SignIn
Kerala Kaumudi Online
Sunday, 04 October 2026 8.45 PM IST

വിഗ്രഹങ്ങളും ആഭരണങ്ങളും നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ പൂജാരി അറസ്റ്റിൽ

b

തൃശൂർ: പൂജ നടത്താനെന്നു പറഞ്ഞ് ക്ഷേത്ര ഭാരവാഹികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ആഭരണങ്ങൾ കൈക്കലാക്കുകയും ചെയ്ത് മുങ്ങിയ പൂജാരി അറസ്റ്റിൽ. ചിയ്യാരത്തുള്ള കുടുംബക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ നടത്തുന്നതിനും പുതിയ വിഗ്രഹങ്ങൾ, ഗോളക, ദേവിക്കുള്ള ആഭരണങ്ങൾ എന്നിവ നിർമ്മിച്ച് തരാമെന്നും പറഞ്ഞ് പല തവണകളിലായി പതിനാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ കൈപ്പറ്റി മുങ്ങിയ പുല്ലഴി ഒളരിക്കര രാഗേഷ് കുമാർ(45)നെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 2019 മുതൽ 2021 വരെയുള്ള കാലയളവിലാണ് പ്രതി ചിയ്യാരത്തുള്ള കുടുംബക്ഷേത്രത്തിൽ തന്ത്രിയായിരുന്നത്. പുതിയ വിഗ്രഹങ്ങൾ, വിഗ്രഹത്തിൽ ചാർത്താനുള്ള ആഭരണങ്ങൾ, ഗോളക തുടങ്ങിയ നിർമ്മിച്ച് തരാനാണ് ക്ഷേത്രത്തിലെ തന്ത്രി എന്ന നിലയിൽ പ്രതി പണവും ആഭരണങ്ങളും കൈപ്പറ്റിയിരുന്നത്. തുടർന്ന് വിഗ്രഹങ്ങളോ ആഭരണങ്ങളോ തരാതിരിക്കുകയും തരാനുള്ള തീയതി നീട്ടിക്കൊണ്ടു പോവുകയും ചെയ്തപ്പോഴാണ് ഭാരവാഹികൾക്ക് സംശയം തോന്നിയത്. തുടർന്നാണ് പണവും ആഭരണങ്ങളും തിരികെ ആവശ്യപ്പെട്ടത്. അതോടെ തന്ത്രി ഒളിവിൽ പോവുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു. തുടർന്ന് നിരന്തരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് മലപ്പുറം ജില്ലയുടെ അതിർത്തിയിൽ അണ്ടത്തോടുള്ള മറ്റൊരു ക്ഷേത്രത്തിൽ ശ്രീഹരി എന്ന കള്ളപ്പേരിൽ പൂജ ചെയ്യുന്നതായി അറിയാൻ കഴിഞ്ഞത്. പ്രതിയെ പൊലീസ് പിടികൂടാനായി എത്തിയ സമയം അവിടെനിന്നും മുങ്ങി. തുടർന്ന് രാത്രിയോടെ അമ്പലം അടയ്ക്കാൻ തിരികെ വന്നപ്പോഴാണ് വടക്കേക്കാട് പൊലീസിന്റെ കൂടി സഹായത്തോടെ നെടുപുഴ പൊലീസ് പ്രതിയെ പിടികൂടിയത്. നെടുപുഴ സി.ഐ: ടി.ജി. ദിലീപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ കെ.എ. തോമസ്, പൗലോസ്, ബാലസുബ്രഹ്മണ്യൻ, എ.എസ്.ഐ: രാംകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീനാഥ്, പ്രവീൺ, പ്രിയൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY