SignIn
Kerala Kaumudi Online
Friday, 03 February 2023 8.53 AM IST

ഗ്രിഡ് തകരാർ പരിഹരിച്ചു; പാകിസ്ഥാനിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു

pak

ഇസ്ളാമബാദ്: പാകിസ്ഥാനിൽ തിങ്കളാഴ്ച പവർഗ്രിഡിലുണ്ടായ തകരാറിനെ തുടർന്ന് ദേശവ്യാപകമായി നിലച്ച വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. ഗ്രിഡ് തകരാറിലായതോടെ കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് നേരിട്ടത്. തലസ്ഥാനമായ ഇസ്ലാമാബാദിലടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലും തിങ്കളാഴ്ച രാവിലെ മുതലാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. ഇസ്ലാമബാദ് ഇലക്ട്രിക് സപ്ലൈ കമ്പനിയുടെ 117 ഗ്രിഡ് സ്റ്റേഷനുകളിലേക്കുള്ള വൈദ്യുതി വിതരണമാണ് നിലച്ചത്. കറാച്ചി, ലാഹോർ, പെഷവാർ, ക്വെറ്റ തുടങ്ങിയ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം വൈദ്യുതി മുടങ്ങിയതോടെ ജനജീവിതം താറുമാറായി. ഓഫീസുകളുടെയും കടകളുടെയും പ്രവർത്തനം നിലച്ചു.

22 കോടി ജനങ്ങളാണ് വൈദ്യുതി മുടങ്ങുന്നതും നിയന്ത്രണവും മൂലം ബുദ്ധിമുട്ടുന്നത്. മൂന്ന് മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ഗ്രിഡ് തകരാണ് കഴിഞ്ഞ ദിവസമുണ്ടായത്. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു മേജർ ബ്രേക്ക് ഡൗൺ. ഇസ്ളാമബാദിലും ബലൂചിസ്ഥാന്റെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലും വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി ഊർജ്ജവകുപ്പുമന്ത്രി ദസ്തഗീർ അറിയിച്ചു.

ശൈത്യകാലമായതിനാൽ കുറച്ചു നാളായി രാജ്യത്ത് ഊർജ്ജ ഉത്പാദന സംവിധാനങ്ങൾ രാത്രി അടച്ചിടുകയായിരുന്നു പതിവ്. രാവിലെ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യും. ഇത്തരത്തിൽ രാവിലെ പ്രവർത്തനം തുടങ്ങിയപ്പോഴാണ് തെക്കൻ പാകിസ്ഥാനിലെ ഉത്പാദന യൂണിറ്റുകളിൽ ഫ്രീക്വൻസിയിലും വോൾട്ടേജിലും വ്യതിയാനം കണ്ടെത്തിയതും പ്രതിസന്ധിയുണ്ടായതും. 24 മണിക്കൂറിന് ശേഷമാണ് വൈദ്യുതി വിതരണം പൂർണ്ണമായി പുനഃസ്ഥാപിച്ചത്. വോൾട്ടേജ് അധികരിച്ചത് മൂലമാണ് ഗ്രിഡ് തകരാറിലായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പഴക്കമേറിയ വിതരണ സംവിധാനങ്ങളും ഉപകരണങ്ങളുമാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നതിന് കാരണമാകുന്നതെന്ന് വിദഗ്ദ്ധർ പറഞ്ഞു. കാലപ്പഴക്കമുള്ള വൈദ്യുതി വിതരണസംവിധാനങ്ങൾ നവീകരിക്കുകയാണ് പരിഹാരമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം സ്ഥിരീകരിച്ച ഊജ്ജ മന്ത്രി ഖുറം ദസ്തകീർ വൈദ്യുതി വിതരണമേഖല നവീകരിക്കാനായി നിക്ഷേപം നടത്താതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞു. മറ്റു രാജ്യങ്ങളുടെ സാമ്പത്തിക സഹായത്താൽ മുന്നോട്ടു പോകുന്ന രാജ്യത്തിന് അടിസ്ഥാന മേഖലകളിൽ നിക്ഷേപം നടത്താൻ കഴിയാതിരിക്കുന്നതിന്റെ ഫലമാണിത്. ഐ.എം.എഫിൽ നിന്ന് സഹായം ലഭിച്ചാൽ വൈദ്യുതി മേഖലയിലും നവീകരണത്തിനായി നിക്ഷേപം നടത്തുമെന്ന് മന്ത്രി പറഞ്ഞു. താമസിയാതെ ഊർജ്ജ ഓഡിറ്റിന് നടപടി സ്വീകരിക്കും. അടുത്ത മൂന്നു വർഷത്തിനിടെ കൂടുതൽ വിതരണശൃംഖലകൾ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റാൻഡ്‌ബൈ പവർ സിസ്റ്റങ്ങൾ ഉണ്ടായിരുന്നതിനാൽ എയർ പോർട്ടുകളുടെ പ്രവർത്തനം സാധാരണഗതിയിൽ നടന്നു. ജനറേറ്ററുകളുടെ സഹായത്തോടെയാണ് ഭൂരിഭാഗം ആശുപത്രികളിലും തീവ്രപരിചരണ വിഭാഗങ്ങൾ ഉൾപ്പെടെ പ്രവർത്തിച്ചത്. എന്നാൽ, ചെറുകിട ക്ലിനിക്കുകളെയും സ്ഥാപനങ്ങളെയും പവർകട്ട് കാര്യമായി ബാധിച്ചു. ലാഹോറിലെ ഓറഞ്ച് ലൈൻ മെട്രോയിൽ സർവീസുകൾ നിറുത്തിവച്ചിരുന്നു. വൈദ്യുതി വിതരണം തടസ്സപ്പെട്ടത് പാകിസ്ഥാനിലെ നൂറുകണക്കിന് മൊബൈൽ ഫോൺ ടവറുകളെയും ബാധിച്ചു. തിങ്കളാഴ്ച രാവിലെ 7.30ന് തെക്കൻ പാകിസ്ഥാനിൽ ഫ്രീക്വൻസിയിലുണ്ടായ വ്യതിയാനമാണ് ദേശീയ ഗ്രിഡ് തകരാറിന് കാരണമായത്. കൈകാര്യം ചെയ്യുന്നതിലെ പിഴവും അടിസ്ഥാന സൗകര്യത്തിലെ അപാകതകളും കാരണം പാകിസ്ഥാനിൽ പവർകട്ടുകൾ വ്യാപകമാണ്. കഴിഞ്ഞ ഒക്ടോബറിലുണ്ടായ വൈദ്യുത തടസ്സം മണിക്കൂറുകളെടുത്താണ് പരിഹരിച്ചത്. ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ മാളുകളും മാർക്കറ്റുകളും രാത്രി 8.30ന് അടയ്ക്കണമെന്നും സർക്കാർ ഓഫീസുകളിൽ ഊർജ്ജ ഉപഭോഗം 30 ശതമാനം കുറയ്ക്കണമെന്നും ഈ മാസം ആദ്യം സർക്കാർ ഉത്തരവിട്ടിരുന്നു. തെരുവുവിളക്കുകളിൽ പകുതിയും ഇപ്പോൾ തെളിയാറില്ല. വൈദ്യുതി ഉപഭോഗം കൂടിയ നിലവാരം കുറഞ്ഞ ഫാനുകളുടെ ഉത്പാദനം ജൂലായ് മുതൽ നിരോധിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, PAK
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.