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും തീർത്ഥാടന നവതി സുവനീർ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.

രാഷ്ട്രപതിയുടെ പ്രവാസി സമ്മാൻ നേടിയ കെ.ജി.ബാബുരാജിനെ ചടങ്ങിൽ ആദരിച്ചു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ശ്രീനാരായണധർമസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷതയും വഹിച്ചു. എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മന്ത്രി വി.എൻ.വാസവൻ, അടൂർ പ്രകാശ് എം.പി,എം.എൽ.എമാരായ രമേശ് ചെന്നിത്തല, വി.ജോയി,വർക്കല മുനിസിപ്പാലിറ്റി ചെയർമാൻ കെ.എം .ലാജി, മാത്യൂസ് വർഗ്ഗീസ്, മുരളിയാഗ്രൂപ്പ് ചെയർമാൻ കെ.മുരളീധരൻ, ഇൻഡ്‌ റോയൽ ചെയർമാൻ സുഗതൻ, വണ്ടന്നൂർ സുരേഷ്, സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി സൂക്ഷ്മാനന്ദ എന്നിവർ പങ്കെടുത്തു. സ്വാമി ശാരദാനന്ദ നന്ദി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.