SignIn
Kerala Kaumudi Online
Saturday, 09 November 2024 2.58 AM IST

ജീവനെടുക്കാനോ മോക്ഡ്രിൽ ?

Increase Font Size Decrease Font Size Print Page

binu-soman

രക്ഷാപ്രവർത്തന പരിശീലനത്തിനിടെ (മോക്ഡ്രിൽ) മല്ലപ്പളളി പടുതോട് കടവിൽ മണിമലയാറ്റിൽ യുവാവ് മുങ്ങിമരിച്ച സംഭവം അധികൃതർക്ക് നേരെ ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നു. പക്ഷേ, അനാസ്ഥയുടെ ഉത്തരവാദിത്വമേൽക്കാതെ ഒഴിഞ്ഞുമാറുകയും പരസ്പരം പഴിചാരുകയുമാണ് പത്തനംതിട്ട ജില്ലാ ദുരന്തനിവരാണ വിഭാഗം. നാട്ടിലെ ഏതു സന്നദ്ധ പ്രവർത്തനങ്ങൾക്കും മുന്നിട്ടിറങ്ങിയിരുന്ന മല്ലപ്പള്ളി തുരുത്തിക്കാട് കാക്കരക്കുന്നേൽ ബിനു സോമന്റെ (34) മുങ്ങിമരണം നാടിനുണ്ടാക്കിയത് വലിയ നഷ്ടമാണ്. പ്രളയ ദുരന്തമുണ്ടായാൽ എങ്ങനെ രക്ഷാപ്രവർത്തനം നടത്തണമെന്ന് കാട്ടിത്തരുന്നതിനാണ് റവന്യു, ആരോഗ്യം, പഞ്ചായത്ത്, ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ്, പൊലീസ് വകുപ്പുകൾ ചേർന്ന് മോക്ഡ്രിൽ നടത്തിയത്.

വെള്ളത്തിൽ മുങ്ങിത്താഴുന്നതായി അഭിനയിക്കാൻ നാട്ടുകാരായ നാലുപേരെയും കൂട്ടിയിരുന്നു. ഇതിലൊരാളായ ബിനു സോമനാണ് ആഴക്കയത്തിലേക്ക് താഴ്ന്നത്. ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുന്നത് എങ്ങനെയെന്ന് കാട്ടിത്തരാനെത്തിയ ദുരന്തനിവാരണ വിഭാഗത്തിന്റെ കൺമുന്നിലാണ് ഒരു ജീവൻ അപകടത്തിൽപ്പെട്ടത്. തൊട്ടടുത്തുണ്ടായിട്ടും രക്ഷാപ്രവർത്തനം നടത്താൻ ദുരന്തനിവാരണ വിഭാഗത്തിനായില്ല. പരിശീലനത്തിനെത്തിയ മോക്ഡ്രില്ലിൽ ഇതാണ് സ്ഥിതിയെങ്കിൽ യാഥാർത്ഥത്തിൽ ദുരന്തമുണ്ടായാൽ എന്താകും ഗതിയെന്ന് ഭയചികിതരായിരിക്കുകയാണ് നാട്.

രക്ഷാപ്രവർത്തകരുടെ

കൺമുന്നിൽ

പ്രളയത്തിൽ മുങ്ങിയ നാലുപേരെ രക്ഷിക്കുന്നതായാണ് മോക്ഡ്രിൽ സംവിധാനം ചെയ്തത്. ഫയർഫോഴ്സും എൻ.ഡി.ആർ.എഫും വെള്ളത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന രംഗമാണ് ഒരുക്കിയിരുന്നത്. വെള്ളത്തിൽ മുങ്ങിപ്പോകുന്നതായി അഭിനയിക്കുന്ന ബിനു സോമനടക്കം നാലുപേർക്കു നേരെ കാറ്റുനിറച്ച ലൈഫ് ബോയി എറിഞ്ഞു കൊടുക്കുകയും അവർ അതിൽപിടിച്ച് കിടക്കുമ്പോൾ ഫയർഫോഴ്സും എൻ.ഡി.ആർ.എഫും ചേർന്ന് ബോട്ടിൽ രക്ഷപ്പെടുത്തുകയും ചെയ്യുന്നരംഗം ഒടുവിൽ യഥാർത്ഥ ദുരന്തത്തിൽ കലാശിക്കുകയായിരുന്നു. ബിനു സോമനൊപ്പമുണ്ടായിരുന്ന മൂന്നുപേർ ലൈഫ് ബോയിൽപിടിച്ച് കിടന്നു. എന്നാൽ, നദിയിലെ ചുഴിയിൽപ്പെട്ട ബിനുസോമന് ലൈഫ് ബോയിൽ പിടികിട്ടിയില്ല. മുങ്ങിത്താഴ്ന്ന ഭാഗത്തേക്ക് വീണ്ടും ലൈഫ് ബോയി എറിഞ്ഞു കൊടുത്ത ' രക്ഷാപ്രവർത്തകർ ' ബിനു സോമൻ യഥാർത്ഥത്തിൽ മുങ്ങിപ്പോയതാണെന്ന് തിരിച്ചറിഞ്ഞില്ല. ഒടുവിൽ, അപകടംമണത്ത സംഘം അരമണിക്കൂറിനു ശേഷമാണ് ബിനുസോമനെ മുങ്ങിയെടുത്തത്. നാഡിമിടിപ്പുണ്ടായിരുന്ന അദ്ദേഹത്തെ രക്ഷാപ്രവർത്തകർ ബോട്ടിൽ കയറ്റിയെങ്കിലും എൻജിൻ തകരാറായതിനെ തുടർന്ന് നീങ്ങിയില്ല. കെട്ടിവലിച്ച് കരയിലെത്തിച്ച് ആംബുലൻസിൽ കയറ്റിയപ്പോൾ അതിൽ ഒാക്സിജൻ ഇല്ല.

അടിമുടി അനാസ്ഥകൾ നിറഞ്ഞതായിരുന്നു മല്ലപ്പള്ളിയിലെ മോക്ഡ്രില്ലെന്ന് ഇതിൽനിന്ന് വ്യക്തമാണ്. മോക്ഡ്രില്ലിൽ പരിശീലനം ലഭിക്കാത്ത നാട്ടുകാരെ വെള്ളത്തിലിറക്കിയതാണ് ഗൗരവമേറിയ കാര്യം. മോക്ഡ്രില്ലിന് എത്തിച്ച ഉപകരണങ്ങൾ ഒന്നുപോലും പ്രവർത്തന ക്ഷമമായിരുന്നില്ല. മോട്ടോർ തകരാറായ ബോട്ടുമായി മോക്ഡ്രില്ലിന് വന്ന ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. ലൈഫ് ബോയിൽ പിടികിട്ടാതെ കൺമുന്നിൽ ഒരാൾ മുങ്ങിത്താഴ്ന്നിട്ടും ബോട്ടിലുണ്ടായിരുന്നവർ വെള്ളത്തിലേക്ക് ചാടി രക്ഷാപ്രവർത്തനനത്തിന് തയ്യാറാകാതിരുന്നത് എന്തുകൊണ്ടെന്ന നാട്ടുകാരുടെ ചോദ്യത്തിനും ഉത്തരമില്ല. ബോട്ടിലുണ്ടായിരുന്നവർ മുങ്ങൽ വിദഗ്ദ്ധരായിരുന്നോ എന്ന സംശയം ബാക്കിനിൽക്കുന്നു. പരിശീലനം ലഭിക്കാത്ത രക്ഷപ്രവർത്തകർ മുന്നൊരുക്കമില്ലാതെയും പ്രവർത്തനക്ഷമമായ ഉപകരണങ്ങളില്ലാതെയും മോക്ഡ്രില്ല് പ്രഹസനമാക്കിയതാണ് ദുരന്തത്തിൽ കലാശിച്ചത്.

പിഴവുകൾ മറയ്ക്കാൻ

ന്യായവാദം

ബിനുസോമന്റെ ജീവൻ നഷ്ടപ്പെട്ടതിന് പിന്നാലെ പിഴവുകൾക്ക് മറപിടിക്കാൻ ന്യായവാദങ്ങളുമായി ഇറങ്ങിയ ജില്ലാഭരണകൂടം നാട്ടുകാർക്ക് മുന്നിൽ കൂടുതൽ അപഹാസ്യരായി. മോക്ഡ്രിൽ ആദ്യം നിശ്ചയിച്ച മല്ലപ്പള്ളി അമ്പാട്ടു ഭാഗത്തുനിന്ന് പടുതോടേക്ക് മാറ്റിയത് അറിഞ്ഞിരുന്നില്ലെന്നാണ് ജില്ലാ കളക്ടർ പറഞ്ഞത്. കൂടുതൽ സൗകര്യപ്രദമായതും വാഹനസൗകര്യം ഉള്ളതുമായ പടുതോടാണ് മോക്ഡ്രില്ലിന് പറ്റിയ സ്ഥലമെന്ന് പ്രദേശത്തെത്തിയ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നുവത്രെ. അപ്പോഴും നട്ടുകാർ ഉന്നയിക്കുന്ന ചോദ്യം ഇതാണ്, 'എല്ലാ സൗകര്യവുമുളള സ്ഥലത്ത് അപകടത്തിൽ പെടുന്നവരെ രക്ഷിക്കാനാണോ ദുരന്ത നിവാരണ വിഭാഗം.' പടുതോട് കടവിൽ എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് പറഞ്ഞ് അങ്ങോട്ടേക്ക് മോക്ഡ്രില്ല് മാറ്റിയവരുടെ കൺമുന്നിൽ നടന്ന ദുരന്തത്തിന് ആരാണ് ഉത്തരവാദി?. മോക്ഡ്രിൽ അമ്പാട്ടുകടവിൽ നിന്ന് പടുതോട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചത് അറിയിച്ചിരുന്നെങ്കിൽ, സ്ഥലപരിചയമില്ലാത്ത ജില്ലാ കളക്ടർ വിലക്കുമായിരുന്നോ?. സ്ഥലത്തുള്ള ദുരന്തനിവാരണ സംഘത്തിന്റെ നിഗമനത്തിന് വിരുദ്ധമായി കളക്ടർക്ക് ആ സമയത്ത് മറിച്ചൊരു തീരുമാനം പറയാൻ കഴിയുമായിരുന്നോ? ഒരു ജീവൻ പൊലിഞ്ഞതിന്റെ ഉത്തരവാദിത്വം എൻ.ഡി.ആർ.എഫിനാണെന്ന് വരുത്താനും റവന്യു വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ ശ്രമിച്ചതായി ആക്ഷേപമുയർന്നു.

വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്‌മയും പ്രവർത്തനക്ഷമമായ ഉപകരണങ്ങൾ ഇല്ലാതിരുന്നതുമാണ് ബിനു സോമന്റെ മരണത്തിനിടയാക്കിയ മോക്ഡ്രിൽ ദുരന്തമെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാകും.

സത്യസന്ധമായ അന്വേഷണത്തിലൂടെ മാത്രമേ അപകടത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനാകൂ. മരണമടഞ്ഞ ബിനു സോമൻ അവിവാഹിതനും ഒറ്റയ്ക്ക് താമസിക്കുന്ന ആളുമായതിനാൽ അദ്ദേഹത്തിന് നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിന് ആൾബലം കുറവായിരിക്കും. അതുകൊണ്ട് ദുരന്തത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എളുപ്പത്തിൽ രക്ഷപെടാനുമായേക്കും. മോക്ഡ്രില്ലിനിടെ കേരളം അടുത്തിടെകണ്ട രണ്ടാമത്തെ ദുരന്തമാണ് മല്ലപ്പള്ളയിലേത്. മോക്ഡ്രില്ലിൽ വാഹനത്തിനും മതിലിനുമിടയിൽ ചതഞ്ഞരഞ്ഞ് മാവേലിക്കര ചെറുകോൽ സ്വദേശി ഡിവൈ.എസ്.പി ബി. രബീന്ദ്രപ്രസാദ് മരണപ്പെട്ടത് പന്ത്രണ്ട് വർഷം മുൻപാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1, MANS DEATH DURING MOCK DRILL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.