തൊഴിലുടമകൾക്കും ആശങ്ക
കണ്ണൂർ: തൊഴിൽവകുപ്പും ഐ.ടി കമ്പനിയുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്ന് അന്യ സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന ആവാസ് ആരോഗ്യ ഇൻഷൂറൻസ് കാർഡ് വിതരണം നിലച്ചു. ജില്ലയിലെ തൊഴിലാളികൾക്കിടയിൽ കടുത്ത ആശങ്കയാണ് ഇത് ഉയർത്തിയിരിക്കുന്നത്..
കാർഡ് കാലാവധി കഴിഞ്ഞതോടെ ഇവരുടെ തൊഴിലുടമകളും ആശയക്കുഴപ്പത്തിലാണ്. അന്യസംസ്ഥാനതൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും തങ്ങൾക്ക് കടുത്ത സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നതാണ് ഇവരുടെ വാദം. പെരുമ്പാവൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന കണ്ണൂരിൽ ആവാസ് കാർഡ് പുനസ്ഥാപിക്കണമെന്നാണ് തൊഴിലാളികളും തൊഴിലുടമകളും ആവശ്യപ്പെടുന്നത്.
കുടുംബത്തിലെ ഓരോ അംഗത്തിനും ധനസഹായത്തിന് അർഹതയുള്ളതായിരുന്നു ആവാസ് കാർഡ്. തെഴിലുടമയുടെ കീഴിലല്ലാതെ പ്രവൃത്തിയെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കും പദ്ധതിയിൽ അംഗത്വം ലഭിച്ചിരുന്നു.സ്മാർട്ട് ഐ.ടി എന്ന കമ്പനിക്കായിരുന്നു ഇൻഷൂറസ് കാർഡ് രജിസ്‌ട്രേഷൻ ചുമതല. കൊവിഡിനെ തുടർന്ന് താൽകാലികമായി നിർത്തിവച്ച കാർഡ് വിതരണം 2022 മാർച്ചിൽ പുനരാരംഭിച്ചിരുന്നു. 174 പേർക്ക് കൂടി കാർഡ് നൽകി കഴിഞ്ഞ വർഷം ഡിസംബറോടെയാണ് പദ്ധതി നിലച്ചത്.
അപകടമരണത്തിന് 2 ലക്ഷം, ചികിത്സയ്ക്ക് കാൽലക്ഷം
അന്യ സംസ്ഥാന തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥലത്ത് ക്യാമ്പുകൾ നടത്തിയും കരാറുകാർ മുഖേന ഇവരെ ലേബർ ഓഫീസിൽ എത്തിച്ചുമായിരുന്നു നേരത്തെ രജിസ്‌ട്രേഷൻ നടത്തിയത്. അപകടമരണം സംഭവിച്ചാൽ കുടുംബത്തിനു രണ്ടുലക്ഷം രൂപയും ചികിത്സക്ക് 25,000 രൂപയും ഇതിലൂടെ ലഭിക്കും. കൊവിഡിന് മുമ്പായി വർഷം 28,945 പേർക്കാണു ജില്ലയിൽ ആവാസ് കാർഡ് ലഭിച്ചത്. ഇതിൽ ആറുപേർക്കു രണ്ടുലക്ഷം നൽകിയിട്ടുണ്ട്. തൊഴിലിനിടെ മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പ്രയാസപ്പെടുന്നവർക്ക് 500,00 രൂപ ആംബുലൻസ് വാടകയുമായി നൽകും.
ഒരു തൊഴിലാളിക്ക് ഒരു ഇൻഷുറൻസ് കാർഡ് എന്ന നിലയിലായിരുന്നു രജിസ്‌ട്രേഷൻ നടപടികൾ സ്വീകരിച്ചിരുന്നത്.
ചൂഷണം തടയാനും
കഴിഞ്ഞ വർഷം വർഷം ഏപ്രിലിലാണ് താവക്കര കണ്ണൂർ സർവകലാശാല റോഡിൽ കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങിയത്. തൊഴിലിടങ്ങളിൽ നേരിടുന്ന ചൂഷണങ്ങൾ, നിയമപരമായ പ്രശ്‌നങ്ങൾ, അവരുടെ അവകാശങ്ങൾ, ഇൻഷൂറൻസ് പരിരക്ഷകൾ തുടങ്ങി ഇവരുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങൾക്കും ഇവിടെ പരിഹാരമുണ്ടാകും. എന്നാൽ ഇതുവരെ ശമ്പള കുടിശിക സംബന്ധിച്ച കുറച്ച് പരാതികൾ മാത്രമാണ് ഇവിടെ എത്തിയതെന്ന് ഉദ്യോഗസ്ഥൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |