ന്യൂഡൽഹി: വിമർശനങ്ങളിലൂടെയാണ് കോൺഗ്രസിന് മെച്ചപ്പെടാൻ അവസരം ലഭിക്കുന്നതെന്നും അതിനാൽ ആർ.എസ്.എസും ബി.ജെ.പിയും ഒരുതരത്തിൽ രാഷ്‌ട്രീയ ഗുരുക്കളാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശ് കോൺഗ്രസ് തൂത്തുവാരുമെന്നും എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ വ്യക്തമാക്കി.
ബി.ജെ.പിയും ആർ.എസ്.എസും കുറച്ചുകൂടി ശക്തമായി വിമർശിക്കണം. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം നന്നായി മനസിലാക്കാനുള്ള അവസരമാണിത്. എന്തുചെയ്യരുത്, എങ്ങനെ പ്രതികരിക്കണം, എന്നതിൽ നല്ല പരിശീലനമാണ് അവർ നൽകുന്നത്. ഒരുപാട് പഠിക്കാനും മനസിലാക്കാനും കഴിഞ്ഞതിനാൽ ഭാരത് ജോഡോ യാത്ര മികച്ച അനുഭവമാണ്. ഇന്ത്യയിൽ പടരുന്ന ഭയത്തിനും വെറുപ്പിനും അക്രമത്തിനുമെതിരായ യാത്രയാണിത്. പ്രതീക്ഷിച്ചതിനെക്കാൾ വിജയം യാത്രയ്‌ക്കുണ്ടായി. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള വെറും യാത്രയാണെന്നാണ് കരുതിയിരുന്നത്. യാത്ര ഇന്ത്യയുടെ വികാരങ്ങൾ കണ്ടറിയാനുള്ള വഴിയാണ് തുറന്നത്. വ്യക്തിപരമായി ഒരുപാട് കാര്യങ്ങൾ പഠിച്ചു,
പ്രതിപക്ഷ നേതാക്കളുടെ പങ്കാളിത്തത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇന്ത്യയെ ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ജോഡോ യാത്രയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നാണ് രാഹുലിന്റെ പ്രതികരണം. ഇന്ത്യയ്ക്ക് ബദൽ കാഴ്ചപ്പാട് നൽകുകയെന്നതാണ് യാത്രയുടെ ലക്ഷ്യം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വളരെ ബുദ്ധിമുട്ടാകും. ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തെ ശരിയായി ഏകോപിപ്പിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് ഇന്ത്യയെ ഒന്നിപ്പിക്കുകയെന്ന ആശയത്തിലാണ് തന്റെ ശ്രദ്ധയെന്ന് രാഹുൽ പറഞ്ഞു.
നടക്കുന്നത് പ്രത്യയശാസ്ത്രത്തിന്റെ പോരാട്ടം
ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ളത് പ്രത്യയശാസ്ത്രത്തിന്റെ പോരാട്ടമാണ്. അതിൽ ഞങ്ങൾ വിജയിക്കും. പ്രതിപക്ഷത്തെ നയിക്കാൻ കോൺഗ്രസ് തന്നെ വേണം. സമാജ്‌വാദി പാർട്ടിക്ക് ദേശീയ പ്രത്യയശാസ്ത്രമില്ല. അവരുടെ ആശയം കേരളത്തിൽ പ്രവർത്തിക്കില്ല, കർണാടകയിൽ പ്രവർത്തിക്കില്ല, ബീഹാറിൽ പ്രവർത്തിക്കില്ല. അത് നൽകാൻ കോൺഗ്രസിനേ കഴിയൂ. പ്രതിപക്ഷത്തെ ഒന്നിച്ചു നിറുത്തലുംകോൺഗ്രസിന്റെ ഉത്തരവാദിത്വമാണ്.
മദ്ധ്യപ്രദേശിൽ ബി.ജെ.പിയെ കാണാൻ കിട്ടില്ല. മോഷ്ടിച്ചും പണം കൊടുത്തുമാണ് അവർ സർക്കാർ രൂപീകരിച്ചതെന്ന് എല്ലാവർക്കുമറിയാം. ചൈനയെയും പാകിസ്ഥാനെയും ഒന്നിക്കാൻ അനുവദിച്ചത് വിദേശ നയത്തിൽ വന്ന വൻ പാളിച്ചയാണ്. രണ്ടാം യു.പി.എ സർക്കാർ വരെ അതു തടയുന്നതിൽ വിജയിച്ചു. ഗുലാം നബി ആസാദ് തിരികെ വരുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തോട് ചോദിക്കൂ എന്നായിരുന്നു മറുപടി. തണുപ്പത്തും ടീഷർട്ട് ധരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അതെങ്ങനെയെന്ന് വിശദീകരിക്കുന്ന വീഡിയോ പിന്നീട് പുറത്തിറക്കാമെന്ന് രാഹുൽ മറുപടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |