പാലക്കാട് : നാട്ടിലിറങ്ങി കോഴിയെ പിടിക്കാനെത്തിയ പുലി കോഴിക്കൂട്ടിൽ കുടുങ്ങി. അക്രമാസക്തനായ പുലിയെ മയക്കുവെടി വച്ച് പിടികൂടാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. മണ്ണാർക്കാട് മേക്കളപ്പാറയിൽ ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലിയുള്ളത്. കോഴിയെ ഭക്ഷിക്കാൻ എത്തിയ പുലി കൂട്ടിലെ വലയിൽ കുടുങ്ങുകയായിരുന്നു. എന്നാൽ അധികം ബലമില്ലാത്ത കൂടായതിനാൽ പുലി എപ്പോൾ വേണമെങ്കിലും രക്ഷപ്പെട്ടേക്കാം. പുലിയുടെ കൈയാണ് കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
നാട്ടുകാർക്ക് നിരന്തരം ശല്യമായി തീർന്ന വന്യജീവിയെ മയക്കുവെടി വച്ച് പിടിക്കാനാണ് വനം വകുപ്പ് ആലോചിക്കുന്നത്. ഇതിനായി ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ട് നിന്നും മണ്ണാർക്കാട്ടേക്ക് തിരിച്ചു. രാവിലെ ഒൻപത് മണിയോടെ മയക്കുവെടി വയ്ക്കാനായേക്കും. അതേസമയം പുലിയുടെ കൈ ഒടിഞ്ഞിട്ടുണ്ടോ എന്നും സംശയമുണ്ട്.
കോഴിക്കൂട്ടിൽ ബഹളം കേട്ട് രാത്രിയിൽ പുറത്തിറങ്ങിയ ഗൃഹനാഥൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കോഴിക്കൂട്ടിൽ അനക്കം കേട്ട് എത്തിയപ്പോഴാണ് പുലിയെ കണ്ടത്. പുലി ഫിലിപ്പിനു നേരെ ചാടി എത്തിയെങ്കിലും പെട്ടെന്ന് വീട്ടിൽ കയറി വാതിലടയ്ക്കുകയായിരുന്നു. ഈ പ്രദേശത്ത് നിന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്ന് പുലികളെ വനം വകുപ്പ് പിടികൂടിയിരുന്നു. വന്യമൃഗങ്ങൾ സ്ഥിരമായി കാടിറങ്ങി വരുന്നതിനാൽ ഇവിടെ ജനജീവിതം ദുസ്സഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |