SignIn
Kerala Kaumudi Online
Friday, 19 April 2024 2.24 PM IST

പുസ്തകങ്ങളും അക്ഷരങ്ങളും ആയുധമാക്കാം

photo

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ നിയമസഭാ ലൈബ്രറികളേക്കാൾ ഏറെ മികവു പുലർത്തുന്നതാണ് കേരള നിയമസഭാ ലൈബ്രറി. ഗ്രന്ഥശേഖരണത്തിന്റേയും ഇൻഫർമേഷൻ സർവീസിന്റേയും കാര്യത്തിൽ മുൻനിരയിലുള്ള കേരള നിയമസഭാ ലൈബ്രറിയിൽ സഭാ രേഖകൾ, ചരിത്രരേഖകൾ, പൊതുവിജ്ഞാനം, സർഗാത്മക രചനകൾ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ആധികാരിക ഗ്രന്ഥങ്ങൾ ഉൾപ്പെടെ 1,15,000 പുസ്തകങ്ങളുണ്ട്. 1921-ൽ ട്രാവൻകൂർ ലെജിസ്ലേറ്റീവ് ലൈബ്രറി എന്ന പേരിലാണ് നമ്മുടെ ലൈബ്രറി പ്രവർത്തനം ആരംഭിച്ചത്. 1949-ൽ തിരുകൊച്ചി സംസ്ഥാനം രൂപീകരിച്ചപ്പോൾ ട്രാവൻകൂർ കൊച്ചി അസംബ്ലി ലൈബ്രറിയായും 1956-ൽ ഐക്യ കേരളപ്പിറവിയോടെ കേരള നിയമസഭാ ലൈബ്രറിയെന്നും പേരു മാറി.

സമാനതകളില്ലാത്ത നിരവധി നിയമനിർമ്മാണങ്ങൾക്ക് സാക്ഷ്യം വഹിച്ച കേരള നിയമസഭയ്ക്ക് കരുത്തു പകർന്ന ചരിത്രം നിയമസഭാ ലൈബ്രറിക്കുണ്ട്. പ്രവർത്തന മികവിന്റെ നൂറു വർഷങ്ങൾ താണ്ടിയ വേളയിൽ സംസ്ഥാന നിയമസഭയുടെ ആഭിമുഖ്യത്തിൽ ശതാബ്ദി ആഘോഷങ്ങൾ നടന്നുവരികയാണ്. കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവവും സാംസ്‌കാരിക സായാഹ്നങ്ങളും ഒട്ടേറെ പ്രത്യേകതകൾ കൊണ്ട് സമ്പന്നമാണ്. മറ്റൊരു നിയമസഭയും ഇത്തരമൊരു സാഹിത്യ സാംസ്‌കാരിക വിനിമയത്തിന് വേദിയൊരുക്കിയിട്ടില്ല. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് സഭാ സമുച്ചയത്തിലേക്ക് പ്രവേശനമുണ്ട്.

140 നിയമസഭാ മണ്ഡലങ്ങളിൽ നിന്നും വിദ്യാർത്ഥികളടക്കമുള്ളവർ പുസ്തകോത്സവത്തിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. വിദ്യാർത്ഥികൾക്ക് നിയമസഭയും ലൈബ്രറിയും നിയമസഭാ മ്യൂസിയവുമൊക്കെ കാണാനുള്ള സൗകര്യവും ഇതോടൊപ്പം ഒരുക്കിയിരിക്കുന്നു. പ്രമുഖ മാദ്ധ്യമങ്ങൾ പുസ്തകോത്സവത്തിന്റെ ഏഴു രാവുകളിൽ കലാവിരുന്നൊരുക്കുന്നുമുണ്ട്. കുടുംബശ്രീ ഒരുക്കുന്ന രുചിക്കൂട്ടുകളുമായി ഭക്ഷണശാലകളുമുണ്ടാകും. ഒരു ജനകീയോത്സവമായി നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം മാറുകയാണ്.

പുസ്തകങ്ങളും അക്ഷരങ്ങളും ആയുധമാക്കേണ്ട ഒരു വർത്തമാനത്തിലാണ് നമ്മുടെ ജീവിതം. രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളിക്കപ്പെടുന്നു. ഫെഡറലിസത്തെ ദുർബലപ്പെടുത്താനും ഭരണഘടനാ മൂല്യങ്ങളെ അപ്രസക്തമാക്കാനും ശ്രമങ്ങൾ നടക്കുന്നു. അത്തരം കാലത്ത് അറിവിന്റെ ലോകത്തെ കൂടുതൽ പ്രകാശിപ്പിക്കുക എന്നത് ജനാധിപത്യത്തിനെതിരായ വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള പരിശ്രമമാണ്. ഈ പുസ്തകോത്സവത്തിൽ നൂറോളം പ്രസാധകരുടെ ഇരുനൂറിലധികം ബുക്ക് സ്റ്റാളുകളാണ് ഒരുക്കുന്നത്. പുസ്തക പ്രകാശനങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, പാനൽ ചർച്ചകൾ, വിഷൻ ടോക്കുകൾ തുടങ്ങി അനുബന്ധപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പൊതുവിജ്ഞാന സ്രോതസുകളായി നാടിനാകെ വെളിച്ചമേകാൻ പാകത്തിൽ നിയമസഭാ ലൈബ്രറിയിലേക്കുള്ള പ്രവേശനം പൊതുജനങ്ങൾക്കു കൂടി ലഭ്യമാക്കാനും ഈ വേളയിൽ തീരുമാനിച്ചിട്ടുണ്ട്. അനൗപചാരിക സർവകലാശാലകളാണ് ഗ്രന്ഥശാലകൾ. നവകേരള നിർമ്മിതിയിൽ കൈകോർത്ത് നമുക്ക് അറിവിന്റെ പുതിയ ആകാശം സ്വന്തമാക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.