തിരുവനന്തപുരം: കഴിഞ്ഞ 11ന് ആര്യങ്കാവിൽ പിടികൂടിയ പാലിൽ മായം കലർത്തിയെന്ന് കണ്ടെത്തിയ ക്ഷീര വികസന വകുപ്പിന്റെ പരിശോധന റിപ്പോർട്ടിന് വിരുദ്ധമായ കണ്ടെത്തലുമായി ഭക്ഷ്യസുരക്ഷാ വിഭാഗം. ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ ആയില്ലെന്നായിരുന്നു ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം. ഇതിനെതിരെ
ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി രംഗത്തെത്തിയതോടെ സംഭവം വിവാദത്തിലായി. അതോടെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
പാൽ കൊണ്ടുവന്ന സ്വകാര്യ കമ്പനിയെ സഹായിക്കുന്നതാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ ഫലമെന്ന ആക്ഷേപവും ശക്തമായി. അതിനിടെ പിടിച്ചിട്ടിരിക്കുന്ന ടാങ്കർ ലോറി വിട്ടുകിട്ടാൻ കമ്പനി ഉടമ കോടതിയെ സമീപിച്ചു. തെങ്കാശി വി.കെ.പുതൂർ വടിയൂർ എന്ന സ്ഥലത്തുനിന്നും പന്തളത്തെ സ്വകാര്യ ഡെയറിയിലേക്ക് കൊണ്ടുവന്ന 15,300 ലിറ്റർ പാലാണ് പുലർച്ചെ അഞ്ചരയോടെ ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ചെക്ക്പോസ്റ്റിൽ തന്നെയുള്ള വകുപ്പിന്റെ ലാബിൽ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയതായി കണ്ടെത്തി.
വാഹനം കസ്റ്റഡിയിലെടുത്തശേഷം ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരമറിയിച്ചെങ്കിലും ഒൻപതരയോടെയാണ് ഉദ്യോഗസ്ഥർ എത്തിയത്. സാമ്പിൾ ഉച്ചയോടെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബിൽ പരിശോധിച്ചപ്പോൾ മായം കലർത്തിയിട്ടില്ലെന്നും പാലിൽ കൊഴുപ്പിന്റെ കുറവ് മാത്രമാണുള്ളതെന്നുമായിരുന്നു കണ്ടെത്തിൽ.
പരിശോധന വൈകി,
കണ്ടെത്താനായില്ല
പാൽ കേടുവരാതിരിക്കാൻ ചേർക്കുന്ന ഹൈഡ്രജൻ പെറോക്സൈഡ് നിശ്ചിത സമയം കഴിഞ്ഞ് നടത്തുന്ന പരിശോധനയിൽ കണ്ടെത്താനാവില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. പാലിന്റെ അളവിന് ആനുപാതികമായാണ് ഇത് ചേർക്കുന്നത്. നിശ്ചിതസമയം കഴിയുമ്പോൾ വെള്ളവും ഓക്സിജനുമായി വിഘടിക്കും. പിന്നീട് ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്താനാവില്ല. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന വൈകിയതാണ് കണ്ടെത്താനാകാത്തത് എന്നാണ് ആക്ഷേപം. തമിഴ്നാട്ടിൽ നിന്നും ഇവിടെ എത്തിക്കുന്നതിനുള്ള സമയം കണക്കാക്കി അതിനാവശ്യമായ അളവിലാണ് ഹൈഡ്രജൻ പെറോക്സൈസ് ചേർക്കുന്നത്.
''ക്ഷീരവികസന വകുപ്പിന്റെ പരിശോധനാഫലം കൃത്യമാണ്. ആറുമണിക്കൂറിനകം പരിശോധിച്ചില്ലെങ്കിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിദ്ധ്യം കാണില്ല. പരിശോധന വൈകിയതിന് മറുപടി പറയേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പാണ്.
-ജെ.ചിഞ്ചുറാണി,
ക്ഷീരവികസന വകുപ്പുമന്ത്രി
''കേന്ദ്രനിയമത്തിന് അനുസരിച്ചാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നത്. വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും.
-വീണാ ജോർജ്
ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |