കണ്ണൂർ: കണ്ണൂർ, കാസർകോട് ജില്ലകളിലെ ജലാശയങ്ങളെ ബന്ധിപ്പിക്കുന്ന മലനാട് മലബാർ റിവർക്രൂയിസ് പദ്ധതിയുടെ ആദ്യഘട്ടമായ പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയായി.
മുത്തപ്പൻ ആൻഡ് മലബാറി കുസിൻ ക്രൂസ്, കണ്ടൽ ക്രൂസ്, തെയ്യം ക്രൂസ് എന്നീ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള റൂറൽ സർക്യൂട്ടുകളാണ് പദ്ധതിയിലുള്ളത്. 30 ബോട്ട് ജെട്ടി, ബോട്ട് റേസ് ഗ്യാലറി, ആർട്ടിസാൻസ് ആല, ഫുഡ് കോർട്, കുക്കിംഗ് ഡമോൺസ്‌ട്രേഷൻ സെന്റർ, തെയ്യം പെർഫോമിംഗ് യാർഡ്, മഡ്വാൾ മ്യൂസിയം, സൈക്കിൾ ട്രാക്ക്, ഏറുമാടം തുടങ്ങിയവ ഉൾപ്പെടും.
ബോട്ട് ജെട്ടി പ്രവൃത്തികൾ ഉൾനാടൻ ജലഗതാഗത വകുപ്പും കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡുമാണ് (കെൽ) ചെയ്യുന്നത്. ടി.വി.മധുകുമാറിന്റെ നേതൃത്വത്തിലുള്ള എം.കുമാർ ആർകിടെക്ട് സ്ഥാപനമാണ് പദ്ധതിയുടെ കൺസൽട്ടന്റ് ആർകിടെക്ട്.
മാഹി, അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം, പെരുമ്പ, തേജസ്വിനി പുഴകളിലായി 17 ടെർമിനലുകളുടെയും ബോട്ട് ജെട്ടി, വാക് വേ, ടോയ്ലറ്റ് എന്നിവയുടെയും നിർമ്മാണം പുരോഗമിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിൽ 40.82 കോടി രൂപയുടെയും കാസർകോട് 12.25 കോടിയുടെയും പ്രവൃത്തികൾക്കാണ് അനുമതി ലഭിച്ചത്.
സഞ്ചാരികളെ മാടിവിളിച്ച്...
നിരവധി ടൂറിസം സ്പോട്ടുകളാണ് സമീപകാലത്തായി ജില്ലയിൽ കണ്ടെത്തിയിട്ടുള്ളത്. പൊന്ന്യം ഏഴരക്കണ്ടം, ധർമ്മടം തുരുത്ത്, കൊളച്ചേരി നണിയൂർ കല്ലിട്ടകടവ്, പെരളശേരി ചെറുമാവിലായി പുഴയോരം, മയ്യിൽ മുല്ലക്കൊടി നണിശേരിക്കടവ്, മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രം, പാപ്പിനിശേരി ഭഗത്‌സിംഗ് ദ്വീപ്, കണ്ണാടിപ്പറമ്പ്, കാക്കത്തുരുത്തി, പുല്ലൂപ്പിക്കടവ്, ചെങ്ങളായി തേറളായി ദ്വീപ്, കിരാത്ത്, പേരാവൂർ മയിലാടുംപാറ, ചെറുപുഴ തിരുനെറ്റി, കൊട്ടത്തലച്ചി, ചപ്പാരപ്പടവിലെ തടിക്കടവ് ,പന്ത്രണ്ടാംചാൽ പക്ഷിസങ്കേതം, പട്ടുവം കാവിൻമുനമ്പ്, കൂത്താട്, മംഗലശേരി, മുതുകട, ഇരിക്കൂർ ടൗൺ സ്‌ക്വയർ, പുഴയോര സായാഹ്ന പാർക്ക്, മുണ്ടേരി മുണ്ടേരിക്കടവ്, മാലൂർ പുരളിമല, പാലുകാച്ചിപ്പാറ, മൊകേരി വള്ള്യായിക്കുന്ന്, കൂരാറ, ചിറക്കൽ പത്തായച്ചി, തൈക്കണ്ടിച്ചിറ, പായം പെരുമ്പറമ്പ്, അകംതുരുത്തി ദ്വീപ്, കാങ്കോൽ– ആലപ്പടമ്പിലെ ഹരിതീർഥക്കര, കടന്നപ്പള്ളി കാരാക്കുണ്ട് വെള്ളച്ചാട്ടം, അഞ്ചരക്കണ്ടിപ്പാളയം മൂഴി പ്രദേശം, കൊട്ടിയൂർ പാലുകാച്ചി, കണ്ണപുരം ആയിരംതെങ്ങ്– അയ്യോത്ത്, ഉദയഗിരി തിരുനെറ്റിക്കല്ല്, ഇയ്യാഭരണി തുരുത്ത്, വൈക്കമ്പ, കുഞ്ഞിമംഗലം കണ്ടംകുളങ്ങര കടാങ്കോട്ട് മാക്കം തറവാട്, പെരുമ്പപ്പുഴ കണ്ടൽഗ്രാമം, മാങ്ങാട്ടിടം പച്ചത്തുരുത്ത്, കരിവെള്ളൂർ കുണിയൻ, തില്ലങ്കേരി മച്ചൂർമല ചിത്രവട്ടം, ചിറ്റാരിപ്പറമ്പ് വില്ലൂന്നിപ്പാറ, പെരിങ്ങോം വയൽക്കുളം, കുറുമാത്തൂർ വണ്ണത്താൻമാട്, കോട്ടുപുറം കടവ്, അഴീക്കോട്ടെ ചാൽ, മീൻകുന്ന് ബീച്ചുകൾ, പന്ന്യന്നൂരിലെ പൊന്ന്യം അരിയരപ്പൊയിൽ ചാടാല പുഴയോരം, മലപ്പട്ടത്തെ മുനമ്പുകടവ്, എരഞ്ഞോളി കാളിയിൽ, കുറ്റിയാട്ടൂരിലെ ഉളുമ്പക്കുന്ന്, അയ്യൻകുന്നിലെ കളിതട്ടുംപാറ, ഉളിക്കലിലെ കാലാങ്കി, പയ്യാവൂരിലെ ശശിപ്പാറ, കേളകത്തെ പാലുകാച്ചി, കണ്ടംതോട് കണിച്ചാർ ഏലപ്പീടിക എന്നിവയാണ് കണ്ണൂരിലെ പുതിയ വിനോദസഞ്ചാര ഇടങ്ങൾ. ( തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |