കൊച്ചി: ഹിൻഡൻബർഗ് റിസർച്ച് പൊട്ടിച്ച ആരോപണ ബോംബുകളുടെ ആഘാതത്തിൽ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞെങ്കിലും വെള്ളിയാഴ്ച ആരംഭിച്ച തുടർ (ഫോളോഓൺ) ഓഹരിവില്പന (എഫ്.പി.ഒ) മുൻനിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. 20,000 കോടി രൂപയുടെ സമാഹരണം ഉന്നമിട്ട് അദാനി എന്റർപ്രൈസസിന്റെ എഫ്.പി.ഒയാണ് ആരംഭിച്ചത്.
സമാഹരണം ലക്ഷ്യംകണ്ടാൽ ഇന്ത്യയിലെ ഏറ്റവും വലിയ എഫ്.പി.ഒയാകും. 2020 ജൂലായിൽ യെസ് ബാങ്ക് സമാഹരിച്ച 15,000 കോടി രൂപയാണ് പഴങ്കഥയാവുക.
അദാനിയുടെ എഫ്.പി.ഒയിൽ വെള്ളിയാഴ്‌ച ഒരുശതമാനം റീട്ടെയിൽ നിക്ഷേപകർ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. 31 വരെയാണ് എഫ്.പി.ഒ. ഓഹരിവില്പന നീട്ടിവയ്ക്കാനും ഇഷ്യൂവില കുറയ്ക്കാനും ബാങ്കുകളിൽ നിന്ന് അദാനിക്കുമേൽ സമ്മർദ്ദമുണ്ട്. നിലവിൽ ഇഷ്യൂവില 3,112 രൂപയാണ്. വെള്ളിയാഴ്‌ച അദാനി എന്റർപ്രൈസസ് ഓഹരിവില വ്യാപാരാന്ത്യമുള്ളത് 2,761.45 രൂപയിൽ.
ഓഹരികളെ തീപിടിപ്പിച്ച ഹിൻഡൻബർഗ് റിസർച്ച്
നാഥൻ ആൻഡേഴ്‌സൺ (38) എന്ന അമേരിക്കക്കാരൻ 2017ലാണ് ഹിൻഡൻബർഗ് റിസർച്ചിന് തുടക്കമിട്ടത്. ഓഹരി, കടപ്പത്രം തുടങ്ങിയവയിലെ തട്ടിപ്പുകൾ വെളിച്ചത്തുകൊണ്ടുവരികയാണ് പ്രധാനലക്ഷ്യം.
1937ലെ ഹിൻഡൻബർഗ് വിമാനദുരന്തത്തിൽ നിന്ന് കടമെടുത്താണ് കമ്പനിക്ക് ആൻഡേഴ്‌സൺ ഹിൻഡൻബർഗ് റിസർച്ച് എന്ന് പേരിട്ടത്.
ഹിൻഡൻബർഗ് വിമാനദുരന്തം മനുഷ്യനിർമ്മിതമായിരുന്നു എന്ന വാദമുണ്ട്. 'ഓഹരികളിലെ മനുഷ്യനിർമ്മിത ദുരന്തങ്ങൾ" പുറത്തുകൊണ്ടുവരുകയാണ് ഹിൻഡൻബർഗിന്റെ ലക്ഷ്യം.
പേടിസ്വപ്‌നമായി ഷോർട്ട് സെല്ലിംഗ്
അദാനിക്കെതിരെ ആരോപണമുന്നയിച്ച ഹിൻഡൻബർഗ് 'ഷോർട്ട്സെല്ലിംഗ്" അധിഷ്‌ഠിതമായാണ് പ്രവർത്തിക്കുന്നത്. ഓഹരികൾ യഥാർത്ഥ ഉടമയിൽ നിന്ന് കടംവാങ്ങുകയും കൂട്ടത്തോടെ വിറ്റഴിച്ച് വിലയിടിക്കുകയും ചെയ്യുന്ന തന്ത്രമാണിത്. വില ഇടിഞ്ഞശേഷം വീണ്ടും വൻതോതിൽ വാങ്ങും. തുടർന്ന് യഥാർത്ഥ ഉടമയ്ക്ക് തിരികെനൽകി ലഭമെടുക്കും. അദാനിക്കുമേലും ഹിൻഡൻബർഗിന്റെ ഷോർട്ട്സെല്ലിംഗ് ഉണ്ടായെന്നാണ് സൂചനകൾ.
ഹിൻഡൻബർഗിന് ചില വൻകിട നിക്ഷേപകരുടെ പിന്തുണയുണ്ടെന്നും അവരാണ് ഷോർട്ട്‌സെല്ലിംഗിലൂടെ ലാഭംകൊയ്യുന്നതെന്നും ആരോപണങ്ങളുണ്ട്.
ആരോപണവും വെല്ലുവിളിയും
ഓഹരിവില പെരുപ്പിച്ച് കാട്ടുക, അത് ഈടുവച്ച് വായ്‌പയെടുക്കുക, കടലാസ് (ഷെൽ) കമ്പനികൾ ആരംഭിച്ച് പണംതിരിമറി നടത്തുക, നികുതിവെട്ടിക്കുക തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് അദാനിക്കുമേൽ ഹിൻഡൻബർഗ് പൊട്ടിച്ചത്.
ഇതോടെ അദാനി ഓഹരികളിൽ കനത്തവില്പന സമ്മർദ്ദമുണ്ടായി. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഓഹരികളിൽ നിന്ന് 4.18 ലക്ഷം കോടി രൂപയും കൊഴിഞ്ഞു. ലോക സമ്പന്നരിൽ രണ്ടാംസ്ഥാനത്തായിരുന്ന അദാനി ഏഴാംസ്ഥാനത്തായി.
ആരോപണങ്ങൾ അവാസ്തവമാണെന്നും എഫ്.പി.ഒ തകർക്കുകയാണ് ഹിൻഡൻബർഗിന്റെ ലക്ഷ്യമെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു. ഹിൻഡൻബർഗിനെതിരെ നിയമനടപടിയെടുക്കുമെന്നും വ്യക്തമാക്കി.
ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലും കേസ് കൊടുക്കണമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് ഹിൻഡൻബർഗ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |