തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ പിൻവാതിൽവഴി നൂറുപേരെ നിയമിക്കാനുള്ള വിജ്ഞാപനം ഗവർണർ റദ്ദാക്കിയതിനു പിന്നാലെ വൈസ്ചാൻസലർ പ്രൊഫ.സിസാതോമസിനെ നിയന്ത്രിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത് നിയമവിരുദ്ധമെന്ന് വിലയിരുത്തൽ. സി.പി.എമ്മിന്റെ മുൻ എം.പി പി.കെ.ബിജു, സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഐ.സാജു, രജിസ്ട്രാർ എ.പ്രവീൺ, പാലക്കാട് എൻ.എസ്.എസ് കോളേജിലെ അസോ.പ്രൊഫസർ ജി.സഞ്ജീവ് എന്നിവരാണ് സമിതിയംഗങ്ങൾ. കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലായിരുന്നു തീരുമാനം.
സാങ്കേതിക സർവകലാശാലയുടെ ചീഫ് എക്സിക്യുട്ടീവും പ്രധാന അക്കാഡമിക് ഓഫീസറും സിൻഡിക്കേറ്റടക്കം എല്ലാ സമിതികളുടെയും എക്സ്-ഒഫിഷ്യോ ചെയർപേഴ്സണുമായ വി.സിയെ നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ സർവകലാശാലാ നിയമപ്രകാരം കഴിയില്ല. വി.സിയുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കുമെന്ന സൂചനയാണ് നൽകുന്നത്. സാങ്കേതിക വാഴ്സിറ്റിയിലെ നിയമനമേള 'കേരളകൗമുദി'യാണ് പുറത്തുകൊണ്ടുവന്നത്.
ചാൻസലർക്കുള്ള അധികാരങ്ങൾ പരിമിതമായതിനാൽ ദൈനംദിന ഭരണനിർവഹണത്തിനെന്ന പേരിലാണ് നിയന്ത്രണ സമിതിയെ സിൻഡിക്കേറ്റ് നിയോഗിച്ചത്. എന്നാൽ സർവകലാശാലാ നിയമപ്രകാരം വാഴ്സിറ്റിയിലെ ഏത് സമിതിയുടെയും തീരുമാനം ആക്ടിനോ സ്റ്റാറ്റ്യൂട്ടിനോ റഗുലേഷനുകൾക്കോ വിരുദ്ധമല്ലെന്ന് ഉറപ്പാക്കേണ്ടത് വി.സിയുടെ ചുമതലയാണ്. സർവകലാശാലയുടെ കാര്യക്ഷമതയും ചിട്ടയും ഉറപ്പുവരുത്താൻ അക്കാഡമിക് പരിപാടികളുടെയും പൊതുഭരണത്തിന്റെയും മേൽനോട്ടം വഹിക്കേണ്ടതും നിരീക്ഷിക്കേണ്ടതും വി.സിയാണ്.
സിൻഡിക്കേറ്രടക്കമുള്ള അധികാര സ്ഥാനങ്ങളുമായി രണ്ടഭിപ്രായമുണ്ടെങ്കിൽ വി.സിക്ക് വിഷയം ചാൻസലർക്ക് കൈമാറാം. ചാൻസലറുടെ തീരുമാനമാണ് അന്തിമം. ചാൻസലറായ ഗവർണറും വൈസ്ചാൻസലറും തമ്മിലുള്ള എല്ലാ കത്തിടപാടുകളും സിൻഡിക്കേറ്റിന്റെ ശ്രദ്ധയിൽപെടുത്തണമെന്ന വിചിത്ര നിർദ്ദേശവും സിൻഡിക്കേറ്റ് നൽകിയിട്ടുണ്ട്.
സമിതിയെ ഗവർണർക്ക് തള്ളാം
വി.സിയിൽ നിന്ന് റിപ്പോർട്ട് വാങ്ങിയശേഷം ഏത് അധികാരിയുടെയോ സമിതിയുടെയോ ഉദ്യോഗസ്ഥന്റെയോ ഉത്തരവുകളും തീരുമാനങ്ങളും സസ്പെൻഡ് ചെയ്യാനും മാറ്റം വരുത്താനും ഗവർണർക്ക് അധികാരം. ഇതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകണമെന്നുമാത്രം.
രജിസ്ട്രാർക്കെതിരെ നടപടി ഉടൻ
വി.സിയുടെ അനുമതിയില്ലാതെ കരാർ നിയമനത്തിന് വിജ്ഞാപനമിറക്കിയ രജിസ്ട്രാർ എ.പ്രവീണിനെതിരെ ഗവർണർ നടപടിയെടുക്കും. ഗവർണറുടെ നിർദ്ദേശപ്രകാരം വി.സി വിശദീകരണം തേടിയപ്പോൾ, മുൻ വി.സി ഡോ.രാജശ്രീയുടെ അനുമതിയോടെയാണ് വിജ്ഞാപനമിറക്കിയതെന്നായിരുന്നു മറുപടി. എന്നാൽ രേഖകൾ ഹാജരാക്കാനായില്ല. മുൻ വി.സി അനുമതി നൽകിയതിന്റെ രേഖകൾ വാഴ്സിറ്റിയിലുമില്ല. രജിസ്ട്രാറുടെ വിശദീകരണം തൃപ്തികരമല്ലെന്ന് വി.സി ഗവർണറെ അറിയിച്ചിട്ടുണ്ട്. രജിസ്ട്രാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയശേഷമാകും ഗവർണറുടെ നടപടി.
''സർവകലാശാലകളെ തകർക്കാൻ ചിലർ ശ്രമിക്കുന്നു. സാങ്കേതിക സർവകലാശാലാ വിവാദങ്ങൾ ആത്യന്തികമായി ബാധിക്കുന്നത് വിദ്യാർത്ഥികളെയാണ്.
-ആരിഫ് മുഹമ്മദ്ഖാൻ
ഗവർണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |