കോട്ടയം : ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോട്ടയം മെഡിക്കൽ കോളേജ് ന്യൂറോ ഐ.സിയുവിലെ നഴ്‌സ് മരിച്ചു. തിരുവനന്തപുരം പ്ലാമുട്ടുക്കട തോട്ടത്ത് വിളാക്കത്ത് വിനോദ്കുമാറിന്റെ ഭാര്യ രശ്മി രാജ് (33) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് നഴ്‌സിംഗ് ഹോസ്റ്റലിൽ താമസിക്കുന്ന രശ്മി 29 ന് വൈകിട്ട് സംക്രാന്തിയിലുള്ള ഹോട്ടൽ പാർക്ക് മലപ്പുറം കുഴിമന്തിയിൽ നിന്ന് ഓർഡർ ചെയ്ത് വരുത്തിയ അൽഫാം ആണ് കഴിച്ചത്. രാത്രിയായപ്പോൾ ഛർദ്ദിയും വയറിളക്കവും ഉണ്ടായി. തുടർന്ന് സഹപ്രവർത്തകർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഞായറാഴ്ച വെന്റിലേറ്ററിലേയ്ക്ക് മാറ്റി. കിഡ്നിയ്ക്ക് അണുബാധയുണ്ടായതോടെ ഡയാലിസിസിന് വിധേയയാക്കിയെങ്കിലും ഇന്നലെ വൈകിട്ട് 7.15 ന് മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂയെന്ന് അധികൃതർ അറിയിച്ചു. രശ്മി വാതസംബന്ധമായ രോഗത്തിന് മരുന്ന് കഴിച്ചിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മറ്റ് 20 പേർക്കും ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. ഇവർ ഐ.സി.എച്ചിലും, കുടമാളൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. ഹോട്ടലിന്റെ ലൈസൻസ് ഭക്ഷ്യസുരക്ഷാവകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. കിളിരൂർ പാലത്തറ വി.എൻ രാജു - അംബിക ദമ്പതികളുടെ മകളാണ് രശ്മി. സഹോദരൻ : വിഷ്ണു രാജ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |