ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധി ദിനം ഞായറാഴ്ച ലോകമെമ്പാടും ഭക്തിനിർഭരമായി ആചരിക്കുന്നതിനുള്ള തയ്യാറെടുപ്പുകളായി. മഹാകവി കുമാരനാശാൻ രചിച്ച 'നാരായണ മൂർത്തേ ഗുരു നാരായണമൂർത്തേ' എന്നു തുടങ്ങുന്ന ഗുരുസ്തവം, സഹോദരൻ അയ്യപ്പൻ രചിച്ച 'ജരാരുജാമൃതി" യിലാരംഭിക്കുന്ന സമാധി ഗാനം ഉൾപ്പെടെ ഗുരുദേവ സന്യസ്ഥ ശിഷ്യർ രചിച്ച ഭക്തിഗീതങ്ങൾ സമാധി ദിനത്തിൽ നാടാകെ ഉരുവിടും. ഗുരുദേവന്റെ മഹാസമാധിയാൽ പുണ്യം നിറഞ്ഞ ശിവഗിരിയിലേക്ക് ഭക്തരുടെ വൻസാന്നിദ്ധ്യം അനുഭവപ്പെടുന്നുണ്ട്.
ഡൽഹിയിലും വിവിധ സംസ്ഥാനങ്ങളിലും ഗുരുദേവ പ്രസ്ഥാനങ്ങളും മറ്റു സാംസ്കാരിക സംഘടനകളും ഒന്നായി ആചരണ പരിപാടികൾ സംഘടിപ്പിക്കും. യു.കെയിലെ ശിവഗിരി ആശ്രമം, യു.എ.ഇ, ബഹ്റിൻ, ഖത്തർ, ഒമാൻ, സിംഗപ്പൂർ തുടങ്ങി വിവിധ രാജ്യങ്ങളിലും സമാധി ദിനാചരണത്തിനുള്ള തയ്യാറെടുപ്പുകളായി. പല സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും മഹാസമാധിദിനത്തിൽ ഭക്തർ ശിവഗിരിയിൽ എത്തിച്ചേരും.
ശിവഗിരി മഠം ശാഖാ സ്ഥാപനങ്ങളായ കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം, ആലുവ അദ്വൈതാശ്രമം, കുറിച്ചി അദ്വൈതവിദ്യാശ്രമം, ഭാരതീസദനം ദിവാകരൻ സ്മാരക പഠനകേന്ദ്രം, അദ്വൈത വിജ്ഞാനാനന്ദാശ്രമം കരിങ്കുന്നം, ഗുരുദേവ ധർമ്മശാസ്താക്ഷേത്രം പാമ്പാടി, ഗുരുപ്രഭാവാശ്രമം പഴഞ്ഞി, കാളീകുളങ്ങര ക്ഷേത്രം ആൻഡ് മഠം, നരസിംഹാശ്രമം ഏരൂർ, രാമസ്വാമി മഠം കൊല്ലം, ശിവഗിരി ശ്രീ ബ്രഹ്മാനന്ദാലയം കൊറ്റനല്ലൂർ, സോമശേഖരക്ഷേത്രം പെരിങ്ങോട്ടുകര, അന്നപൂർണേശ്വരി ക്ഷേത്രം മുക്കുടം, ശ്രീനാരായണാശ്രമം ആനയറ, ശ്രീനാരായണ ധർമ്മാശ്രമം ചക്കുപള്ളം , ശ്രീനാരായണഗുരു ചൈതന്യമഠം പേരാമ്പ്ര, ശ്രീനാരായണ സേവാമന്ദിരം പൊങ്ങണംകാട് , ശ്രീരാമാനന്ദ സിദ്ധ വൈദ്യാശ്രമം കൂർക്കഞ്ചേരി, ശ്രീശങ്കരാനന്ദാശ്രമം എറണാകുളം, ശ്രീനാരായണ ഗുരുകുലം ചെമ്പഴന്തി, ശ്രീനാരായണമഠം തോട്ടുമുഖം, വിശ്വഗാജി മഠം മുഹമ്മ , ശ്രീനാരായണ വിശ്വസംസ്കാരഭവൻ കനകക്കുന്ന് തുടങ്ങിയ കേന്ദ്രങ്ങളിലും വിശേഷാൽ ചടങ്ങുകളോടെ സമാധി ദിനാചരണം നടക്കും. ശിവഗിരി മഠത്തിൽ സമാധി ദിനാചരണ ഒരുക്കങ്ങൾ പൂർത്തിയായതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |