തിരുവനന്തപുരം : സംസ്ഥാനത്ത് മുട്ട ചേർത്ത മയോണൈസ് നിരോധിച്ചതിന് പിന്നാലെ വെജിറ്റബിൾ മയോണൈസിന് ഡിമാന്റേറി. വിപണിയിൽ ഡിമാന്റില്ലാതിരുന്ന വെജിറ്റബിൾ മയോണൈസിനെത്തേടി ഹോട്ടലുകാരും ഇറങ്ങിയിരിക്കുകയാണ്.
മുട്ട ചേർത്തുള്ള മയോണൈസ് മാത്രം തയാറാക്കിയിരുന്നതിനാൽ സാധാരണ ഹോട്ടലുകാർക്ക് വെജിറ്റബിൾ മയോണൈസ് തയാറാക്കുന്നതിൽ പരിജ്ഞാനമത്ര പോരാ. അതിനാൽത്തന്നെ ഹോട്ടലുകളെല്ലാം ഇപ്പോളൊരു പരീക്ഷണശാലയായി മാറിക്കഴിഞ്ഞു. ഭക്ഷ്യവസ്തുക്കളിൽ നിന്നുമുള്ള വിഷബാധയും മരണങ്ങളും വർദ്ധിച്ചത് മൂലം മുട്ട ചേർന്ന മയോണൈസ് നിരോധിച്ച സാഹചര്യത്തിലാണ് വെജിറ്റബിൾ മയോണൈസ് വിപണിയിൽ സുലഭമാകുന്നത്. മുട്ട ചേർത്ത മയോണൈസിന് മണിക്കൂറുകൾ മാത്രമാണ് ആയുസെങ്കിൽ വെജിറ്റബിൾ മയോണൈസ് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ 4 ദിവസം വരെ ഉപയോഗിക്കാം. അതിവേഗം തയാറാക്കാൻ കഴിയുന്ന ഒന്നാണ് വെജിറ്റബിൾ മയോണൈസെന്ന് പാചകവിദഗ്ദർ പറയുന്നു.
വെജിറ്റബിൾ മയോണൈസ്
ചേരുവകൾ
പാൽ/കാഷ്യു മിൽക്ക് ഒരു കപ്പ്
സൺഫ്ലവർ ഓയിൽ ഒരു കപ്പ്
കടുക് പൊടി അര ടിസ്പൂൺ
നാരങ്ങ നീര്/വിനാഗിരി -അര ടിസ്പൂൺ
പഞ്ചസാര
ഉപ്പ്
തയാറാക്കുന്നത്
പാൽ, കടുക്പൊടി, വിനാഗിരി /നാരങ്ങ നീര്, ഉപ്പ്, പഞ്ചസാര എന്നിവ മിക്സർ ജാറിൽ ഇട്ടുകൊടുക്കാം. ശേഷം സൺഫ്ലവർ ഓയിൽ മൂന്ന് തവണയായി ചേർത്ത് 10 സെക്കൻഡ് വരെ ഹൈസ്പീഡിൽ അടിച്ചെടുക്കുക.
വിവരങ്ങൾ :ലക്ഷ്മി നായർ, പാചകവിദഗ്ദ്ധ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |