#വ്യവസായവകുപ്പിന്റെ ഡ്രീംവെസ്റ്റർ മത്സരത്തിന് മികച്ച പ്രതികരണം
കൊച്ചി: സംസ്ഥാനത്ത് വ്യവസായസംരംഭങ്ങൾ ആരംഭിക്കാൻ യുവാക്കൾ രൂപം നൽകിയത് 800 ലേറെ നവീന സ്വപ്നപദ്ധതികൾ. പ്രയോഗികമായ മികച്ച ആശയങ്ങൾ കണ്ടെത്താൻ വ്യവസായ വകുപ്പ് ആവിഷ്‌കരിച്ച 'ഡ്രീം വെസ്റ്റർ" മത്സരത്തിലെ വിദ്യാർത്ഥികൾ മുതൽ യുവസംരംഭകർ വരെ സമർപ്പിച്ച ആശയങ്ങൾ വ്യവസായ മേഖലയിലെ വിദഗ്ദ്ധസംഘം വിലയിരുത്തും. മികച്ചവയ്ക്ക് സമ്മാനങ്ങൾ ലഭിക്കും.
പ്രയോഗികമായ മികച്ച ആശയങ്ങൾ കണ്ടെത്താൻ വ്യവസായ വകുപ്പ് ആവിഷ്‌കരിച്ചതാണ് 'ഡ്രീം വെസ്റ്റർ" മത്സരം. ചെറുകിട യൂണിറ്റുകൾ മുതൽ വൻകിട സ്ഥാപനങ്ങൾ വരെ ലക്ഷ്യമിടുന്ന വൈവിദ്ധ്യം നിറഞ്ഞ ആശയങ്ങളാണ് ലഭിച്ചത്. രണ്ടുമാസം മുമ്പ് പ്രഖ്യാപിച്ച മത്സരത്തിൽ ഡിസംബർ 23 വരെയാണ് ആശയങ്ങൾ സമർപ്പിക്കാൻ സമയം അനുവദിച്ചത്. ലഭിച്ച ആശയങ്ങൾ വിദഗ്ദ്ധർ വിലയിരുത്തുന്നത് തുടരുകയാണ്. ഇവയിൽ നിന്ന് 100 എണ്ണം ഈയാഴ്ച തിരഞ്ഞെടുക്കുന്നതോടെ ആദ്യഘട്ടം പൂർത്തിയാകും.
വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിച്ചത്. അനുയോജ്യമായ സംരംഭങ്ങളെ സംബന്ധിച്ച നവീന ആശയങ്ങൾ 18നും 38നുമിടയിൽ പ്രായമുള്ളവർ സമർപ്പിക്കുന്നതാണ് മത്സരം.
സാമ്പത്തിക,
സാങ്കേതിക സഹായം
ലഭിക്കും
ഇവയിൽ മികച്ച 20 ആശയങ്ങൾ പ്രായോഗികമാക്കാൻ സാമ്പത്തിക, സാങ്കേതിക സഹായം ഉൾപ്പെടെ നൽകും. ആശയങ്ങൾ ഉത്പന്നങ്ങളും സേവനങ്ങളുമായി പ്രാവർത്തികമാക്കാൻ സർക്കാരിന്റെ ഇൻക്യുബേഷൻ സെന്ററുകൾ സംരംഭകർക്ക് ഉപയോഗിക്കാം.
2022- 23 സംരംഭകവർഷം പദ്ധതിയുടെ ഭാഗമായാണ് മത്സരം. കേരള ബ്യൂറോ ഒഫ് ഇൻഡസ്ട്രിയൽ പ്രമോഷനാ (കെ.ബിപ് )ണ് മത്സരം നടത്തിപ്പിന്റെ ചുമതല. അഞ്ചു ലക്ഷം രൂപ വരെ സമ്മാനങ്ങൾ നൽകുക മാത്രമല്ല, മികച്ച ആശയങ്ങൾ സംരംഭമായി മാറുന്നതുവരെ പിന്തുണ നൽകുമെന്ന് കെ.ബിപ് അധികൃതർ 'കേരളകൗമുദി"യോട് പറഞ്ഞു.
ഘട്ടം 2
ലഭിച്ച ആശയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 100 എണ്ണത്തിന്റെ ബിസിനസ് പ്ളാൻ സംബന്ധിച്ച രണ്ടു മിനിട്ട് വീഡിയോ ജനുവരി 30കനം വീഡിയോ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യും.
ഘട്ടം 3
100ലെ മികച്ച 50 ആശയങ്ങൾ തിരഞ്ഞെടുക്കും. പദ്ധതിയുടെ ഉത്പന്നമോ സേവനമോ വിപണനം ചെയ്യുന്നതിനുള്ള തന്ത്രങ്ങൾ തയ്യാറാക്കി ഫെബ്രുവരി 12നകം സമർപ്പിക്കണം.
ഘട്ടം 4
50ൽ നിന്ന് 20 മികച്ച സംരംഭങ്ങൾ തിരഞ്ഞെടുക്കും. മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ ജൂറി അംഗങ്ങൾക്ക്
മുമ്പിൽ ബിസിനസ് പ്ളാനുകൾ അവതരിപ്പിക്കണം.
...........................................................
സമ്മാന ഘടന
ഒന്നാം സ്ഥാനം: 5 ലക്ഷം
രണ്ടാം സ്ഥാനം: 3 ലക്ഷം
മൂന്നാം സ്ഥാനം: 2 ലക്ഷം
7 മുതൽ 10 വരെ : 1 ലക്ഷം
11 മുതൽ 20 വരെ : 25,000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |