പമ്പ: ചരിത്രമാകുന്ന ആഗോള അയ്യപ്പസംഗമത്തിന് പമ്പയിലെ ത്രിവേണി മണൽപ്പുറം നാളെ സാക്ഷിയാകും. അവസാനഘട്ട ഒരുക്കങ്ങൾ ദേവസ്വം മന്ത്രി വി. എൻ. വാസവന്റെ നേതൃത്വത്തിൽ വിലയിരുത്തി. 3500 പ്രതിനിധികൾ പങ്കെടുക്കും. രജിസ്ട്രേഷൻ അയ്യായിരം കടന്നതിനാലാണ് പ്രതിനിധികളുടെ എണ്ണം 500 കൂടി കൂട്ടിയത്. പ്രവേശനം പാസുള്ളവർക്ക് മാത്രം. രജിസ്ട്രേഷൻ രാവിലെ ആറ് മുതൽ ഒൻപത് വരെ.
പമ്പ ത്രിവേണിയിലെ പ്രധാന വേദിയിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. തുടർന്ന് മൂന്നു വേദികളിലായി ശബരിമല വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ അധിഷ്ഠിതമായ ചർച്ചകൾ നടക്കും. ഹിൽ ടോപ്പിലെ വേദിയിൽ ആദ്ധ്യാത്മിക ടൂറിസത്തെക്കുറിച്ചും പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ തിരക്ക് നിയന്ത്രണത്തെക്കുറിച്ചുമാണ് ചർച്ച. വിവരങ്ങൾ ക്രോഡീകരിച്ച് തുടർന്നുള്ള വികസന പ്രവർത്തനങ്ങളുടെ ആസൂത്രണം ദേവസ്വം ബോർഡ് നടത്തും.
സംഗമത്തിനെത്തുന്ന പ്രതിനിധികൾ ശബരിമല വികസനത്തിന് പണം സ്പോൺസർ ചെയ്താൽ സ്വീകരിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പണം സ്വീകരിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്കുകളില്ല. അയ്യപ്പ സംഗമം നടത്താൻ ഏഴ് കോടി രൂപ ചെലവുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ഈ തുക സ്പോൺസർഷിപ്പിലൂടെ കിട്ടി.
1000 പൊലീസുകാർ
എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ 1000 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചു. കന്നിമാസ പൂജകൾക്ക് ശബരിമല നട തുറന്നിരിക്കുന്നതിനാൽ ഭക്തർക്ക് തടസമുണ്ടാവാത്ത വിധത്തിലായിരിക്കും സുരക്ഷാ ക്രമീകരണങ്ങൾ. സംഗമ പ്രതിനിധികളിൽ അയ്യപ്പദർശനം ആഗ്രഹിക്കുന്നവർക്ക് സൗകര്യം ചെയ്തുകൊടുക്കും.
തമിഴ്നാട് മന്ത്രിമാർ,
തന്ത്രി, വെള്ളാപ്പള്ളി
ഉദ്ഘാടന വേദിയിൽ തമിഴ്നാട് മന്ത്രിമാരായ ബി.കെ. ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ, തന്ത്രി കണ്ഠര് മഹേഷ് മോഹനര്, എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ. എസ്. എസ് വൈസ് പ്രസിഡന്റ് എൻ. സംഗീത്‌കുമാർ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, മലയരയ സമാജം ജനറൽ സെക്രട്ടറി പി.കെ. സജീവ്, കേരള ബ്രാഹ്മണസഭ ജനറൽ സെക്രട്ടറി കരിമ്പുഴ രാമൻ, ശിവഗിരി മഠത്തെ പ്രതിനിധീകരിച്ച് സ്വാമി പ്രബോധ തീർത്ഥ തുടങ്ങിയവർ പങ്കെടുക്കും. അമ്പലപ്പുഴ, ആലങ്ങാട് പേട്ട സംഘങ്ങളുടെ പ്രതിനിധികളും ഉണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |