SignIn
Kerala Kaumudi Online
Friday, 22 May 2026 12.34 PM IST

കൊല്ലത്തുകാർ സൂപ്പറാ...വാളും വളർത്തുനായകളുമായി ഭീഷണി ഉയർത്തിയ സജീവനെ നാട്ടുകാരുടെ നേതൃത്വത്തിൽ പൊലീസ് പിടികൂടി

sajeevan

കൊല്ലം: രണ്ട് ദിവസമായി ചിതറക്കാർക്ക് തലവേദനയായി മാറിയ സജീവനെ നാട്ടുകാരുടെ നേതൃത്വത്തിൽ പൊലീസ് പിടികൂടി. സ്വത്ത് കേസിൽ രണ്ടുദിവസമായി പൊലീസ് സേനയ‌ുടെ വീര്യത്തിന് നാണക്കേടായി മാറുകയായിരുന്നു സജീവൻ. കിഴക്കുംഭാഗത്ത് യുവതിയെ വീടിന് സമീപത്തെത്തി വടിവാൾ വീശി ഭീഷണിപ്പെടുത്തിയശേഷം സ്വന്തം വീട്ടിലെത്തി കതകടച്ച് ഇരിക്കുകയായിരുന്നു ഇയാളും അമ്മയും. വളർത്തു നായകളെ അഴിച്ചു വിട്ടിരുന്നതിനാൽ പൊലീസിന് അകത്തു കയറാൻ കഴിഞ്ഞിരുന്നില്ല.

പൊലീസ് വീട്ടിൽ കടന്നാൽ സ്വന്തം അമ്മയെ വടിവാളിന് വെട്ടി കൊലപെടുത്തുമെന്നായിരുന്നു സജീവന്റെ ഭീഷണി. ഇയാൾ അഴിച്ചു വിട്ടിരുന്ന ഒരു നായയെ പരിശീലകരുടെ സഹായത്തോടെ മാറ്റി പൊലീസ് വീടിനുള്ളിൽ കടന്നതോടെയാണ് സജീവ് ഭീഷണി ഉയർത്തിയത്. ഫയർ ഫോഴ്സ് സംഘവും പൊലീസിനൊപ്പമുണ്ടായിരുന്നു. വീട് പൂട്ടി അമ്മയുമായി സജീവ് വീടിനകത്ത് നിലയുറപ്പിച്ചു. അമ്മയും സജീവന് പിന്തുണ നൽകിയതോടെ പൊലീസും നാട്ടുകാരും കുഴങ്ങി.

സുഹൃത്തുക്കളടക്കമുള്ളവ‌ർ സജീവനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാൻ ഇയാൾ തയ്യാറായില്ല. തന്റെ സ്വത്തുക്കളെല്ലാം പലരും തട്ടിയെടുത്തെന്നാണ് ഇയാളുടെ വാദം.

വ്യാഴാഴ്‌ചയാണ് വടിവാളും വളർത്തുനായയുമായി കിഴക്കുംഭാഗത്ത് സുപ്രഭയെന്ന സ്ത്രീ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി സജീവ് അക്രമം നടത്തിയത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. റോട്‌വീലർ നായയുമായി സജീവ് വീട്ടിലെത്തി സുപ്രഭയോട് ഇറങ്ങിപ്പോകാൻ ആക്രോശിച്ചു. തുടർന്ന് ഭയന്ന് ഓടി സുപ്രഭ വീടിനുള്ളിലൊളിച്ചു. സുപ്രഭ താമസിക്കുന്നത് തന്റെ അച്ഛൻ വാങ്ങിയ വസ്തുവിലാണെന്നാണ് സജീവന്റെ വാദം. ബഹളം കേട്ട് നാട്ടുകാരെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. തുടർന്ന് പൊലീസെത്തി സജീവിനെ പിന്തിരിപ്പിക്കുകയായിരുന്നു.

വീട്ടിൽ അതിക്രമിച്ച് കയറിയതിനും ആയുധം കൈവശം വച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സജീവിനോട് സ്റ്റേഷനിലേയ്ക്ക് വരാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ സ്വന്തം വീട്ടിലേയ്ക്ക് പോയി നായ്ക്കളെ അഴിച്ചുവിട്ടു ശേഷം ഗേറ്റ് പൂട്ടി വീടിനകത്ത് കയറി. പൊലീസുകാർ ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പൊലീസ് സംഘം മടങ്ങി. ഇന്നലെ രാവിലെയും പൊലീസെത്തിയെങ്കിലും നായ്ക്കളെ തുറന്നുവിട്ട് ഗേറ്റുമടച്ച് സജീവ് അകത്ത് തന്നെ കഴിയുകയായിരുന്നു. തുടർന്നാണ് നായപിടിത്തക്കാരുടെ സഹായം പൊലീസ് തേടിയത്.

സുപ്രഭയുടെ വീട്ടിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നത് പൊലീസിന്റെ വീഴ്ചയെന്നാണ് നാട്ടുകാരുടെ ആരോപണം. മുമ്പും ഇയാൾ ഇതേപോലെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, SAJEEVAN, KOLLAM DCC, CHITHARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY