SignIn
Kerala Kaumudi Online
Monday, 07 July 2025 3.42 AM IST

ജില്ലാസെക്രട്ടറിയാകുന്നത് തടയാൻ വിജയകുമാറും കടകംപള്ളിയുമടക്കം ശ്രമിച്ചെന്ന് പിരപ്പൻകോട് മുരളി; കൃഷ്ണപിള്ള പ്രതിമാസ്ഥാപനത്തിന് തടയിടാനും ശ്രമമുണ്ടായി

Increase Font Size Decrease Font Size Print Page
pirappancode

തിരുവനന്തപുരം: വിഭാഗീയത കത്തി നിന്ന 2006ൽ തന്നെ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയാക്കാതിരിക്കാൻ എം. വിജയകുമാറും കടകംപള്ളി സുരേന്ദ്രനും ആനാവൂർ നാഗപ്പനുമടക്കമുള്ളവർ അണിയറയിൽ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പിരപ്പൻകോട് മുരളിയുടെ ആത്മകഥ. പിണറായി വിജയന്റെ പിന്തുണ ആ ഘട്ടത്തിൽ തനിക്കുണ്ടായിയെന്നും പ്രസാധകൻ മാസികയിൽ പ്രസിദ്ധീകരിച്ചുവരുന്ന ആത്മകഥയിൽ പിരപ്പൻകോട് മുരളി പറയുന്നു.

സി.പി.എം ജില്ലാ കമ്മിറ്റി ആസ്ഥാനത്ത് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനേതാക്കളിൽ പ്രമുഖനായ പി. കൃഷ്ണപിള്ളയുടെ അർദ്ധകായ പ്രതിമ അദ്ദേഹത്തിന്റെ ജന്മശതാബ്ദിവർഷത്തിൽ സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ സ്ഥിരം എതിർപ്പുകാരായ സഖാക്കൾ അത് കാട്ടായിക്കോണം ശ്രീധറിനെ താഴ്ത്തിക്കെട്ടാനുള്ള ഏർപ്പാടെന്ന് പറഞ്ഞ് തന്നെ നേരിട്ടുവെന്നും വെളിപ്പെടുത്തലുണ്ട്. തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് മൂലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രതിമ സ്ഥാപിക്കാനും മറ്റ് പരിപാടികൾ നടത്താനും ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

എം. വിജയകുമാറിനെതിരെ ഗുരുതരമായ ആരോപണമാണ് പിരപ്പൻകോട് ഉയർത്തുന്നത്. തിരഞ്ഞെടുപ്പിൽ ഒരാൾ തുടർച്ചയായി രണ്ട് തവണ മത്സരിച്ചാൽ മൂന്നാമത് മത്സരിക്കേണ്ടെന്ന മാനദണ്ഡം 1996ൽ പാർട്ടി വച്ചു. 1987 മുതൽ തുടർച്ചയായി മത്സരിച്ച് വിജയിച്ച എം. വിജയകുമാറിന് 2001ൽ പരാജയപ്പെട്ടതോടെ, അഞ്ചാം തവണയും മത്സരിക്കാൻ ഇളവ് കിട്ടുമെന്ന പ്രതീക്ഷയില്ലായിരുന്നു. വാമനപുരത്ത് തുടർച്ചയായി രണ്ട് തവണ വിജയിച്ച പിരപ്പൻകോടിന് മൂന്നാമതും മത്സരിക്കാൻ ഇളവിന് സംസ്ഥാനകമ്മിറ്റിയിൽ പാർട്ടി ജില്ലാകമ്മിറ്റി ആവശ്യപ്പെടാമെന്ന് വിജയകുമാർ പറഞ്ഞു. താൻ മൂന്നാമത് മത്സരിക്കില്ലെന്ന് തീർത്തുപറഞ്ഞപ്പോൾ എങ്കിൽ താൻ ഇളവിന് ശ്രമിക്കാമെന്നും പകരം ജില്ലാസെക്രട്ടറിയാവണമെന്നും അദ്ദേഹം തന്നോട് ആവശ്യപ്പെട്ടു.

സ്ഥാനാർത്ഥിപട്ടിക വന്നപ്പോൾ തനിക്കും വിജയകുമാറിനും ഇളവ് കിട്ടിയെങ്കിലും താൻ മത്സരിക്കാനില്ലെന്ന് സംസ്ഥാനകമ്മിറ്റിയിൽ ഉറപ്പിച്ച് പറഞ്ഞു. വിജയകുമാർ മത്സരിക്കാൻ തീരുമാനിച്ചു. സ്ഥാനാർത്ഥിയായി നോമിനേഷൻ സമർപ്പിച്ചിട്ടും വിജയകുമാർ സെക്രട്ടറിയായി തുടർന്നു. ഒടുവിൽ സംസ്ഥാനസെക്രട്ടറി പിണറായി വിജയനിടപെട്ടാണ് ജില്ലാകമ്മിറ്റി വിളിച്ച് പകരം സെക്രട്ടറിയെ തിരഞ്ഞെടുത്തത്. തന്നോട് സെക്രട്ടറിയാവണമെന്ന് ആവശ്യപ്പെട്ട വിജയകുമാർ ആ യോഗത്തിൽ ആർ. പരമേശ്വരൻപിള്ളയുടെ പേര് നിർദ്ദേശിച്ചത് അമ്പരപ്പിച്ചു. അദ്ദേഹത്തിന് പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ച് ഒഴിവാക്കിയപ്പോൾ പകരം പിണറായി തന്റെ പേര് നിർദ്ദേശിച്ചു. എന്നാൽ ജില്ലാ സെക്രട്ടറിയുടെ മുറിയുടെ താക്കോലോ ഡി.സിയുടെ കാറോ ഡ്രൈവറെയോ വിജയകുമാർ തന്നില്ല. ഡി.സി ഓഫീസിലെ പഴയ കാർ പകരം ഡ്രൈവറെ വച്ച് ഓടിക്കേണ്ടിവന്നു.

വി.എസിന്റെ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ട വിഷയത്തിൽ താനും ജില്ലയിലെ ഭൂരിപക്ഷം പേരുമെടുത്ത നിലപാടിനോട് പലർക്കും വിയോജിപ്പുണ്ടായിരുന്നെങ്കിലും അതേറ്റവും ശക്തിയായി പ്രകടിപ്പിച്ചത് വിജയകുമാറായിരുന്നു. വോട്ടെടുപ്പിന് പിറ്റേദിവസം തന്നെ വിജയകുമാർ സെക്രട്ടറിസ്ഥാനം തന്നിൽ നിന്ന് തിരിച്ചെടുത്തു. വി.എസ് സർക്കാർ അധികാരമേറ്റപ്പോൾ വിജയകുമാർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷവും സെക്രട്ടറിസ്ഥാനം ഒഴിഞ്ഞില്ല. സംസ്ഥാനനേതൃത്വത്തിന് വീണ്ടും ഇടപെടേണ്ടി വന്നു. കടകംപള്ളി സുരേന്ദ്രനും ആനാവൂർ നാഗപ്പനും ജില്ലയിലെ വി.എസ് വിരുദ്ധരുമായി ചേർന്ന് താൻ സെക്രട്ടറിയാവാതിരിക്കാൻ അവസാനശ്രമം നടത്തി. ജില്ലാകമ്മിറ്റിയുടെ തലേന്ന് അർദ്ധരാത്രി വിജയകുമാർ തന്നെ വിളിച്ച് പാർട്ടിയുടെ ഐക്യം കാക്കാൻ സെക്രട്ടറിസ്ഥാനത്തേക്ക് മത്സരിക്കരുതെന്നും ജില്ലാകമ്മിറ്റിയിൽ തിരഞ്ഞെടുപ്പുണ്ടായാൽ തോൽക്കുമെന്നും താക്കീതിന്റെ സ്വരത്തിൽ മുന്നറിയിപ്പ് തന്നു.

ജില്ലാകമ്മിറ്റിയിൽ നടന്ന വോട്ടെടുപ്പിൽ പരമേശ്വരൻപിള്ളയെ തോല്പിച്ച് പിരപ്പൻകോട് ജില്ലാസെക്രട്ടറിയായതിന്റെ കേരളകൗമുദി വാർത്തയും പിരപ്പൻകോട് ഉദ്ധരിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ സെക്രട്ടറിപദത്തിൽ നിന്നുള്ള രാജിസന്നദ്ധത അറിയിച്ചപ്പോൾ സംസ്ഥാനസെക്രട്ടറിയായിരുന്ന പിണറായി വിജയൻ സമ്മേളനത്തിന് തൊട്ടുമുമ്പുള്ള രാജി ഭീരുത്വമാണെന്നും പറയാനുള്ളത് ധീരതയോടെ സമ്മേളനത്തെ അഭിമുഖീകരിച്ച് പറയുന്നതാണ് ഭംഗിയെന്നും അവിടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നുമുള്ള പിണറായിയുടെ വാക്കുകൾ തനിക്ക് ധൈര്യം തന്നുവെന്നും പിരപ്പൻകോട് വിശദീകരിക്കുന്നു.

TAGS: PIRAPPANCODE MURALI, CPM DIST SECTRY, TVM CPM, M VIJAYAKUMAR, KADAKAMPALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.