കൊച്ചി: എറണാകുളം ജില്ലക്കാരുടെ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഹയർ സെക്കൻഡറിയാക്കാൻ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി. ബി.പി.എൽ വിഭാഗത്തിലെ പത്ത്, ഹയർ സെക്കൻഡറി തുല്യത പഠിതാക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകും. തുല്യത സാക്ഷരത പദ്ധതി എന്ന പേരിൽ ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഫീസ് നൽകാൻ പണമില്ലെന്ന പേരിൽ വിദ്യാഭ്യാസം മുടങ്ങാതിരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് പരിധിയിലുള്ളവർക്കാണ് സൗജന്യ വിദ്യാഭ്യാസം. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലും രാവിലെ 10 മുതൽ അഞ്ച് വരെ ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂളുകളിൽ വച്ച് ക്ലാസ് നൽകും.
ജനുവരി 30നകം അപേക്ഷഫോം, ബി.പി.എൽ രേഖ, ജില്ലാ പഞ്ചായത്ത് മെമ്പറുടെ കത്ത്, വിദ്യാഭ്യാസ യോഗ്യത എന്നിവ സഹിതം സാക്ഷരതാ മിഷൻ ഓഫീസിൽ ഹാജരാക്കണം. അതിനുശേഷം പ്രേരക്‌മാർ ഇവ സാക്ഷരതാ മിഷനിൽ ഹാജരാക്കും. ജില്ലാ സാക്ഷരതാ മിഷൻ ഇവ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം സംസ്ഥാന സാക്ഷരതാ മിഷൻ ഓഫീസിലേക്ക് കൈമാറും. ഇവിടന്ന് അനുമതി ലഭിക്കുന്നതിനനുസരിച്ച് ക്ലാസുകൾ ആരംഭിക്കും. ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെടാത്തവർക്ക്
പത്തു മാസം ദൈർഘ്യമുള്ള പത്താംതര തുല്യത ക്ലാസുകൾക്ക് 1750 രൂപയും പ്ലസ് വണ്ണിന് 2200 രൂപയും പ്ലസ്ടുവിന് 1950 രൂപയുമാണ് ഫീസ്. പത്താംക്ലാസുകൾക്ക് ബി.എഡ് യോഗ്യതയുള്ള അദ്ധ്യാപകരും ഹയർ സെക്കൻഡറിക്ക് ബി.എഡും സെറ്റും യോഗ്യതയുള്ള അദ്ധ്യാപകരുമാണ് ക്ലാസെടുക്കുക. സ്കൂളുകളിലേതുപോലെ പ്രൊജക്ട്, സെമിനാറുകൾ എന്നിവയെല്ലാം ഈ ക്ലാസുകളിലുമുണ്ടാകും. നിലവിൽ സംസ്ഥാനത്ത് പത്താംതരത്തിന്റെ 16-ാം ബാച്ചും ഹയർ സെക്കൻഡറിയുടെ ഏഴാം ബാച്ചുമാണ് പഠിക്കുന്നത്. സർക്കാർ ജീവനക്കാരും സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരുമടക്കം പഠിതാക്കളായുണ്ട്.
പണമില്ലാത്തതിന്റെ പേരിൽ ജില്ലയിൽ ആർക്കും വിദ്യാഭ്യാസം നിഷേധിക്കരുത്. അതിനായാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ ഇനിയും ഫണ്ട് അനുവദിക്കും. വരും വർഷങ്ങളിലും പദ്ധതി നടപ്പിലാക്കും.
ഉല്ലാസ് തോമസ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ഫീസ് അടയ്ക്കേണ്ട സമയത്ത് പണമില്ലാത്തതിനാൽ കൈയ്യിലുള്ള സ്വർണം വരെ പണയം വച്ച് ക്ലാസിലെത്തുന്നവരുണ്ട്. അത്തരക്കാർക്ക് പദ്ധതി വലിയ സഹായകമാണ്.
ദീപ ജെയിംസ്
ജില്ലാ കോഓർഡിനേറ്റർ
സാക്ഷരത മിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |