SignIn
Kerala Kaumudi Online
Saturday, 25 March 2023 4.40 AM IST

കേട്ടനാൾ മുതൽ പോകണമെന്ന് ആഗ്രഹിച്ച സ്ഥലത്തേക്ക് മോഹൻലാൽ കൂടെക്കൂട്ടിയ ഒരേയൊരു രാമാനന്ദ്

mohanlal-with-r-ramanand

കേട്ടനാൾ മുതൽ ചെല്ലണമെന്ന് ആഗ്രഹിച്ച സ്ഥലത്തേക്ക് നടൻ മോഹൻലാൽ അടുത്തിടെ ഒരു യാത്ര നടത്തി. അസാമിലെ കാമാഖ്യാ ക്ഷേത്രത്തിലേക്കായിരുന്നു നടന വിസ്‌മയത്തിന്റെ ആ തീർത്ഥയാത്ര. തീർച്ചയായും വന്നു കാണേണ്ടതായ, അനുഭവിക്കേണ്ടതായ ഒരിടം എന്ന് ലാൽ വിശേഷിപ്പിച്ച കാമാഖ്യ. ഭാരതത്തിലെ തന്ത്ര പാരമ്പര്യത്തിന്റെ തൊട്ടിലായി കണക്കാക്കപ്പെടുന്ന കാമാഖ്യയിലേക്ക് ലാൽ കൂടെ കൂട്ടിയത് സുഹൃത്ത് രാമാനന്ദിനെയായിരുന്നു. ആ യാത്രയിൽ മോഹൻലാൽ കൈചേർത്തു നടന്ന രാമാനന്ദ് ആരാണ്? ആർ. രാമാനന്ദ് എന്ന റാമിനെ വരുംകാലത്ത് വായനക്കാർ അറിയാൻ പോകുന്നത് എഴുത്തുകാരൻ, തിരക്കഥാകൃത്ത്, യോഗാ പണ്ഡിതൻ, പ്രഭാഷകൻ എന്നിങ്ങനെയുള്ള നിലകളിലാകും. ആർ. രാമാനന്ദിന്റെ ജീവിതത്തിലൂടെ...

കുട്ടിച്ചാത്തൻ അയ്യപ്പൻ ശാസ്‌താവ് എന്ന പുസ്‌തകത്തിൽ നിന്നും തുടങ്ങാം?

കുട്ടിച്ചാത്തൻ അയ്യപ്പൻ ശാസ്‌താവ് എന്ന ആശയം നീണ്ടകാലം മനസിൽ സൂക്ഷിച്ചിരുന്ന ഒന്നായിരുന്നു. പിന്നീട് സൗഹൃദ സദസ്സുകളിൽ ചർച്ച ചെയ്യുകയും പുസ്‌തകരൂപത്തിലേക്ക് മാറ്റാമെന്ന് തീരുമാനിക്കുകയുമായിരുന്നു. ആ പരിണാമം അത്ര എളുപ്പം സംഭവിച്ചതല്ല. മനസിലെ ചിന്തകളെ ഗഹനമായ ഗവേഷണത്തിലേക്ക് കൊണ്ടുവരികയായിരുന്നു ആദ്യഘട്ടത്തിൽ ചെയ‌്തത്. ഗവേഷണത്തിന്റെ ഭാഗമായി മനസിലായി വന്ന കാര്യങ്ങൾ അടരുകളായാണ് പുസ്‌തകത്തിൽ ചേർത്തിട്ടുള്ളത്. മൂന്ന് വർഷം മുമ്പ് ഡിസി ബുക്ക്‌സാണ് പുസ്‌തകം പ്രസിദ്ധീകരിച്ചത്. ആദിമ ദ്രാവിഡ ആരാധനാശൈലി പ്രകാരം ശബരിമലയിൽ നിലനിന്നിരുന്ന ചാത്തൻ എന്ന മൂർത്തിയെ കുറിച്ചാണ് ആദ്യഘട്ടത്തിൽ പ്രതിപാദിക്കുന്നത്. പിന്നീട് അയ്യപ്പൻ എന്ന സങ്കൽപ്പം അവിടേക്ക് കടന്നുവരുന്നത് രണ്ടാം ഭാഗത്തിലും, തുടർന്ന് ശാസ്‌താവിലേക്കും എത്തുന്നരീതിയിലാണ് 'കുട്ടിച്ചാത്തൻ അയ്യപ്പൻ ശാസ്‌താവ്' വിഭാവനം ചെയ‌്തിട്ടുള്ളത്.

kutttichathan-ayyappan-sa

കഥകളിലേതുപോലെ വില്ലനാണോ കുട്ടിച്ചാത്തൻ?

വടക്കേ മലബാറിൽ കോലം കെട്ടിയാടുന്ന ദേവതാ സങ്കൽപ്പമാണ് കുട്ടിച്ചാത്തൻ. എന്നാൽ മദ്ധ്യകേരളത്തിലേക്ക് വരുമ്പോൾ കുട്ടിച്ചാത്തന് വില്ലൻ പരിവേഷമാണുള്ളത്. വീടിന് കല്ലെറിയുന്നവൻ, ഭക്ഷണത്തിൽ വിഷം കലർത്തുന്നവൻ എന്നിങ്ങനെയൊക്കെയാണ് അവിടങ്ങളിൽ കുട്ടിച്ചാത്തന് നൽകിയിട്ടുള്ള പരിവേഷം. എന്നാൽ ഇതൊന്നുമല്ല, കേരളത്തിന്റെ അടിസ്ഥാനപരമായിട്ടുള്ള ദേവതാ സങ്കൽപ്പമാണ് ചാത്തനും, നീലിയും എന്ന് ചരിത്രത്തിന്റെ പിന്തുണയോടെ സമർത്ഥിക്കുകയായിരുന്നു. പുസ്‌തകം ഇറങ്ങിയതിന് പിന്നാലെ ചില അനാവശ്യ വിവാദങ്ങളുണ്ടായെങ്കിലും ശബരിമലയുടെ അടിസ്ഥാന വിശ്വാസത്തെ കൂടുതൽ മിഴിവോടെ അവതരിപ്പിക്കാൻ ശ്രമിച്ചു എന്നുള്ളതാണ് കുട്ടിച്ചാത്തൻ അയ്യപ്പൻ ശാസ്‌താവ് എന്ന പുസ്‌തകത്തിന്റെ പ്രത്യേകത.

അയ്യപ്പന്റെ അമ്മയായി മാളികപ്പുറം മാറുന്നതെങ്ങനെയാണ്?

ശബരിമലയുമായി ബന്ധപ്പെട്ട് കാലാകാലങ്ങളായി പ്രചരിക്കുന്ന കഥയാണ് അയ്യപ്പന്റെ കാമുകിയാണ് മാളികപ്പുറത്തമ്മ എന്നത്. തികച്ചും തെറ്റാണത്. പന്തളം കൊട്ടാരത്തിന്റെ തന്നെ വീക്ഷണത്തിൽ മധുരൈ മീനാക്ഷിയാണ് മാളികപ്പുറത്തമ്മ. അയ്യപ്പന്റെ മാതൃഭാവത്തിലാണ് മാളികപ്പുറത്തമ്മ കുടികൊള്ളുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ ഒന്നിൽ അയ്യപ്പൻ മാളികപ്പുറത്തമ്മയെ നമസ്‌കരിക്കുന്ന ചടങ്ങുണ്ട്.

എന്നാൽ ചരിത്രസംബന്ധിയായ അന്വേഷണത്തിൽ, ഐരമലയിൽ കൊട്രവൈ എന്ന സംഘകാല ദേവതയാണ് മാളികപ്പുറത്തമ്മ. കൊട്രൈവയുടെ മകനായ ചാത്തനാണ് അയ്യപ്പൻ. അടുത്തകാലം വരെ മാളികപ്പുറം ക്ഷേത്രത്തിന് മുന്നിൽ അജബലി നിലനിന്നിരുന്നു. റാന്നി കുന്നേക്കാട്ട് കുറുപ്പന്മാരാണ് അത് ചെയ‌്തുകൊണ്ടിരുന്നത്. ഇന്നത് മാളികപ്പുറത്തുനിന്ന് മാറ്റി പമ്പയിൽ നടന്നു വരികയാണ്.

ramanand

എന്താണ് ക്രമകാളി സങ്കൽപം?

കേരളത്തിൽ നിലനിൽക്കുന്ന 13 ശാക്തേയ കാവുകളുണ്ട്. നീലേശ്വരത്തെ മന്നംപുറത്ത് കാവു മുതൽ തെക്കേയറ്റത്തെ മാന്നാർ പനയനാർക്കാവ് വരെയാണത്. കാശ്‌മീര ശൈവം എന്ന തന്ത്ര സംവിധാനത്തെയാണ് ഇവ പിന്തുടരുന്നത്. കാശ്‌മീരിലെ 12 കാളി ഭാവങ്ങളെയാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. ഒരുകാലത്ത് കാശ്‌മീരിൽ നിന്നും വന്ന ജനതയാണ് കേരളത്തിൽ ഈ ആരാധനാ മൂർത്തികളെ കൊണ്ടുവന്നത്. എന്നാൽ ജന്മമെടുത്ത കാശ്‌മീർ ദേശത്ത് ഇന്ന് ഈ ആരാധന സമ്പ്രദായമില്ല, കേരളത്തിൽ അത് അനുസ്യൂതം തുടരുകയും ചെയ്യുന്നു എന്നതാണ് ക്രമകാളി സങ്കൽപ്പവും കേരളവും തമ്മിലുള്ള ബന്ധം. വിദേശ യൂണിവേഴ്‌സിറ്റികളിൽ പലതും ഇതിനെ കുറിച്ച് പഠനം നടത്തുന്നുമുണ്ട്. അവർ പഠിക്കുന്ന തിയറിയുടെ പ്രായോഗികതലമാണ് കേരളത്തിലെ ഈ 13 കാവുകളിലും അനുഷ്‌ഠിക്കുന്നത്. ഇതുവരെയും തിരിച്ചറിയപ്പെടാത്ത വലിയൊരു നിധിയാണ് നമുക്ക് സ്വന്തമായിട്ടുള്ളത്. ലോകം അറിഞ്ഞു തുടങ്ങിയാൽ വിദേശത്തു നിന്നുള്ള ഗവേഷകരടക്കം ക്രമകാളി സങ്കൽപ്പത്തെ കുറിച്ച് പഠിക്കാൻ കേരത്തിൽ എത്തുമെന്നതിൽ സംശയം വേണ്ട.

kathanar-movie

കത്തനാർ എപ്പോൾ വരും?

രണ്ട് വർഷം മുമ്പ് തന്നെ 'കത്തനാർ' തിരക്കഥ പൂർത്തിയായിരുന്നു. വലിയൊരു സിനിമയായതുകൊണ്ട് അതിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു സിനിമയാക്കണമെന്ന് വിചാരിച്ച് എഴുതി തുടങ്ങിയതല്ല കത്തനാർ. കുട്ടിച്ചാത്തൻ എഴുതുന്ന കാലത്ത് അത്തരം മന്ത്രവാദ രീതികളുമായി ബന്ധമുള്ള ആളുകളുമായുള്ള ചർച്ചയ‌്ക്കിടെ ചില ഗ്രന്ഥങ്ങൾ കാണുകയുണ്ടായി. അങ്ങനെ കാണാൻ കഴിഞ്ഞ 'കടമറ്റത്തുവാഴും ഗുരുഭാവമേ' എന്ന വാക്കിൽ നിന്നാണ് കടമറ്റത്ത് കത്തനാരിലേക്ക് എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നമ്മൾ ഇതുവരെ കേൾക്കാത്ത അത്ഭുതകരമായ കാര്യങ്ങളാണ് കത്തനാരെ കുറിച്ച് അറിയാൻ കഴിഞ്ഞത്. പുസ്‌തകം എഴുതാം എന്ന ആശയം മനസിൽ കൊണ്ട് നടക്കുന്നതിനിടെയാണ് നടൻ ജയസൂര്യയോട് ആശയം പറയുന്നത്. അദ്ദേഹമാണ് നമുക്കിത് സിനിമയാക്കിക്കൂടെ എന്ന് ചോദിക്കുന്നത്.

കത്തനാർ സിനിമ ആകുന്നതിന് പിന്നിൽ തീർച്ചയായും ജയേട്ടന്റെ പ്രോത്സാഹനമുണ്ട്. കഥ കേട്ടപ്പോൾ തന്നെ കത്തനാരായി മാറണമെന്ന ആഗ്രഹം ജയേട്ടനുണ്ടായിരുന്നു. പിന്നീട് ആദ്ദേഹം നടത്തിയത് ഒരു സാധന തന്നെയായിരുന്നു. ഫിലിപ്പ്സ് ആന്റ് മങ്കിപെൻ സംവിധാനം ചെയ‌്തുകഴിഞ്ഞ സമയത്താണ് റോജിൻ തോമസിനോട് കത്തനാരെ കുറിച്ച് പറയുന്നത്. സിനിമയിൽ ഒരു സീൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ വളരെ മിടുക്കുള്ള അപൂർവം സംവിധായകരിൽ ഒരാളാണ് റോജിൻ.

jayasurya-ramanand-rojin

മോഹൻലാലിനൊപ്പമുള്ള യാത്രകൾ നൽകുന്ന അനുഭവം?

ഒടിയൻ ചിത്രീരണം നടക്കുന്ന വേളയിലാണ് ലാലേട്ടനുമായുള്ള സൗഹൃദത്തിന്റെ തുടക്കം. നല്ല സൗഹൃദങ്ങളെ എന്നും കാത്തുസൂക്ഷിക്കുന്നയാളാണ് അദ്ദേഹം. ചില യാത്രകൾ ഒരുപോലെ ഇഷ്ടപ്പെടുന്നവരുണ്ടാകുമല്ലോ? അത്തരത്തിൽ നടന്ന യാത്രയായിരുന്നു ലാലേട്ടനൊപ്പമുള്ള കാമാഖ്യാ തീർത്ഥാടനം. ഒരുപാട് കാലത്തെ ആലോചനകൾക്ക് ശേഷമാണ് അസാമിലെ കാമാഖ്യയാത്ര സംഭവിക്കുന്നത്. കൊവിഡ് പോലുള്ള പല കാരണങ്ങൾ നീട്ടിവച്ച ആ യാത്ര പെട്ടെന്നൊരുനാൾ യാഥാർത്ഥ്യമാവുകയായിരുന്നു. സ്പിരിച്വാലിറ്റി എന്ന വാക്ക് ഉയർന്ന അളവിൽ നിറഞ്ഞുനിൽക്കുന്നയാളാണ് മോഹൻലാൽ. ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യത്തെയും പോസി‌റ്റീവ് ആയി മാത്രം കാണാനാണ് അദ്ദേഹത്തിനിഷ്‌ടം.

mohanlal-ramanand

mohanlal-ramanand

യോഗ വിവിധ ഭാവങ്ങളിലുണ്ടല്ലോ? ഇതിൽ ഏതാണ് ഏറ്റവും അനുയോജ്യം?

എട്ടുവർഷത്തെ ഗവേഷണത്തിന് ശേഷം ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് യോഗ, ബയോമെഡിസിൻ എന്നീ വിഷയങ്ങളിൽ ഞാൻ ഡോക്‌ടറേറ്റ് നേടിയത്. ഇന്ത്യയിലെ യോഗയുടെ ആവിർഭാവവും വളർച്ചയുമൊക്കെയായിരുന്നു പഠന വിഷയം. മനുഷ്യനെയും പ്രകൃതിയേയും പരസ്‌പരം ചേർത്തുവയ‌്ക്കുന്ന അവസ്ഥയാണ് യോഗ. ശരിക്കും യോഗകൾ എന്ന് പറയുന്നതാണ് ശരി. പലതരത്തിലുള്ള യോഗകൾ ഭാരതത്തിലുണ്ടായിട്ടുണ്ട്. ആസനങ്ങളാണ് പൊതുവെ യോഗ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിൽ വരിക. അതല്ല യോഗ. ആസനം യോഗയുടെ ഒരു ഭാഗം മാത്രമാണ്. ആന്തരികമായിട്ടുള്ള സാധന, ധ്യാനം ഇതെല്ലാം യോഗയുടെ വിവിധങ്ങളായ ശാഖകളാണ്. ഇതിൽ ഏത് സ്വീകരിക്കണം എന്നത് വ്യക്തി തന്നെ തീരുമാനിക്കണം. അക്കാര്യത്തിൽ ഒരു ഗുരുവിന്റെ ഉപദേശം തേടാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: R RAMANAND, SIVAM MAGAZINE, MOHANLAL, MOHANLAL KAMAGHYA JOURNEY, RAMANAND WITH MOHANLAL, MOHANLAL KASHI, KASHIMEERA SHAIVAM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.